അധിനിവേശത്തിനെതിരേ വേണ്ടത് പ്രതിരോധം
അധിനിവേശത്തിനെതിരേ വേണ്ടത് പ്രതിരോധം
ഫാത്തി നെമെര്‍
ഫലസ്തീന്‍ ജനതയെ ചൂഴ്ന്നുനില്‍ക്കുന്ന ഇസ്‌റാഈലിന്റെ അധിനിവേശവും കിരാതഭരണവും ആരംഭിച്ചിട്ട് ദശകങ്ങളായി. ഇസ്‌റാഈല്‍ അധിനിവേശത്തിനു കീഴിലുള്ള ഫലസ്തീനിലുടനീളം ജനങ്ങളുടെ അവകാശങ്ങളെ ലംഘിക്കുന്ന, പുറംലോകമറിയാത്ത നിരവധി യുദ്ധക്കുറ്റങ്ങളാണ് ഇന്നും തുടര്‍ന്നുപോരുന്നത്. ഗസ്സ മുനമ്പിനെ പൂര്‍ണ അധിനിവേശത്തിനു കീഴിലാക്കാന്‍ ശ്രമിക്കുന്നതോടൊപ്പം തന്നെ, തങ്ങളുടെ കിരാതഭരണം തുടരുന്നതിനായി പുല്ലരിഞ്ഞു തള്ളുന്നതുപോലെ, ഫലസ്തീന്‍ ജനതയോടുള്ള വിധ്വംസകപ്രവൃത്തികളും ഇസ്‌റാഈലിന്റെ ഭാഗത്തുനിന്നു തുടര്‍ന്നുപോരുന്നുണ്ട്. വംശീയ ഉന്മൂലനമെന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് ഫാസിസ്റ്റ് സ്വഭാവത്തിലുള്ള ഇസ്‌റാഈല്‍ ഭരണകൂടം പ്രവര്‍ത്തിക്കുന്നത്. അവരുടെ ഹീനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കുന്നതിനുവേണ്ടി സമ്മര്‍ദം ചെലുത്താന്‍ ബാധ്യസ്ഥരായ അന്താരാഷ്ട്ര സമൂഹം ഇസ്‌റാഈലിനു പ്രോത്സാഹനം നല്‍കുന്നതായാണ് നാം കാണുന്നത്.
ഒക്ടോബര്‍ ഏഴിനു ഹമാസിന്റെ ഭാഗത്തു നിന്നുണ്ടായ ആക്രമണം ഇസ്‌റാഈല്‍ ഭരണകൂടത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഫലസ്തീനികളുടെ ഭാഗത്തുനിന്ന് ഇത്തരമൊരു പ്രതിരോധത്തിലൂന്നിയപ്രതികരണമുണ്ടായപ്പോള്‍ ഉയര്‍ന്നുകേട്ടത് ഹമാസ് നടത്തിയ ഹിംസയേയും ആക്രമണത്തെയും അപലപിക്കുന്ന സ്വരങ്ങള്‍ മാത്രമായിരുന്നു. സമാധാനത്തേയും അഹിംസയേയും കുറിച്ച് വാതോരാതെ സംസാരിക്കുന്ന ലോകസമൂഹത്തെയാണ് അപ്പോള്‍ കണ്ടത്. അല്ലെങ്കിലും അടിച്ചമര്‍ത്തപ്പെട്ടവര്‍ അധിനിവേശ ശക്തികളോട് പ്രതികരിക്കുകയോ പ്രതിരോധിക്കുകയോ ചെയ്യുമ്പോള്‍ മാത്രം ഉയര്‍ന്നുകേള്‍ക്കുന്ന വായ്ത്താരിയാണ് അഹിംസയും സമാധാനവുമൊക്കെ. ഇസ്‌റാഈല്‍ ഒരുക്കിയ അവകാശനിഷേധത്തിന്റെ തടങ്കല്‍ കൂടുകളില്‍ ജീവിക്കാന്‍ ഇനി ഞങ്ങള്‍ ഒരുക്കമല്ലെന്നുള്ള വിസമ്മതമാണ് ഹമാസിന്റെ ഭാഗത്തു നിന്നുണ്ടായ സായുധ പ്രതിരോധം. ഇസ്‌റാഈലികള്‍ കൊല്ലപ്പെട്ടാലും ഇല്ലെങ്കിലും ഫലസ്തീനികള്‍ വിമര്‍ശിക്കപ്പെടുകയും തെറ്റുകാരായി ചിത്രീകരിക്കപ്പെടുകയും ചെയ്യാതെ ഫലപ്രദമായൊരു ഫലസ്തീന്‍ പ്രതിരോധം സാധ്യമല്ല.
ബഹിഷ്‌കരണം, നിസ്സഹകരണം, ഉപരോധം എന്നിവ സംയോജിപ്പിച്ചു കൊണ്ടുള്ള ബി.ഡി.എസ് പ്രചാരണങ്ങള്‍ ഫലസ്തീനില്‍ നിന്നുണ്ടായപ്പോള്‍ പോലും വന്‍തോതിലുള്ള പരിഹാസങ്ങളായിരുന്നു ഫലസ്തീന്‍ സമൂഹം നേരിട്ടത്. ഇത്തരം പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നാസികളുടെ പ്രചാരണ വിദ്യയാണെന്നു പോലും വിമര്‍ശനങ്ങളുയര്‍ന്നു. ഇവ്വിധത്തിലുള്ള പ്രചാരണങ്ങള്‍ ഇല്ലാതാക്കുന്നതിനായി അമേരിക്ക നിയമങ്ങള്‍ വരെ കൊണ്ടുവന്നു.
2018ല്‍ ഗസ്സന്‍ സമൂഹം നിരായുധരായി ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ എന്ന പേരില്‍ ഒരു ജാഥ സംഘടിപ്പിച്ചു. തങ്ങളുടെ ദേശത്തിനു മേലുള്ള അധിനിവേശത്തെ ചോദ്യം ചെയ്യുകയും സ്വദേശത്തേക്ക് മടങ്ങിവരാനുള്ള അവകാശത്തിനും വേണ്ടിയായിരുന്നു ആ ജാഥ. എന്നാല്‍ ഈ നിരായുധ സമാധാന ജാഥയെ കലാപമാക്കിയാണ് ഇസ്‌റാഈല്‍ ഭരണകൂടം ചിത്രീകരിച്ചത്. ജാഥയില്‍ പങ്കെടുത്തവരെ സ്‌നൈപര്‍ തോക്കുകളുപയോഗിച്ച് ഇസ്‌റാഈല്‍ നേരിട്ടു. ഈ ജാഥയില്‍ പങ്കെടുത്ത മുന്നൂറോളം ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഈ സംഭവത്തോടെ ഒരു തലമുറയെ തന്നെ അശേഷം നിശബ്ദമാക്കാന്‍ ഇസ്‌റാഈല്‍ ഭരണകൂടത്തിനു സാധിച്ചു. യാതൊരു കുറ്റകൃത്യങ്ങളിലും ഏര്‍പ്പെടാത്ത നിരവധി പേരെയാണ് ഇസ്‌റാഈല്‍ തടങ്കലിലാക്കിയിരിക്കുന്നത്. ഇവര്‍ക്ക് വിചാരണയോ നിയമസഹായമോ ലഭിക്കുന്നില്ല. തങ്ങളനുഭവിക്കുന്ന അവകാശ നിഷേധങ്ങളോട് ഉപവാസമിരുന്ന് പ്രതിഷേധിക്കുന്നതുപോലും ഭീകരപ്രവര്‍ത്തനമായാണ് ഇസ്‌റാഈല്‍ പുറം ലോകത്തെത്തിക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ ചെയ്യാവുന്ന ന്യായവും ലോകമാകെ അംഗീകരിക്കുന്ന വസ്തുതയുമാണ് അന്താരാഷ്ട്ര കോടതിയെ സമീപിക്കുക എന്നത്. ആ ആവശ്യംപോലും നിഷ്‌കരുണം തള്ളുകയാണ് ഇസ്‌റാഈല്‍. സമരമുറകളെയും പ്രതിരോധങ്ങളെയും നിയമവിധേയമെന്നും നിയമവിരുദ്ധമെന്നും വേര്‍തിരിച്ചു കാണിക്കുന്നതിനായല്ല ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്.
പൊതുവില്‍, സമാധാനപരവും അഹിംസാധിഷ്ഠിതവുമായി കരുതിപ്പോരുന്ന പ്രതിരോധ മാര്‍ഗങ്ങളെ തികച്ചും നിരായുധമായി ഫലസ്തീനികള്‍ പ്രയോഗിക്കുമ്പോള്‍ അതുപോലും തീവ്രവാദ പ്രവര്‍ത്തനമായാണ് ഇസ്‌റാഈലും അവരെ പിന്തുണക്കുന്ന ലോകവും ചിത്രീകരിക്കുന്നത്. ഇതില്‍നിന്ന് വ്യക്തമാകുന്നത് ഫലസ്തീനികള്‍ ഏതു സമരമാര്‍ഗം പിന്തുടര്‍ന്നാലും അതെല്ലാം നിശിതവിമര്‍ശനങ്ങള്‍ക്ക് പാത്രമാവുമെന്നാണ്. അതിനര്‍ഥം, ഇസ്‌റാഈലിനു വിരോധമുള്ളത് സമരമാര്‍ഗത്തോടല്ല അതു ചെയ്യുന്നവരോടാണ് എന്നുള്ളതാണ്.
ഐക്യദാര്‍ഢ്യം എന്നുള്ളതിന്റെ പാരമ്യത്തിലെത്തി നില്‍ക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. അനേകായിരം മൃതശരീരങ്ങളോട് ഐക്യദാര്‍ഢ്യപ്പെടുക എന്നുള്ളത് എളുപ്പമാണ്. പ്രത്യേകിച്ച് കാലാകാലങ്ങളായി എല്ലാം ഇന്നല്ലെങ്കില്‍ നാളെ ശരിയാവും എന്നു പ്രതീക്ഷിച്ച് എല്ലാം സഹിച്ച് ഇത്രയിടം വരെയെത്തിയ ജനതയോട്. സഹനത്തിനും ക്ഷമയ്ക്കുമെല്ലാം ഉദാത്തമായ ഭാവമുണ്ടെന്നതും ശരി തന്നെ. എന്നാല്‍ കാലാകാലവും ഫലസ്തീനികള്‍ എല്ലാം സഹിച്ച് പൊറുക്കണമെന്നും എന്നാല്‍ ഈ ദുരിതങ്ങള്‍ക്കെല്ലാം അറുതിവരുമെന്നും ഒരു സുരക്ഷിതസ്ഥാനത്തിരുന്ന് ചിന്തിക്കാന്‍ എളുപ്പമാണ്. ഇനി ഫലസ്തീനികളുടെ പ്രതിരോധത്തിലേക്കു വരാം. സങ്കല്‍പ്പത്തിന്റെ തലത്തില്‍നിന്ന് പ്രതിരോധത്തെക്കുറിച്ച് ചിന്തിക്കാന്‍ എളുപ്പമാണ്. ഫലസ്തീനികളാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതെങ്കില്‍ പ്രതിരോധത്തെ സംബന്ധിച്ച എല്ലാ കാല്‍പനികാശയങ്ങളെയും തൃപ്തിപ്പെടുത്തുന്ന ആരെയും വേദനിപ്പിക്കാത്ത, അന്താരാഷ്ട്ര നിയമങ്ങളോട് ചേര്‍ന്നുപോവുന്ന, ജോലിയെയും ഔദ്യോഗിക പദവിയെയും ബാധിക്കാത്ത വിധത്തിലുള്ള, മതേതരമായ എന്നാല്‍ ഇടതുപക്ഷത്തോടു ചേരാത്ത ഒരു പ്രതിരോധമാണ് ലോകം പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഞങ്ങള്‍ക്കു വേണ്ട പ്രതിരോധം, ഞൊടിയിടയില്‍ ഞങ്ങളെ ചൂഴ്ന്നുനില്‍ക്കുന്ന അധിനിവേശ സംവിധാനത്തെ തകര്‍ത്തു കളയുന്ന ഒന്നാണ്.
അധിനിവേശവും വര്‍ഷങ്ങളായി ഫലസ്തീനു മേല്‍ ദുരിതം വിതയ്ക്കുന്ന ഭരണസംവിധാനവും അരോചകവും വിരൂപവുമാണെന്നതില്‍ സംശയമില്ല. ഇസ്‌റാഈല്‍ വിവേചനത്തില്‍ അധിഷ്ഠിതമായ അധീശത്വരാഷ്ട്രമാണ് എന്ന ബോധ്യമുണ്ടായിരിക്കെ, അത് നല്‍കുന്ന എല്ലാ ദുരിതങ്ങളും അനുഭവിച്ചുകൊണ്ട് വീണ്ടും എല്ലാവരെയും തൃപ്തിപ്പെടുത്തുന്നൊരു പ്രതിരോധമുറയെക്കുറിച്ച് ചിന്തിക്കുന്നത് വ്യര്‍ഥമാണ്. അപകോളനീകരണം എന്നത് അക്കാദമികമായൊരു പരീക്ഷണമല്ല. പകരം, അള്‍ജീരിയയും ഹെയ്തിയും വിയറ്റ്‌നാമും അവിടങ്ങളില്‍ സംഭവിച്ചതുമാണ് അപകോളനീകരണം എന്നു ലോകം ഇനിയെങ്കിലും മനസ്സിലാക്കേണ്ടതുണ്ട്.
നക്ബക്കുശേഷം ഫലസ്തീന്‍ കാണാത്ത വിധത്തിലുള്ള തീവ്രമായ വംശഹത്യാ സംഭവങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. 4200ലധികം പേര്‍ കൊല്ലപ്പെട്ടതില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്. ബോംബാക്രമണത്തില്‍ മതിവരാതെ ഇസ്‌റാഈല്‍ സൈന്യം വെള്ളവും ഭക്ഷണവും മറ്റെല്ലാ ജീവസ്രോതസ്സുകളും തടഞ്ഞിരിക്കുന്നു. ആശുപത്രി ജീവനക്കാര്‍ ദാഹമകറ്റാന്‍ ഐ.വി ദ്രാവകങ്ങള്‍ ഉപയോഗിക്കുന്ന സാഹചര്യത്തോളം കാര്യങ്ങളെത്തിയിരിക്കുന്നു. 24 മണിക്കൂറിനകം വടക്കന്‍ ഗസ്സയില്‍നിന്ന് തെക്കന്‍ ഗസ്സയിലേക്ക് പലായനം ചെയ്യാനുള്ള മുന്നറിയിപ്പ് ഇസ്‌റാഈല്‍ പുറപ്പെടുവിച്ചിട്ടുണ്ട്. തലമുറകളായി ഫലസ്തീന്‍ ജനതക്കു പരിചയമില്ലാത്ത മറ്റൊരു കൂട്ടപ്പലായനത്തിലേക്ക് ഇതു വഴിവെക്കും. എന്നാല്‍ തെക്കന്‍ ഗസ്സയിലേക്ക് നീങ്ങുന്ന ആള്‍ക്കൂട്ടങ്ങള്‍ക്ക് നേരെയും ആക്രമണങ്ങളുണ്ടാവുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇനി തെക്കന്‍ ഗസ്സയിലെത്തിയാല്‍ തന്നെയും അവിടം സുരക്ഷിതമാണെന്നതില്‍ യാതൊരു ഉറപ്പുമില്ല. വെസ്റ്റ് ബാങ്കിലെ ഫലസ്തീന്‍ ഗ്രാമങ്ങളിലെല്ലാം ഫലസ്തീനികളെ തോക്കിന്‍ മുനമ്പില്‍ നിര്‍ത്തി വധിക്കുന്ന സാഹചര്യമാണുള്ളത്. ഈ സംഭവങ്ങളൊന്നും ഒക്ടോബര്‍ 7 എന്ന ദിവസം സംഭവിച്ചതുകൊണ്ടു മാത്രം പൊട്ടിമുളച്ചതല്ല. ഇവ്വിധത്തിലുള്ള അധിനിവേശ ക്രൂരതകള്‍ കാലങ്ങളായി ഇസ്‌റാഈലികളില്‍നിന്ന് ഫലസ്തീനികള്‍ അനുഭവിക്കുന്നുണ്ട്. ഇനിയും ഇരകളായി തുടരുവാന്‍ തങ്ങള്‍ക്കാവില്ലെന്ന് ഉറപ്പിച്ചുകൊണ്ട് ദുരിതയാഥാര്‍ഥ്യങ്ങളെ ഭേദിച്ചുകൊണ്ട് പ്രതിരോധത്തിനു സജ്ജമായിരിക്കുകയാണ് ഫലസ്തീന്‍.
ഫലസ്തീനെ വാള്‍തുമ്പില്‍ ഭയപ്പെടുത്തി നിര്‍ത്തി തങ്ങളുടെ അധിനിവേശം തുടരാമെന്നതായിരുന്നു ഇസ്‌റാഈലിന്റെ മോഹം. എന്നാല്‍ ഫലസ്തീനില്‍ നിന്നുണ്ടായിരിക്കുന്ന തിരിച്ചടി ഇസ്‌റാഈലില്‍ പരാജയഭീതി നിറച്ചിട്ടുണ്ട്. ഇത് ഫലസ്തീനിന്റെ വിപ്ലവമാണ്. ഇത് തുടരുകതന്നെ ചെയ്യും. ധര്‍മവും നീതിയും പറഞ്ഞ് ഒരിക്കലും പ്രായോഗികമാവാത്ത സമരമാര്‍ഗങ്ങളെക്കുറിച്ച് വാചാലരായി, നിങ്ങള്‍ക്ക് വേണമെങ്കില്‍ ഇനിയും ഫലസ്തീനെ ഒറ്റപ്പെടുത്താം. അതേസമയം, മനസറിഞ്ഞ് ഫലസ്തീന്‍ ജനതയുടെ പക്ഷം ചേര്‍ന്ന് അവരുടെ പ്രതിരോധത്തില്‍ ഐക്യപ്പെടാം. കാരണം, ഈ പ്രതിരോധത്തിനു മാത്രമേ അധിനിവേശ തുറുങ്കില്‍നിന്ന് മോചനം നല്‍കാന്‍ സാധിക്കൂ.
(ഫലസ്തീനിലെ ബിര്‍സീത്ത് സര്‍വകലാശാലയിലെ ഗവേഷകനായ ലേഖകന്‍ മണ്ടൂവെയ്‌സ് ഡോട്ട് നെറ്റില്‍ എഴുതിയത്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."