പ്രാരംഭം പുതിയ ഉയരങ്ങളിലേക്കുള്ള ചുവടുവയ്പ്
ഇന്ത്യയുടെ ആദ്യ സ്വകാര്യ റോക്കറ്റായ വിക്രം-എസ് ശ്രീഹരിക്കോട്ട സ്‌പേസ് പോർട്ടിൽ നിന്ന് വിജയകരമായി വിക്ഷേപിച്ച് ഇന്ത്യ പുതിയ ചരിത്രം കുറിച്ചു. സ്‌കൈറൂട്ട് എയറോസ്‌പേസ് എന്ന സ്റ്റാർട്ടപ് വികസിപ്പിച്ച റോക്കറ്റാണ് പ്രാരംഭ് എന്നു പേരിട്ട ദൗത്യത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ 11.30 ന് ബഹിരാകാശം ലക്ഷ്യമാക്കി നീങ്ങിയത്. ഇന്ത്യയുടേയും അർമേനിയയുടെയും പേലോഡുകൾ എന്നിവ ഭ്രമണപഥത്തിലെത്തിക്കാനും വിക്രമിന് കഴിഞ്ഞു. 83 കിലോ ഭാരമുള്ള പേലോഡുകൾ 4.84 മിനുട്ടു നീണ്ട ദൗത്യത്തിനുശേഷം റോക്കറ്റിന്റെ അവശിഷ്ടങ്ങൾ ബംഗാൾ ഉൾക്കടലിൽ പതിച്ചു. വിക്ഷേപിച്ച് 2.3 മിനുട്ടു പിന്നിട്ടപ്പോൾ തന്നെ റോക്കറ്റ് 81.5 കി.മീ ഉയരത്തിലെത്തിയിരുന്നു.
ദൗത്യം വിജയിച്ചതോടെ ഇന്ത്യ ബഹിരാകാശ വാണിജ്യരംഗത്തും പുതിയ ചുവടുകൾ വയ്ക്കുകയാണ്. ഇന്ത്യൻ നാഷനൽ സ്‌പേസ് പ്രമോഷൻ ആന്റ് അതോറൈസേഷൻ സെന്റർ (ഇൻ സ്‌പേസ്) ചെയർമാൻ പവൻ ഗോയങ്കയും അഭിപ്രായപ്പെട്ടത് ബഹിരാകാശരംഗത്തെ വിജയം ഇന്ത്യയുടെ പുരോഗതിക്ക് ആക്കം കൂട്ടുമെന്നാണ്. ഇന്ത്യയിലെ സ്‌പേസ് റെഗുലേറ്ററും പ്രമോട്ടറുമാണ് ഇൻ സ്‌പേസ്. ബഹിരാകാശ വകുപ്പിലെ ഏകജാലക സ്വയംഭരണാധികാരമുള്ള നോഡൽ ഏജൻസിയാണിവർ. സ്വകാര്യ സ്‌പേസ് ദൗത്യങ്ങളിലൂടെ മികച്ച വരുമാനം നേടാൻ ഇന്ത്യക്ക് കഴിയുന്നതാണ് ഇപ്പോഴത്തെ വിജയം.
ബഹിരാകാശരംഗത്ത് ലോകത്താകമാനം സ്വകാര്യ സംരംഭകരും പദ്ധതികളും കൂടുന്നുണ്ട്. ബഹിരാകാശ വിപണിയിൽ ഇന്ത്യയും ശക്തമായ സാന്നിധ്യമാകുകയാണ്. നാലു വർഷം മാത്രം പഴക്കമുള്ള സ്റ്റാർട്ടപ്പാണ് ഇപ്പോൾ റോക്കറ്റ് വികസിപ്പിച്ച് വിജയകരമായി ദൗത്യം പൂർത്തിയാക്കിയ സ്‌കൈറൂട്ട് എയറോസ്‌പേസ്. ഐ.എസ്.ആർ.ഒയും ഇൻസ്‌പേസും ഇവരെ സഹായിച്ചിരുന്നു.
റോക്കറ്റിൽ ബഹിരാകാശത്തെത്തിച്ച പേ ലോഡുകളും ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ചതാണ്. മൂന്നു പേ ലോഡുകളിൽ രണ്ടെണ്ണം ഇന്ത്യയുടേതും ഒന്ന് അർമേനിയയുടേതുമാണ്. ആന്ധ്രാപ്രദേശ് ആസ്ഥാനമായ എൻ സ്‌പേസ് ടെക് ഇന്ത്യയും ചെന്നൈ ആസ്ഥാനമായ സ്റ്റാർട്ടപ്പായ സ്‌പേസ് കിഡ്‌സുമാണ് രണ്ട് പേ ലോഡുകൾ നിർമിച്ചത്. ഇതും സ്വകാര്യ ബഹിരാകാശരംഗത്തെ പുതിയ ചുവടുവയ്പ്പാണ്. രണ്ടുവർഷംകൊണ്ട് 200 എൻജിനീയർമാരുടെ സംഘമാണ് സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കിയത്. സോളിഡ് ഫുവൽഡ് പ്രൊപ്പൽഷൻ, കട്ടിങ് എഡ്ജ് അവിയോനിക്, കാർബൺ ഫൈബർ കോർ സ്‌ട്രെക്ചർ തുടങ്ങിയ സവിശേഷതയും വിക്രമിനുണ്ട്. 545 കിലോ ഭാരവും ആറു മീറ്റർ നീളവുമുള്ള വിക്രം -എസിന്റെ പുതിയ സീരിസുകളും അടുത്ത വർഷങ്ങളിൽ പുറത്തിറങ്ങും. ആദ്യ വിക്ഷേപണം വിജയിച്ചത് തങ്ങളുടെ സാങ്കേതിക വിദ്യയുടെ മെച്ചമാണെന്നും പുതുഭാവിയുടെ പ്രാരംഭമാണെന്നുമാണ് സ്‌കൈറൂട്ട് സഹ സ്ഥാപകർ പറയുന്നത്. ഇന്ത്യയിലും ബഹിരാകാശരംഗത്ത് സ്വകാര്യ സംരംഭകർ എത്തുന്നത് ഈ മേഖലയിൽ മത്സരത്തിനിടയാക്കും. 150 സ്റ്റാർട്ടപ്പുകളാണ് ബഹിരാകാശ മേഖലയിൽ അവസരം തേടി ഇൻ സ്‌പേസിനെ സമീപിച്ചത് എന്നതും ഈ മേഖലയുടെ വളർച്ചയെ സൂചിപ്പിക്കുന്നുണ്ട്.
കുറഞ്ഞ ചെലവിൽ ബഹിരാകാശ ദൗത്യം നൽകാനാകുമെന്നാണ് ഇന്ത്യയുടെ മെച്ചം. യു.എസും ചൈനയും ചെലവഴിക്കുന്നതിന്റെ ചെറിയൊരംശമേ ഇന്ത്യയിൽ സ്‌പേസ് പദ്ധതികൾക്ക് ചെലവ് വരുന്നുള്ളൂ. സ്വകാര്യ മേഖലകൂടി കടന്നുവരുന്നതോടെ മത്സരം ഈ മേഖലയിൽ സജീവമാകുകയും ചെലവ് വീണ്ടും കുറയുകയും ചെയ്യും. ഇതോടെ ആഗോളതലത്തിൽ ബഹിരാകാശ ഹബ്ബായി ഇന്ത്യ മാറും എന്നതാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. 2020 ലാണ് ഇന്ത്യ ബഹിരാകാശ രംഗത്തേക്ക് സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകിയത്. റോക്കറ്റുകളും ഉപഗ്രഹങ്ങളും സ്വകാര്യ കമ്പനികൾക്ക് നിർമിക്കാം. ഐ.എസ്.ആർ.ഒയുടെ ലോഞ്ചിങ് സംവിധാനങ്ങളും സ്വകാര്യ കമ്പനികൾക്ക് ഉപയോഗിക്കാനും ഇപ്പോൾ അനുമതിയുണ്ട്. സ്‌കൈറൂട്ടാണ് സർക്കാർ അനുമതിക്ക് പിന്നാലെ ഐ.എസ്.ആർ.ഒയുമായി ആദ്യം കരാർ ഒപ്പുവച്ച സ്വകാര്യ കമ്പനി.
ഇന്ത്യയുടെ ബഹിരാകാശ രംഗത്തെ നിക്ഷേപം 2019 ൽ ഏഴു ബില്യൻ ഡോളറായിരുന്നത് 2024 ൽ 50 ബില്യൻ ഡോളറായി വർധിക്കുമെന്നാണ് കണക്കുകൾ. ഇന്ത്യയിലെ സ്വകാര്യ സ്‌പേസ് രംഗത്തെ ഏറ്റവും വലിയ കമ്പനിയായ സ്‌കൈറൂട്ടിന് 51 ദശലക്ഷം ഡോളറിന്റെ നിക്ഷേപമുണ്ട്. ഇ്‌പ്പോൾ മറ്റ് 10 സ്വകാര്യ കമ്പനികളും ഈ രംഗത്തേക്ക് വന്നു. നിലവിൽ ഐ.എസ്.ആർ.ഒ മാത്രം നടത്തുന്ന ഗവേഷണവും ഇനി സ്വകാര്യ മേഖലയിലേക്ക് വ്യാപിപ്പിക്കാം. കൂടുതൽ മികച്ച പദ്ധതികളും നടപ്പിലാക്കാനാകും. 30 ലധികം രാജ്യങ്ങളുടെ 400 ലധികം ഉപഗ്രഹങ്ങൾ ഐ.എസ്.ആർ.ഒ ഇതിനകം വിക്ഷേപിച്ചിട്ടുണ്ട്. സർക്കാർ സംവിധാനത്തേക്കാൾ വേഗത്തിലും മികച്ച രീതിയിലും പ്രവർത്തിക്കാൻ സ്വകാര്യ മേഖലയ്ക്കും കഴിയുമെന്നാണ് സ്‌കൈറൂട്ടും തെളിയിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയുമായി സഹകരിച്ച് പ്രവർത്തിക്കുന്നത് രാജ്യത്തിന് വലിയ മുതൽകൂട്ടാകും.
കഴിഞ്ഞ ഒക്ടോബറിൽ വൺവെബ്ബിനു വേണ്ടി 36 ഉപഗ്രഹങ്ങളാണ് എൽ.വി.എം 3 റോക്കറ്റ് ഉപയോഗിച്ച് ഐ.എസ്.ആർ.ഒ വിക്ഷേപിച്ചിരുന്നു. ഇതിന് ഉപയോഗിച്ചത് ഐ.എസ്.ആർ.ഒയുടെ റോക്കറ്റായിരുന്നു. ഉക്രൈൻ അധിനിവേശത്തോടെ ബഹിരാകാശരംഗത്തെ പ്രധാന ശക്തികളിലൊന്നായ റഷ്യയെ പാശ്ചാത്യ രാജ്യങ്ങൾ തഴഞ്ഞത് ഇന്ത്യക്ക് നേട്ടമാകും. ബഹിരാകാശരംഗത്ത് മികച്ച നേട്ടങ്ങളിലൂടെ ഇന്ത്യയുടെ യശസ്സ് വാനോളമുയർത്തിയ ഐ.എസ്.ആർ.ഒക്കൊപ്പം സ്വകാര്യ കമ്പനികളും രാജ്യത്തിന് വരുമാനം സൃഷ്ടിക്കുന്ന പദ്ധതികൾ കൊണ്ടുവരുമെന്നാശിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."