HOME
DETAILS

ഇത് ഫാസിസമല്ലെങ്കില്‍ പിന്നെ മറ്റെന്ത്?

  
backup
September 02 2021 | 19:09 PM

865463123458-2

 

എ.പി കുഞ്ഞാമു


മഹാശ്വേതാ ദേവിയുടെ ദ്രൗപദി എന്ന കഥ ഡല്‍ഹി യൂനിവേഴ്‌സിറ്റിയുടെ ഇംഗ്ലീഷ് ബി.എ ഓണേഴ്‌സിന്റെ സിലബസില്‍നിന്ന് ഒഴിവാക്കി. അതോടൊപ്പം തമിഴ് എഴുത്തുകാരി ബാമയുടെ കരുക്ക്, ദലിത് എഴുത്തുകാരി സുകൃതറാണിയുടെ കവിതകള്‍ എന്നിവയും ഒഴിവാക്കിയിട്ടുണ്ട്. പല കേന്ദ്രങ്ങളില്‍നിന്നും എതിര്‍പ്പുകള്‍ വന്നതിനെ തുടര്‍ന്നാണ് ഈ രചനകള്‍ ഒഴിവാക്കിയത് എന്നാണ് സര്‍വകലാശാലാ അധികൃതര്‍ പറയുന്നത്. എന്നാല്‍ ഈ നടപടിക്കു പിന്നില്‍ സുനിര്‍ണിതമായ രാഷ്ട്രീയ താല്‍പര്യമുണ്ടെന്ന ആരോപണവുമായി രാജ്യത്തുടനീളം ബുദ്ധിജീവികളും സഹൃദയരും രംഗത്തുവന്നിരിക്കുന്നു. കേരളത്തില്‍ ഈ നടപടി വലിയ പ്രതിഷേധ കോലാഹലമൊന്നും സൃഷ്ടിച്ചിട്ടില്ലെങ്കില്‍ തന്നെയും ആരുടെയൊക്കെ കൃതികളാണ് നിരോധിച്ചിട്ടുള്ളതെന്നും അവയുടെ ഉള്ളടക്കവും പ്രാതിനിധ്യവും എന്താണെന്നും ആലോചിക്കുമ്പോള്‍ സര്‍വകലാശാലയുടെ നീക്കത്തിനു പിന്നിലെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്ന് എളുപ്പത്തില്‍ പിടികിട്ടും.


അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ക്കു വേണ്ടി ജീവിതം സമര്‍പ്പിച്ച എഴുത്തുകാരിയാണ് മഹാശ്വേതാ ദേവി. പത്മശ്രീയും നിരവധി സാഹിത്യ പുരസ്‌കാരങ്ങളും നേടിയ വിശ്വപ്രസിദ്ധയായ കഥാകാരി. കൊല്‍ക്കത്താ നഗരത്തിലെ കോളജ് അധ്യാപികയുടെ ജോലി ഉപേക്ഷിച്ച് ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ വേണ്ടി സാന്താളുകള്‍ക്കിടയിലേക്കിറങ്ങിച്ചെന്ന ആക്ടിവിസ്റ്റ്. പ്രമേയമേതായാലും അതിന്റെ കീഴാളവായനയാണ് മഹാശ്വേതാ ദേവി നടത്തുന്നത്. മലയാളത്തില്‍ തര്‍ജമ ചെയ്യപ്പെട്ട അവരുടെ പഞ്ചകന്യകള്‍ (പ്രസാധകര്‍: സ്‌പെല്‍ ബുക്‌സ്, കോഴിക്കോട്) മഹാഭാരത കഥകളുടെ അധഃസ്ഥിത വായനയാണ്. 'അമ്മ' എഴുപതുകളിലെ തീവ്രവാദ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ വീട്ടില്‍നിന്ന് വിപ്ലവത്തിന്റെ വഴിയിലേക്കിറങ്ങിപ്പോയ ചെറുപ്പക്കാരുടെ അമ്മമാരെക്കുറിച്ചുള്ള നോവല്‍. മഹാശ്വേതാ ദേവി പ്രതിനിധാനം ചെയ്യുന്ന കീഴാളരാഷ്ട്രീയം ഭരണവര്‍ഗത്തിന് അത് സര്‍വകലാശാലയുടേതായാലും പൊറുപ്പിക്കാനാവണമെന്നില്ല.


ബാമയുടെ കഥകളും അവര്‍ സ്വന്തം ജീവിതത്തില്‍ അനുഭവിക്കേണ്ടിവന്ന വിധേയത്വത്തിന്റെയും അയിത്തത്തിന്റെയും ആവിഷ്‌കാരമാണ്. സ്വന്തം ദലിത് സ്വത്വത്തില്‍നിന്നാണ് അവര്‍ ഊര്‍ജം ഉള്‍ക്കൊള്ളുന്നത്. സുകൃതറാണി ദലിത് ഫെമിനിസ്റ്റ് ദര്‍ശനങ്ങളുടെ വക്താവാണ്. അടിയാള വനിതാ പ്രാതിനിധ്യമവകാശപ്പെടുന്ന മൂന്നു പെണ്‍രചനകളാണ് സര്‍വകലാശാലാ അധികൃതര്‍ അക്കാദമിക് മണ്ഡലത്തില്‍നിന്ന് തുടച്ചുനീക്കിയത്. ഇതു സ്വാഭാവികമായും ചില ചോദ്യങ്ങളുയര്‍ത്തുന്നു. ഈ രചനകള്‍ ഭരണവര്‍ഗ താല്‍പര്യങ്ങളെ വെല്ലുവിളിച്ചേക്കുമെന്ന ഭീതിയാണോ ഡല്‍ഹി സര്‍വകലാശാലയുടേത്? ഇവരുടെ രചനകളില്‍ തെളിഞ്ഞുനില്‍ക്കുന്ന ജീവിതം സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ ഒരിക്കലും മനസിലാക്കരുതെന്നാണോ അധികൃതരുടെ മനസിലിരിപ്പ്? അടിയാളജീവിതം പൊതുമണ്ഡലത്തില്‍നിന്ന് തുടച്ചുമായ്ച്ചുകളയേണ്ട ഒരനാവശ്യമാണോ?


ദ്രൗപദിയുടെ ചോര


നമുക്ക് മഹാശ്വേതാ ദേവിയുടെ കഥയിലേക്ക് വരാം. പൊലിസിന്റെ കടുത്ത പീഡനങ്ങള്‍ക്കിരയായ ഗോത്രവര്‍ഗക്കാരിയാണ് ദ്രൗപദി അഥവാ ദോപ്ദി മെഹ്‌ജെന്‍. തീവ്രവാദ പ്രവര്‍ത്തനമാരോപിച്ച് അവളെ വേട്ടയാടുന്ന നിയമപാലകരുടെ നെറികേടുകളോട് ദോപ്ദി നടത്തുന്ന പോരാട്ടത്തിന്റെ നേര്‍ച്ചിത്രമാണ് കഥ. പൊലിസ് അവളുടെ ഉടുപുടവകളഴിച്ച് ബലാത്സംഗം ചെയ്യുന്നു. അവള്‍ പിന്നീട് ആ ഉടുതുണി ഉടുക്കാന്‍ തയാറാവുന്നില്ല. തന്റെ നഗ്നമായ ശരീരം കൊണ്ട് അവള്‍ അധികാരസ്ഥാനങ്ങളെ വെല്ലുവിളിക്കുന്നതിന്റെ കഥയാണ് ദ്രൗപദി. മഹാഭാരതകഥയില്‍ വസ്ത്രാക്ഷേപം ചെയ്യപ്പെട്ട ദ്രൗപദിക്ക് സഹായവുമായി എത്തുന്നത് ശ്രീകൃഷ്ണനാണ്. പുതിയ കാലത്തെ ദോപ്ദിക്ക് ആര് തുണ? ഈ അടിയാള വര്‍ഗരാഷ്ട്രീയം കഥ മുന്നോട്ടുവയ്ക്കുന്നു.


ഇതു സാധാരണ നിലക്ക് നഗരകേന്ദ്രീകൃതമായ സര്‍വകലാശാലകളില്‍ പഠിക്കുന്ന ചെറുപ്പക്കാര്‍ക്ക് അപരിചിതമായ രാഷ്ട്രീയമാണ്. അവരെ പ്രചോദിപ്പിക്കുന്ന കഥകളില്‍ ഈ രാഷ്ട്രീയമോ ഈ ജീവിതമോ ഇല്ല. അവര്‍ വായിക്കുന്ന മോട്ടിവേഷനല്‍/സെല്‍ഫ് ഹെല്‍പ്പ്/ കരിയര്‍ ഗൈഡുകളില്‍ കാണാത്ത ലോകമാണ് മഹാശ്വേതയുടെ കഥകളിലുള്ളത്. ഈ ലോകത്തെ കുറിച്ച് നമ്മുടെ ചെറുപ്പക്കാര്‍ മനസിലാക്കേണ്ടതില്ലേ? ഇന്ത്യ എന്ന മഹാത്ഭുതത്തിന്റെ വളരെയൊന്നും സുന്ദരമല്ലാത്ത ഒരു മുഖംകൂടി അവര്‍ കാണേണ്ടതല്ലേ? അതുകൊണ്ടാണ് ഈ രചനകള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഡല്‍ഹി സര്‍വകലാശാല അഭിനന്ദിക്കപ്പെട്ടത്, പണ്ട്. ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ഇന്ത്യന്‍ സാഹിത്യം പൊതുവില്‍ നമ്മുടെ സര്‍വകലാശാലകളില്‍ സാഹിത്യപഠനങ്ങള്‍ക്ക് വിധേയമാക്കപ്പെടാറില്ല. രാജ്യത്തെ ആഴത്തില്‍ മനസിലാക്കാന്‍ ഇന്ത്യന്‍ ജീവിതം ചിത്രീകരിക്കുന്ന ഇത്തരം കൃതികള്‍ സഹായകമായിരിക്കും. ആ നിലക്കും ദ്രൗപദി ഇന്ത്യന്‍ ജീവിതത്തെ ശരിയായി മനസിലാക്കാനുതകുന്ന കൃതിയാണ്. അതിനാല്‍ ഡല്‍ഹി സര്‍വകലാശാലാ സിലബസുണ്ടാക്കുന്നവരുടെ തെരഞ്ഞെടുപ്പ് മികച്ചതായിരുന്നു. ആ മികവാണ് മായ്ച്ചുകളയപ്പെട്ടത്.

എന്തുകൊണ്ട്, എങ്ങനെ?


എന്തുകൊണ്ട് മഹാശ്വേതാ ദേവിയുടെ ദ്രൗപദിയും ബാമയുടെയും സുകൃതമണിയുടെയും കൃതികളും മാത്രം വിദ്യാര്‍ഥികളുടെ ലോകത്തുനിന്ന് മാറ്റിനിര്‍ത്തപ്പെട്ടു? തല്‍സ്ഥാനത്ത് വന്ന പുതിയ പുസ്തകങ്ങള്‍ ഏതൊക്കെയാണ്? ഇതേക്കുറിച്ചാലോചിക്കുമ്പോഴാണ് ഈ രചനകള്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തോട് സര്‍വകലാശാലാ അധികൃതര്‍ക്കുള്ള സമീപനം എന്താണെന്നു വ്യക്തമാവുക. ഈ അടിയാളരാഷ്ട്രീയം ഒഴിവാക്കപ്പെടേണ്ടതാണെന്ന് ഭരണവര്‍ഗം വിചാരിക്കുന്നു. ആ രാഷ്ട്രീയത്തെ ഭരണവര്‍ഗം ഭയപ്പെടുന്നു. എ.കെ രാമാനുജന്റെ ത്രീ ഹണ്ട്രഡ് രാമായണ്‍സും രോഹിന്‍ട്രന്‍ മിസ്‌റിയുടെ എ ഫൈന്‍ ബാലന്‍സും സര്‍വകലാശാലാ സിലബസില്‍നിന്ന് ഒഴിവാക്കപ്പെടാന്‍ കാരണം ഈ ഭീതിയാണ്. എതിര്‍ശബ്ദങ്ങള്‍ പൊറുപ്പിക്കാതിരിക്കുക എന്നത് ഫാസിസത്തിന്റെ വഴിയാണ്. ഇന്ത്യയിലെ പൊതുജീവിതത്തിലുടനീളം ഫാസിസ്റ്റ് മുദ്രകള്‍ ഭരണകൂടം മുന്‍കൈയെടുത്ത് അടയാളപ്പെടുത്തുന്ന കാലത്ത് ഡല്‍ഹി സര്‍വകലാശാലയുടെ മേല്‍ തീര്‍ച്ചയായും സമ്മര്‍ദങ്ങളുണ്ടായിരിക്കണം. ആ സാധ്യത തള്ളിക്കളഞ്ഞുകൂടാ. സര്‍വകലാശാലകള്‍ പോലെയുള്ള സ്വതന്ത്ര സ്ഥാപനങ്ങളെ ഉപയോഗിച്ചാണ് ഫാസിസം തങ്ങളുടെ സമ്മര്‍ദതന്ത്രം പ്രയോഗിക്കുന്നത്. അതിനാല്‍ മഹാശ്വേതാ ദേവിയെയും ബാമയെയും സുകൃതറാണിയെയും അവര്‍ പ്രതിനിധാനം ചെയ്യുന്ന സ്ത്രീ ദലിത് രാഷ്ട്രീയത്തെയും നിരാകരിക്കുന്ന സര്‍വകലാശാലാ നടപടി കൃത്യമായ അജണ്ട നടപ്പാക്കല്‍ തന്നെ.

പടം മാറ്റലും പേരുമാറ്റലും


ഭരണഘടനാ സ്ഥാപനങ്ങളെ സമ്മര്‍ദത്തിലകപ്പെടുത്തി തങ്ങളുടെ സ്ഥാപിത താല്‍പര്യങ്ങള്‍ നടപ്പില്‍ വരുത്തുക എന്നത് ഫാസിസ്റ്റ് രീതിയാണ്. ഐ.സി.എച്ച്.ആര്‍ എന്ന ചരിത്ര പഠനഗവേഷണ സ്ഥാപനം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പോസ്റ്ററില്‍നിന്ന് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പടം ഒഴിവാക്കിയത് അത്തരമൊരു നടപടിയാണ്. എന്നുമാത്രമല്ല, തീവ്രഹിന്ദുത്വത്തിന്റെ വക്താവായ സവര്‍ക്കറെ പോസ്റ്ററില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു. മലബാര്‍ സമരത്തിലെ രാഷ്ട്രീയപ്പോരാളികളെ രക്തസാക്ഷിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ഏറ്റവും ദാരുണമായ രക്തസാക്ഷിത്വത്തെയാണ് വാഗണ്‍ ട്രാജഡി ദുരന്തം ഓര്‍മിപ്പിക്കുന്നത്. ഒരു ഗുഡ്‌സ് വണ്ടിയില്‍ പരസ്പരം കെട്ടിപ്പിടിച്ച് ശ്വസംമുട്ടി മരിച്ച ഹിന്ദു, മുസ്‌ലിം സഹോദരന്മാരുടെ ഓര്‍മകളെയും ഐ.സി.എച്ച്.ആര്‍ മായ്ച്ചുകളഞ്ഞു. പടവും പേരും മാറ്റുന്നതിലൂടെ ചരിത്രത്തെ മാറ്റിത്തിരുത്തുകയാണ് അവര്‍ ചെയ്യുന്നത്.


യു.പി തെരഞ്ഞെടുപ്പ് വരാന്‍ പോകുന്നു. അതു മുന്നില്‍ക്കണ്ട് ഹൈന്ദവരാഷ്ട്രീയം ഉപയോഗിക്കാന്‍ പോകുന്ന മറ്റൊരടവാണ് സ്ഥലപ്പേരുകള്‍ മാറ്റല്‍. സുല്‍ത്താന്‍പൂര്‍, മിര്‍സാപൂര്‍, അലിഗഢ്, ഫിറോസാബാദ്, ഗാസിപൂര്‍ തുടങ്ങിയ സ്ഥലങ്ങള്‍ ഇനി ഭവന്‍പൂരും ഹരിഗഢും ചന്ദ്രനഗറുമൊക്കെയാവും. അലഹബാദ് പ്രയാഗ്‌രാജ് ആക്കിയത് അല്ലാഹുവിന്റെ പേരില്‍ ഒരു പട്ടണമോ എന്ന് ചോദിച്ചുകൊണ്ടാണത്രെ. ഈ പേരുമാറ്റം സൂചിപ്പിക്കുന്നതും മറ്റൊന്നല്ല. ഇത്തരം തിരുത്തലുകളിലൂടെ നമ്മുടെ നാടിന്റെ ചരിത്രത്തെയും ഭാഗധേയത്തെയും തന്നെയാണ് സംഘ്പരിവാര്‍ തിരുത്തുന്നത്. ഇതു ഫാസിസമല്ലെങ്കില്‍ മറ്റെന്താണ് ഫാസിസം?



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വര്‍ണ്ണക്കടത്ത്: ഗവര്‍ണറെ തിരുത്തി പൊലിസ്, 'പണം നിരോധിത സംഘടനകള്‍ ഉപയോഗിക്കുന്നതായി വെബ്‌സൈറ്റിലില്ല'

Kerala
  •  2 months ago
No Image

പൊതുതാല്‍പര്യമില്ല സ്വകാര്യ താല്‍പര്യം മാത്രം, മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകം പൊളിക്കേണ്ട; കെഎസ്‌യു ഹരജി തള്ളി ഹൈക്കോടതി 

Kerala
  •  2 months ago
No Image

വയനാട് കേന്ദ്ര സഹായം: കെ.വി തോമസ് കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമനുമായി ചര്‍ച്ച  നടത്തി

Kerala
  •  2 months ago
No Image

മട്ടാഞ്ചേരിയില്‍ മൂന്നരവയസുകാരന് ക്രൂരമര്‍ദ്ദനം; പ്ലേ സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍

Kerala
  •  2 months ago
No Image

നാഷണല്‍ കോണ്‍ഫറന്‍സിന് നാല് സ്വതന്ത്രരുടെ പിന്തുണകൂടി; ഒമര്‍ അബ്ദുല്ല ജമ്മു കശ്മിര്‍ മുഖ്യമന്ത്രിയാകും

National
  •  2 months ago
No Image

ടെന്നീസ് ഇതിഹാസം റഫേല്‍ നദാല്‍ വിരമിച്ചു

Others
  •  2 months ago
No Image

TOP TEN MUST VISIT TOURIST PLACES IN DUBAI

uae
  •  2 months ago
No Image

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിനെതിരെ കേരളം; നിയമസഭയില്‍ പ്രമേയം പാസാക്കി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ഞായറാഴ്ച്ച മൂന്നിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്, നാളെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

നാളത്തെ പൊതുഅവധി;പിഎസ്‌സി നടത്താനിരുന്ന പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു

Kerala
  •  2 months ago