മൂന്ന് പതിറ്റാണ്ട് കാലത്ത് പ്രവാസ ജീവിതത്തിനു വിരാമമിട്ട് സൈതലവി ഹാജി നാട്ടിലേക്ക് മടങ്ങുന്നു
ദമാം: കിഴക്കൻ സഊദിയിലെ ജുബൈലിലെ സാമൂഹ്യ സേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച സജീവ സാന്നിധ്യമായ സൈതലവി ഹാജി പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു. ജീവകാരുണ്യ പ്രവർത്തന രംഗത്ത് തന്റേതായ സേവനങ്ങൾ നൽകി ഒച്ചപ്പാടുകൾ ഇല്ലാതെ ജുബൈലിൽ പ്രവർത്തിച്ച മലപ്പുറം വേങ്ങര കള്ളിയത്ത് സൈതലവി ഹാജി എന്ന സൈതാലിക്ക മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തിനു വിരാമമിട്ടാണ് പ്രവാസ ലോകത്ത് നിന്ന്നും വിടവാങ്ങുന്നത്. ഇതിൽ കാൽ നൂറ്റാണ്ടു കാലവും ഒരേ കമ്പനിയിൽ തന്നെ ജോലിയിൽ ഏർപ്പെട്ടും പ്രവാസ ജീവിതത്തിൽ തന്റേതായൊരു മുഖം ചാർത്തിയാണ് നിസ്വാർത്ഥ സേവകൻ കൂടിയായ സൈതലവി ഹാജിയുടെ മടക്കം.
1993 ൽ കിഴക്കൻ സഊദിയിലെ നാരിയക്ക് സമീപം ഗരിയയിലായിരുന്നു പ്രവാസ ജീവിതത്തിന്റെ തുടക്കം. അവിടെ മസ്‌റ എഞ്ചിനീയർ വിസയിൽ എത്തിയ ഹാജിയുടെ ലക്‌ഷ്യം സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കുകയെന്നതായിരുന്നു. എന്നാൽ, ഗരിയയിൽ എത്തിയതോടെയാണ് മസ്‌റ വിസ ആയതിനാൽ ടാറിട്ട റോഡിൽ കയറാൻ പോലും പാടില്ലെന്ന സത്യം തിരിച്ചറിഞ്ഞത്. അന്നത്തെ കാലത്ത് മസ്‌റ വിസക്കാർക്ക് കർശന നിയന്ത്രണമായിരുന്നുവത്രെ. മാസങ്ങൾക്ക് ശേഷം അവിടെ നിന്ന് ജുബൈലിൽ എത്തിപ്പെട്ടതോടെയാണ് മറ്റൊരു മേഖലയിലേക്ക് തിരിഞ്ഞത്. ഇന്നത്തെ വികസിച്ച ജുബൈൽ സിറ്റിയുടെ ഓരോ കുതിപ്പിലും ഹാജിയുടെ കണ്ണും ഉടക്കിയിരുന്നു. ജുബൈൽ നഗരത്തിന്റെ മധ്യ ഭാഗത്ത് സോണി പള്ളിക്ക് എതിർവശത്തായി നിലകൊണ്ടിരുന്ന മീൻ മാർക്കറ്റ് അടയാളമായി സുഹൃത്ത് പറഞ്ഞു കൊടുത്തത് ലക്ഷ്യമാക്കിയാണ് ഗരിയയിൽ നിന്ന് ജുബൈലിലേക്ക് ആദ്യമായി എത്തിച്ചേർന്നത്. പിന്നീട് ഇവിടെ തന്നെ കഴിച്ച് കൂടിയ ഹാജി കാണാമറയത്ത് നിന്ന് ജീവകാരുണ്യ മേഖലയുമായി ഏറെ അടുത്ത് പ്രവർത്തിച്ചു വരികയായിരുന്നു.
സമസ്ത ജനസിക്രട്ടറി ആലിക്കുട്ടി ഉസ്താദിന്റെ ജുബൈൽ സന്ദർശനത്തിനിടെ
ജുബൈലിൽ സമസ്‌ത രൂപീകരണത്തിനും പിന്നീട് കെട്ടിപ്പടുക്കുന്നതിലും മുൻപന്തിയിൽ നിന്ന ഇദ്ദേഹം കെഎംസിസിയുടെയും ഓരോ പ്രവർത്തനങ്ങളിലും ഏറെ മുന്നിലുണ്ടാകുമായിരുന്നു. സമസ്‌തയും ലീഗും തന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണെന്നും അത് രണ്ടും പൂരകമായി പ്രവർത്തിച്ചാലല്ലാതെ സമൂഹത്തിനും സമുദായത്തിനും ഗുണം ഉണ്ടാകില്ലെന്നുമാണ് ഹാജിയുടെ നിലപാട്. കെഎംസിസി നേതാക്കളായ ഉസ്മാൻ ഒട്ടുമ്മൽ, അഷ്‌റഫ് ചെട്ടിപ്പടി, മർഹൂം കോയ സാഹിബ് ഫറോക് എന്നിവർ ഉൾപ്പെടെയുള്ള നേതാക്കൾ ജുബൈലിലെ സമസ്ത രൂപീകരണത്തിലും തുടർന്നും നൽകിയ സംഭാവന അവിസ്മരണീയം ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജുബൈലിൽ സമസ്തയുടെയും ലീഗിന്റെയും നേതാക്കൾ ആരു വന്നാലും ഹാജിയാർ മുന്നിൽ തന്നെയുണ്ടാകും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സാദിഖലി ശിഹാബ് തങ്ങൾ, ശൈഖുൽ ജാമിഅ പ്രൊഫ ആലിക്കുട്ടി ഉസ്‌താദ്, പികെ കുഞ്ഞാലിക്കുട്ടി, എം കെ മുനീർ തുടങ്ങി നിരവധി സമുന്നത നേതാക്കളെയും കീഴ്ഘടക നേതാക്കളെയും ജുബൈലിലേക്ക് എത്തിക്കുന്നതിലും സ്വീകരിക്കുന്നതിലും ഹാജിയാർ മുന്നിൽ തന്നെ ഉണ്ടായിരുന്നു. ഹാജിയുടെ പ്രവാസ ലോകത്ത് നിന്നുള്ള വിടവാങ്ങൽ അദ്ദേഹത്തിന്റെ ജീവിതത്തിൽ വളരെ സന്തോഷം നിറഞ്ഞതാണെങ്കിലും പ്രസ്ഥാന ബന്ധുക്കൾക്ക് താങ്ങാൻ കഴിയാത്തതാണെന്നു സമസ്‌ത ഇസ്‌ലാമിക് സെന്റർ ജുബൈൽ സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഈ മാസം പതിനഞ്ചിനു അദ്ദേഹം നാട്ടിലേക്ക് തിരിക്കും. അദ്ദേഹത്തിനായി ജുബൈൽ എസ്ഐസി കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ഗംഭീര യാത്രയയപ്പും സംഘടിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."