സമൂഹമാധ്യമ വ്യാജവാര്‍ത്ത; ഞെട്ടലോടെ നീതിപീഠം
ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളിലും ഓണ്‍ലൈന്‍ വാര്‍ത്താമാധ്യമങ്ങളിലും വ്യാജവാര്‍ത്തകളും വര്‍ഗീയപ്രചാരണങ്ങളും നിറയുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്ന് സുപ്രിംകോടതി. ഇത് രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് എന്‍.വി രമണ പറഞ്ഞു. വാര്‍ത്തകള്‍ക്കെല്ലാം വര്‍ഗീയനിറം നല്‍കുകയാണ് ഓണ്‍ലൈന്‍ വാര്‍ത്താമാധ്യമങ്ങള്‍ ചെയ്യുന്നത്.
കൊവിഡ് ഒന്നാംതരംഗ കാലത്ത് തബ്‌ലീഗ് ജമാഅത്തുകാര്‍ കരുതിക്കൂട്ടി കൊവിഡ് പരത്തിയെന്ന് വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്.
ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ആരുമില്ല. സമൂഹമാധ്യമ കമ്പനികളാകട്ടെ ജഡ്ജിമാരെപ്പോലും അനുസരിക്കുന്നില്ല. വമ്പന്‍മാര്‍ പറയുന്നതു മാത്രമാണ് അവര്‍ അനുസരിക്കുന്നത്. കേസില്‍ ട്വിറ്ററും ഫേസ്ബുക്കും യൂട്യൂബും കോടതിക്ക് മറുപടി പോലും നല്‍കാന്‍ തയാറായില്ല.
ഓണ്‍ലൈന്‍ മാധ്യമസ്ഥാപനങ്ങള്‍ ഇങ്ങനെയെല്ലാം വാര്‍ത്തയെഴുതുന്നത് അവരുടെ അവകാശമാണെന്നാണ് പറയുന്നത്. അവര്‍ക്ക് ശക്തരായ ആളുകളെ പേടിയുണ്ട്. എന്നാല്‍ പൊതുസമൂഹത്തെയോ രാജ്യസംവിധാനങ്ങളെയോ കോടതിയെയോ പേടിയില്ല.
ഇത്തരം കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുന്ന വെബ്‌പോര്‍ട്ടലുകളെയും സമൂഹമാധ്യമങ്ങളെയും നിയന്ത്രിക്കാന്‍ ചട്ടമുണ്ടോയെന്നും ചീഫ് ജസ്റ്റിസ് കേന്ദ്ര സര്‍ക്കാറിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ആരാഞ്ഞു.വര്‍ഗീയവാര്‍ത്തകള്‍ മാത്രമല്ല ആസൂത്രിതമായി കെട്ടിച്ചമച്ചുണ്ടാക്കുന്ന വാര്‍ത്തകളും ഇത്തരം മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ മറുപടി നല്‍കി.
പുതിയ ഐ.ടി ചട്ടം ഇത്തരം കാര്യങ്ങള്‍ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ ഉണ്ടാക്കിയതാണ്. ഐ.ടി ചട്ടത്തിനെതിരേ വിവിധ ഹൈക്കോടതികളില്‍ ഹരജികളുണ്ടെന്നും അതെല്ലാം സുപ്രിംകോടതിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും തുഷാര്‍മേത്ത പറഞ്ഞു.
ആ അപേക്ഷയെ ഈ കേസിന്റെ ഭാഗമായി പരിഗണിക്കണമെന്നും തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. ആവശ്യം കോടതി അനുവദിച്ചു. വ്യാജവാര്‍ത്തകള്‍ക്കെതിരേ ജംഇയ്യത്ത് ഉലമായെ ഹിന്ദാണ് സുപ്രിംകോടതിയെ സമീപിച്ചത്. കേസ് ആറാഴ്ച കഴിഞ്ഞ് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."