പെറ്റി അടയ്ക്കാത്തതിന് ദമ്പതികളുടെ മകളെ കാറില്‍ പൂട്ടിയിട്ടു
തിരുവനന്തപുരം: പൊലിസിനെതിരേ നിരന്തരം ആരോപണങ്ങള്‍ ഉയരുന്നതിന് പിന്നാലെ പുതിയൊരു ക്രൂരതകൂടി പുറത്ത്. അമിതവേഗത്തിന് പെറ്റി അടയ്ക്കാന്‍ വൈകിയ ദമ്പതികളുടെ മൂന്നു വയസ്സുകാരിയായ മകളെ കാറിനുള്ളില്‍ പൂട്ടിയിട്ടെന്നാണ് പരാതി. നെയ്യാറ്റിന്‍കര സ്വദേശികളായ ഷിബുകുമാറും ഭാര്യ അഞ്ജനയുമാണ് തിരുവനന്തപുരം ബാലരാമപുരം പൊലിസിനെതിരേ പരാതിയുമായി എത്തിയത്.
ഷിബു പ്രൊഫഷണല്‍ കീബോര്‍ഡിസ്റ്റും അഞ്ജന ഗായികയും ആണ്. നെയ്യാറ്റിന്‍കരയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ദമ്പതികളെ ബാലരാമപുരത്ത് വച്ച് പൊലിസ് തടഞ്ഞ് അമിതവേഗതയ്ക്ക് 1,500 രൂപ പിഴയിട്ടു. കൈയില്‍ 500 രൂപ മാത്രമുണ്ടായിരുന്ന ഷിബു അക്കാര്യം ബോധ്യപ്പെടുത്തിയെങ്കിലും മുഴുവന്‍ പണമടച്ചാലേ വിടൂവെന്ന് പൊലിസ് ശഠിച്ചു. ഈ സമയം അതിവേഗതയില്‍ പോകുന്ന മറ്റുവാഹനങ്ങളുടെ കാര്യം ഷിബു ചൂണ്ടിക്കാട്ടിയപ്പോള്‍ യുവാവിനെ പൊലിസ് മര്‍ദിക്കാനൊരുങ്ങി. ഇതു കണ്ട അഞ്ജന കാറില്‍ കുട്ടിയെ തനിച്ചാക്കി പൊലിസിന് അടുത്ത് വന്നു. പ്രകോപിതനായ പൊലിസ് ഉദ്യോഗസ്ഥന്‍ കേസെടുത്ത് ഷിബുവിനെ അകത്താക്കുമെന്ന് ആക്രോശിച്ച ശേഷം കാറിന്റെ ഡോര്‍ തുറന്ന് താക്കോല്‍ ഊരി ഡോര്‍ ലോക്ക് ചെയ്തു. കാറില്‍ തനിച്ചിരിക്കുകയായിരുന്ന മൂന്നുവയസ്സുകാരി അപരിചിതനെ കണ്ട് അലറിക്കരഞ്ഞെങ്കിലും അതൊന്നും പൊലിസ് വകവച്ചില്ല. ഒടുവില്‍ മാതാവിന്റെ അഭ്യര്‍ത്ഥന മാനിച്ച് കാര്‍ തുറന്നുകൊടുത്തു. ഒരു മണിക്കൂറിന് ശേഷം പണം കടം വാങ്ങിയാണ് ഷിബു പിഴയടച്ചത്.
കഴിഞ്ഞ ഫെബ്രുവരി 23ന് രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. തിരുവനന്തപുരത്ത് കഴിഞ്ഞയാഴ്ച മൂന്നാംക്ലാസുകാരിയെയും പിതാവിനെയും പിങ്ക് പൊലിസ് മോഷണമാരോപിച്ച് പൊതുമധ്യത്തില്‍ വിചാരണചെയ്ത പശ്ചാത്തലത്തിലാണ് ഇക്കാര്യം ഇപ്പോള്‍ വെളിപ്പെടുത്തുന്നതെന്ന് ദമ്പതികള്‍ പറഞ്ഞു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഇവര്‍ പുറത്തുവിട്ടു. കുഞ്ഞുങ്ങളോട് ക്രൂരമായി പെരുമാറുന്ന പൊലിസിന്റെ രീതി നേരത്തെയുണ്ടെന്നും അതിനൊരു മാറ്റം വേണമെന്നും അഞ്ജന പറഞ്ഞു. സംഭവത്തില്‍ പരാതി ലഭിച്ചാല്‍ ഇടപെടുമെന്ന് ബാലാവകാശ കമ്മിഷന്‍ പറഞ്ഞു. പരാതി കിട്ടിയാല്‍ അന്വേഷിച്ച് കേസെടുക്കുമെന്നും കമ്മിഷന്‍ അധ്യക്ഷന്‍ കെ.വി.മനോജ്കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."