കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ആര്.എസ്.എസ് കര്‍ഷകസംഘടന
എട്ടിന് രാജ്യവ്യാപക പ്രതിഷേധം
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ രാജ്യവ്യാപക പ്രതിഷേധവുമായി ആര്.എസ്.എസ് കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ സംഘ് (ബി.കെ.എസ്). എട്ടിന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാന്‍ ബി.കെ.എസ് തീരുമാനിച്ചു. മൂന്ന് കാര്‍ഷിക നിയമങ്ങളിലെ ചില വ്യവസ്ഥകള്‍, താങ്ങുവില തുടങ്ങിയ കാര്യങ്ങളില്‍ സംഘടന മുന്നോട്ടുവച്ച ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കാന്‍ തയാറാകാത്തതിനെത്തുടര്‍ന്നാണ് പ്രതിഷേധം.
പുതിയ കാര്‍ഷിക നിയമങ്ങളില്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ മനസിലാക്കി മിനിമം താങ്ങുവില നിയമം മൂലം ഉറപ്പാക്കണമെന്നാണ് ബി.കെ.എസിന്റെ പ്രധാന ആവശ്യം. ഓഗസ്റ്റ് 31നകം ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് സര്‍ക്കാരിന് അന്ത്യശാസനം നല്‍കുകയും ചെയ്തിരുന്നു. ഇത് സര്‍ക്കാര്‍ പരിഗണിക്കാത്തതിനാലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് ബി.കെ.എസ് ട്രഷറര്‍ യുഗല്‍ കിഷോര്‍ മിശ്ര പറഞ്ഞു. അന്നേ ദിവസം രാജ്യവ്യാപകമായി ധര്‍ണ നടത്തും. ഭാവിപദ്ധതി പിന്നാലെ തീരുമാനിക്കും. കാര്‍ഷികോത്പന്നങ്ങള്‍ക്ക് നിലവില്‍ മതിയായ വില ലഭിക്കുന്നില്ലെന്നും മിശ്ര പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ രാജ്യത്തെ കര്‍ഷകസംഘടനകള്‍ നടത്തുന്ന പ്രതിഷേധത്തില്‍നിന്ന് മാറിനിന്ന സംഘടനകളിലൊന്നായിരുന്നു ബി.കെ.എസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."