ചന്ദ്രനിലേക്ക് യു.എ.ഇയും; അല്‍ റാഷിദ് പേടകം നവംബര്‍ 28ന് വിക്ഷേപിക്കും
ദുബയ്: യു.എ.ഇയുടെ പ്രഥമ ചാന്ദ്രദൗത്യവുമായി റാഷിദ് പേടകം നവംബര്‍ 28 തിങ്കളാഴ്ച യു.എ.ഇ സമയം 12.46ന് ഫ്ളോറിഡയില്‍ നിന്ന് പറന്നുയരും. വിക്ഷേപണത്തിനായി യു.എ.ഇയിലെ മുഹമ്മദ് ബിന്‍ റാഷിദ് സെന്ററില്‍ (എം.ബി.ആര്.എസ്.സി) നിന്നുള്ള സംഘം ഫ്ലോറിഡയില്‍ എത്തിയിട്ടുണ്ട്.
യു.എ.ഇ റാഷിദ് സ്പേസ് സെന്ററിലെ എന്‍ജിനീയര്‍മാരാണ് ചാന്ദ്രദൗത്യത്തിന് ആവശ്യമായ കാര്യങ്ങള്‍ വികസിപ്പിച്ചെടുത്തത്. സ്പേസ് എക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റാണ് റാഷിദ് പേടകത്തെ ചന്ദ്രോപരിതലത്തിലേക്ക് എത്തിക്കുക. കേപ് കനാവെറലിലെ വിക്ഷേപണത്തറയില്‍ നിന്ന് നിന്നായിരിക്കും റോക്കറ്റ് കുതിച്ചുയരുക. ജപ്പാന് കമ്പനിയായ ഐസ്പേസ് ആണ് 10 കിലോ ഭാരമുള്ള പേടകം നിര്‍മിച്ചത്. ജപ്പാനില്‍ മിഷന്-1 പ്രീലോഞ്ച് പത്രസമ്മേളനത്തിലാണ് പുതിയ വിക്ഷേപണ തിയതി പ്രഖ്യാപിച്ചത്.
നവംബര്‍ ഒമ്പതിനും 15നുമിടയില്‍ വിക്ഷേപിക്കാനാണ് നേരത്തേ തയ്യാറെടുത്തിരുന്നതെങ്കിലും കാലാവസ്ഥ ഉള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ നീട്ടിവയ്ക്കുകയായിരുന്നു. ഫ്ലോറിഡയിലെ ചുഴലിക്കാറ്റ് വിക്ഷേപണത്തെ ബാധിക്കുമെന്ന പേടി ഉണ്ടായിരുന്നെന്നും എന്നാല്‍ സ്പേസ് എക്സുമായി ആവര്‍ത്തിച്ചുള്ള ചര്‍ച്ചകള്‍ക്കും ഫ്ലോറിഡയിലെ വിക്ഷേപണ സൈറ്റില്‍ നിന്നുള്ള വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ വിക്ഷേപണം നടത്താന്‍ തീരുമാനിക്കുകയായിരുന്നെന്നും ഐസ്പേസ് സ്ഥാപകനും സി.ഇ.ഒയുമായ തകേഷി ഹകമാഡ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."