വി.പി.എന്‍ നിരോധിക്കണമെന്ന് പാര്‍ലമെന്ററി സമിതി
ന്യൂഡല്‍ഹി: രാജ്യത്ത് വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് (വി.പി.എന്‍) നിരോധിക്കാന്‍ ആഭ്യന്തരകാര്യ പാര്‍ലമെന്ററി സ്ഥിരംസമിതിയുടെ ശുപാര്‍ശ.
കുറ്റവാളികളെ ഓണ്‍ലൈനില്‍ ഒളിച്ചിരിക്കാന്‍ വി.പി.എന്‍ സഹായിക്കുന്നുവെന്നാണ് സമിതിയുടെ കണ്ടെത്തല്‍. അതിനാല്‍ രാജ്യത്ത് സ്ഥിരമായി നിരോധിക്കുന്നതിന് ഒരു ഏകോപന സംവിധാനം കൊണ്ടുവരണം.
വി.പി.എന്നുകള്‍ ഡേറ്റ എന്‍ക്രിപ്റ്റ് ചെയ്താണ് കൈമാറുന്നത്. ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ (ഐ.പി) വിലാസം മറയ്ക്കുന്നതിനാല്‍ ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ പ്രയാസമാണ്. ബ്ലോക് ചെയ്ത വെബ്‌സൈറ്റുകളും മറ്റും ഉപയോഗിക്കാന്‍ വി.പി.എന്‍ ശൃംഖല വഴി ഉപയോക്താക്കള്‍ക്ക് സാധിക്കും.
പൊതു വൈഫൈ നെറ്റ്‌വര്‍ക്കിലാണെങ്കിലും വി.പി.എന്‍ ഉപയോഗിക്കുന്നതുവഴി ഓണ്‍ലൈന്‍ തിരിച്ചറിയല്‍ മറച്ചുവയ്ക്കുമെന്നും സമിതി പറയുന്നു.
അതേസമയം വി.പി.എന്നുകള്‍ വര്‍ക്ക് ഫ്രം ഹോം പോലുള്ള ആവശ്യങ്ങള്‍ക്ക് അത്യാവശ്യമാണ് എന്നത് കമ്പനികളെ അലോസരപ്പെടുത്തുന്നുണ്ട്. വി.പി.എന്‍, ഡാര്‍ക് വെബ് തുടങ്ങിയവ സൈബര്‍ സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്ന് പറയുമ്പോഴും ലോക്ക്ഡൗണില്‍ പല കമ്പനികളും വി.പി.എന്‍ വഴിയാണ് ഓണ്‍ലൈന്‍ ജോലികള്‍ ചെയ്യുന്നത്.
വി.പി.എന്‍ സര്‍വിസുകള്‍ വിവിധ വെബ്‌സൈറ്റുകള്‍ പരസ്യം ചെയ്യുന്നുണ്ടെന്നും എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യാമെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്റര്‍നെറ്റ് സേവന ദാതാക്കളുടെ സഹായത്തോടെ ആഭ്യന്തര, ഐ.ടി മന്ത്രാലയങ്ങള്‍ ഇടപെട്ട് നിയന്ത്രണം കൊണ്ടുവരണമെന്നാണ് സമിതിയുടെ ശുപാര്‍ശ.
ഓഗസ്റ്റ് 10 നാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമിതി രാജ്യസഭയില്‍ സമര്‍പ്പിച്ചത്. ബാങ്കിങ് മേഖലയിലെ ഓണ്‍ലൈന്‍ ഇടപാട് ഉള്‍പ്പെടെ നിലവില്‍ വി.പി.എന്‍ ഉപയോഗിക്കുന്നതിനാല്‍ ഇത്തരം സേവനം നല്‍കുന്ന കമ്പനികളും ആശങ്കയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."