ഇന്ത്യയിലെ പൈതൃക കേന്ദ്രങ്ങള്‍
അബ്ദുല്‍ അസിസ്. പി
പിന്നിട്ട കാലഘട്ടത്തിലെ അമൂല്യമായ സ്മാരകങ്ങളും കെട്ടിടങ്ങളും സംരക്ഷിക്കുന്നതിനു വേണ്ടിയാണ് യുനെസ്‌കോ പൈതൃക കേന്ദ്രങ്ങളെ ഓരോ വര്‍ഷവും തെരഞ്ഞെടുക്കുന്നത്. പ്രകൃതിയിലെ വൈവിധ്യം നിറഞ്ഞ പ്രദേശങ്ങളെയും യുനെസ്‌കോ പൈതൃകപ്പട്ടികയില്‍ ഉള്‍പെടുത്താറുണ്ട്. ലോക ജനതയുടെ ആകെ ഉത്തരവാദിത്വമാണ് ഓരോ യുനെസ്‌കോ കേന്ദ്രവും മികച്ച രീതിയില്‍ സംരക്ഷിക്കുക എന്നുള്ളത്.
ഫ്രാന്‍സിലെ പാരീസിലാണ് യുനെസ്‌കോയുടെ (യുണൈറ്റഡ് നേഷന്‍സ് എജ്യൂക്കേഷണല്‍ സയന്റിഫിക് ആന്‍ഡ് കള്‍ചറല്‍ ഓര്‍ഗനൈസേഷന്റെ) ആസ്ഥാനം. യുനെസ്‌കോയുടെ വേള്‍ഡ് ഹെറിറ്റേജ് കമ്മിറ്റിയാണ് ഓരോ വര്‍ഷവും പൈതൃക കേന്ദ്രങ്ങളെ തെരഞ്ഞെടുക്കുന്നത്. ഓരോ രാജ്യത്തിനും അവരുടെ പൈതൃക കേന്ദ്രങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനു നോമിനേറ്റ് ചെയ്യാം. വിദഗ്ധമായ പരിശോധനകള്‍ക്കു ശേഷമാണ് അനുയോജ്യമായ കേന്ദ്രങ്ങള്‍ക്ക് യുനെസ്‌കോ ലോക പൈതൃക പദവി നല്‍കുന്നത്.
ഈ വര്‍ഷത്തെ വേള്‍ഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ സെഷന്‍ നടന്നത് ചൈനയിലെ ഫ്യൂഷുവില്‍ ആയിരുന്നു. ജൂലൈ പതിനാറു മുതല്‍ മുപ്പത്തിയൊന്നു വരെ നടന്ന നാല്‍പ്പത്തിനാലാമത് സെഷനില്‍ മുപ്പത്തിനാല് പുതിയ യുനെസ്‌കോ സൈറ്റുകളെ കമ്മിറ്റി തെരഞ്ഞെടുത്തു.
2021ലെ കണക്കനുസരിച്ചു ഇന്ത്യയില്‍ ആകെ 40 യുനെസ്‌കോ പൈതൃക കേന്ദ്രങ്ങള്‍ ആണുള്ളത്. 32 കള്‍ച്ചറല്‍ സൈറ്റുകളും 7 നാച്ച്വറല്‍ സൈറ്റുകളും ഒരു മിക്‌സഡ് സൈറ്റുമാണ് ഇന്ത്യയില്‍ ഉള്ളത്.
പുതിയ പട്ടികയിലേക്ക്
ഏറ്റവും പുതിയതായി പട്ടികയിലേക്ക് വന്ന കേന്ദ്രങ്ങളാണ് തെലങ്കാനയിലെ മുളുകു ജില്ലയില്‍ വാറങ്കലിന് അടുത്തുള്ള രാമപ്പ രുദ്രേശ്വര ക്ഷേത്രവും ഗുജറാത്തിലെ കച്ച് ജില്ലയിലുള്ള ധോളാവീരയും.
കക്കാട്ടിയ രാജവംശമാണ് പതിമൂന്നാം നൂറ്റാണ്ടില്‍ മണല്‍ കല്ലുകളും ഗ്രാനൈറ്റും ഉപയോഗിച്ച് രുദ്രേശ്വര രാമപ്പ ക്ഷേത്രം നിര്‍മിച്ചത്. അതിശയിപ്പിക്കുന്ന കൊത്തുപണികളും നിര്‍മാണ രീതിയിലെ പ്രത്യേകതകളും ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നു.
മൂന്നുതരം യുനെസ്‌കോ കേന്ദ്രങ്ങള്‍
യുനെസ്‌കോ സൈറ്റുകളെ മൂന്നായി
തരം തിരിച്ചിട്ടുണ്ട്. സൈറ്റുകളുടെ പ്രത്യേകത അനുസരിച്ചാണ് ഇത്.
1. കള്‍ച്ചറല്‍ സൈറ്റുകള്‍
(മനുഷ്യ നിര്‍മിതമായവ)
2. നാച്ച്വറല്‍ സൈറ്റുകള്‍ (പ്രകൃതിദത്തമായവ)
3. മിക്‌സഡ് സൈറ്റുകള്‍
(മനുഷ്യനിര്‍മിതവും പ്രകൃതിദത്തവും കൂടി ചേര്‍ന്നത് )
നിലവില്‍ ലോകത്താകെ 897 കള്‍ച്ചറല്‍ സൈറ്റുകളും 218 നാച്ച്വറല്‍ സൈറ്റുകളും 39 മിക്‌സഡ് സൈറ്റുകളും ആണ് ഉള്ളത്. ആകെ സൈറ്റുകളുടെ എണ്ണം 1154 ആണ്.
പ്രകൃതിദത്ത കേന്ദ്രങ്ങള്‍
1. കാസിരംഗ ദേശീയോദ്യാനം, അസം
2. മാനസ് വൈല്‍ഡ് ലൈഫ് സാങ്ങ്ച്ചുറി, അസം
3. കേവല്‍ദേവ് ദേശീയോദ്യാനം, രാജസ്ഥാന്‍
4. സുന്ദര്‍ബന്‍സ് ദേശീയോദ്യാനം, വെസ്റ്റ് ബംഗാള്‍
5. നന്ദാദേവി ആന്‍ഡ് വാലി ഓഫ് ഫ്‌ളവേഴ്‌സ് നാഷണല്‍ പാര്‍ക്ക്, ഉത്തരാഖണ്ഡ്
6. വെസ്റ്റേണ്‍ ഘാട്‌സ് (പശ്ചിമഘട്ട മലനിരകള്‍)
(ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, കേരളം, തമിഴ്‌നാട്)
7. ഗ്രേറ്റ് ഹിമാലയന്‍ നാഷനല്‍ പാര്‍ക്ക് കണ്‍സര്‍വേഷന്‍ ഏരിയ, ഹിമാചല്‍ പ്രദേശ്
പൈതൃക പഠനം
വിനോദസഞ്ചാരം
പൈതൃക പഠനത്തില്‍ താല്‍പര്യമുള്ളവര്‍ക്കും ഗവേഷണം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും അനുയോജ്യമായ കേന്ദ്രങ്ങളാണ് യുനെസ്‌കോ പൈതൃക കേന്ദ്രങ്ങള്‍. ഡല്‍ഹി ആസ്ഥാനമായുള്ള ആര്‍ക്കിയോളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണ് പൈതൃക കേന്ദ്രങ്ങളെ സംരക്ഷിച്ചു പോരുന്നത്.
ഇന്ത്യയിലെ ഏറ്റവും അമൂല്യമായ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കൂടിയാണ് യുനെസ്‌കോ പൈതൃക കേന്ദ്രങ്ങള്‍. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് സ്വദേശ- വിദേശ സഞ്ചാരികളാണ് യുനെസ്‌കോ പൈതൃക കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത്.
യുനെസ്‌കോയുടെ സാമ്പത്തിക സഹായത്തിനു പുറമെ എന്‍ട്രി ടിക്കറ്റുകളില്‍നിന്നുള്ള വരുമാനമാണ് പൈതൃക കേന്ദ്രങ്ങളുടെ സംരക്ഷണത്തിനായി ഉപയോഗിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."