പാഠപുസ്തകത്തില്‍നിന്ന് ഇന്ത്യയെ മായ്ക്കുന്നതെന്തിന്? . .
പാഠപുസ്തകത്തില്‍നിന്ന് ഇന്ത്യയെ മായ്ക്കുന്നതെന്തിന്? . .
ഡോ. ടി.എസ് ശ്യാംകുമാര്‍
ബ്രാഹ്മണ്യശക്തികള്‍ ഭരണകൂട അധികാര കേന്ദ്രമായി മാറിയതോടെ ഇന്ത്യാ ചരിത്രത്തെ സമ്പൂര്‍ണമായി മാറ്റിയെഴുതാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. അതിന്റെ പ്രതിഫലനം മാത്രമാണ് എന്‍.സി.ഇ.ആര്‍.ടി സോഷ്യല്‍ സയന്‍സ് പാഠഭാഗങ്ങളില്‍നിന്ന് 'ഇന്ത്യ'യെ ഒഴിവാക്കി 'ഭാരതം' എന്ന് മാത്രമായി ചുരുക്കാന്‍ ശ്രമിക്കുന്നത്. 'India that is Bharath' എന്നാണ് ഭരണഘടന രാഷ്ട്രത്തെ ദര്‍ശിക്കുന്നത്. അതില്‍ ഇന്ത്യയെ ഒഴിവാക്കി ഭാരതം എന്ന് മാത്രംപ്രയോഗവല്‍ക്കരിക്കുന്നതിന് പിന്നില്‍ ബ്രാഹ്മണ്യത്തിന്റെ അസമത്വരാഷ്ട്രീയമാണ് ഉള്ളടങ്ങിയിരിക്കുന്നത്.
ഭാരതത്തിന്റെ അര്‍ഥമാനങ്ങള്‍
ഇന്ത്യ എന്ന പേര് കൊളോണിയല്‍ ഭരണക്രമത്തിന്റെ അധിനിവേശ ഭാരം പേറുന്ന ഒരു നാമമാണെന്നും ഭാരതം എന്നതാണ് അഭിമാനാര്‍ഹമായ നാമമെന്നും ഇന്ത്യയെന്ന പേരിന് പകരം ഭാരതം എന്ന് മാത്രമാക്കി രാഷ്ട്രനാമം ചുരുക്കുന്നവര്‍ വാദിക്കുന്നുണ്ട്. ഭാരതം എന്ന പേര് ചിരപുരാതനമാണെന്നതാണ് ഒരു വാദം. അതിലേക്കായി ചരിത്രകാരന്മാര്‍ എന്ന് നടിക്കുന്നവര്‍ വിഷ്ണുപുരാണത്തെയാണ് ഉദ്ധരിക്കുന്നത്. എന്നാല്‍ ഈ വാദമനുസരിച്ച് നോക്കിയാല്‍ ആധുനിക ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ അതുള്‍ക്കൊള്ളുന്നില്ലെന്ന് കാണാന്‍ കഴിയും. വിഷ്ണുപുരാണമനുസരിച്ച് 'സമുദ്രത്തിന് വടക്കും ഹിമാലയത്തിന് തെക്കുമായി സ്ഥിതി ചെയ്യുന്ന സ്ഥലരാശിയെയാണ് ഭാരതവര്‍ഷം' എന്ന് വിളിക്കുന്നത് (ഉത്തരം യദ് സമുദ്രസ്യ ഹിമാദ്‌രേശ് ചൈവ ദക്ഷിണം / വര്‍?ഷം തദ് ഭാരതം നാമ ഭാരതീ യത്ര സന്തതി:). ഈ നിര്‍വചനമനുസരിച്ച് ആധുനിക ഇന്ത്യയുടെ ഭാഗമല്ലാത്ത അഫ്ഗാനിസ്ഥാനും പാകിസ്താനുമെല്ലാം ഭാരതവര്‍ഷത്തില്‍ ഉള്‍പ്പെടുന്നുവെന്ന് അറിയാന്‍ കഴിയും. വിഷ്ണുപുരാണ പ്രകാരം ഭാരതവര്‍ഷത്തിലെ ഭരതവംശം ആരംഭിക്കുന്നത് സ്വായംഭുവ മനുവില്‍ നിന്നുമാണ്. ഈ വംശകഥനം ഇന്ത്യാ ചരിത്രത്തെ ഫ്യൂഡല്‍ നാടുവാഴി രാജാധിപത്യക്രമമായി ഉറപ്പിക്കുന്നതാണ്.
ഇന്ത്യ പോലെ വൈവിധ്യപൂര്‍ണമായ ഒരു രാഷ്ട്രം ഏതെങ്കിലും ഒരു രാജാവില്‍നിന്ന് ഉദ്ഭൂതമായതായി വാദിക്കുന്നത് വൈവിധ്യപൂര്‍ണമായ ജനസംസ്‌കാരത്തെ തമസ്‌കരിക്കലാണ്. ഭരതന്‍ എന്ന രാജാവില്‍നിന്ന് ഉളവായതായി കല്‍പിക്കപ്പെടുന്ന ഭാരതം എന്ന പേര് ബ്രാഹ്മണ്യ രാജാധിപത്യക്രമത്തെയാണ് സ്ഥാപിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പാര്‍ലമെന്റിന്റെ ശിലാന്യാസം മുതല്‍ ബ്രാഹ്മണാനുഷ്ഠാനങ്ങള്‍ക്ക് അമിത പ്രാധാന്യം കൈവരുന്ന രീതിയില്‍ ആചാരക്രമങ്ങള്‍ നിര്‍വഹിക്കപ്പെടുകയും അവസാനം പാര്‍ലമെന്റ് മന്ദിരത്തില്‍ ചെങ്കോല്‍ സ്ഥാപിക്കപ്പെടുകയും ചെയ്തത്. ഇത് പൗരാണിക ഭാരതത്തിലേക്ക് ഇന്ത്യയെ മാറ്റിയെഴുതുന്ന പ്രക്രിയയാണ്. രാഷ്ട്രീയമായി ഇന്ത്യയെ പൗരാണിക ഭാരതമാക്കി മാറ്റുന്ന പ്രക്രിയക്ക് പാഠപുസ്തകങ്ങളിലൂടെ ആശയം പകരുകയാണ് എന്‍.സി.ഇ.ആര്‍.ടി ഇപ്പോള്‍ ചെയ്യുന്നതെന്ന് ചുരുക്കം.
വിഷ്ണുപുരാണത്തിലെ ഭാരത സങ്കല്‍പത്തില്‍ ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ശൂദ്രരും അവരവര്‍ക്ക് വിധിച്ച വര്‍ണ ധര്‍മങ്ങള്‍ പാലിച്ച് വേണം ജീവിക്കാന്‍ എന്ന് വിധിക്കുന്നുണ്ട്. വര്‍ണധര്‍മമനുസരിച്ച് ബ്രാഹ്മണര്‍ക്ക് ഉന്നതസ്ഥാനവും ശൂദ്രര്‍ക്ക് ഹീനമായ മ്ലേച്ഛ പദവിയുമാണ് കല്‍പിക്കപ്പെട്ടിരിക്കുന്നത്. അവര്‍ണരുടെ സ്ഥിതി ഇതിലും ദയനീയമാണ്. ഇങ്ങനെ നോക്കിയാല്‍ വിഷ്ണുപുരാണമനുസരിച്ചുള്ള ഭാരത സങ്കല്‍പം സമ്പൂര്‍ണമായ ചാതുര്‍വര്‍ണ്യ ജാതിവ്യവസ്ഥയെ നിലനിര്‍ത്തുന്ന രാഷ്ട്രസങ്കല്‍പമാണ് മുന്നോട്ടു വയ്ക്കുന്നതെന്ന് സ്പഷ്ടമാണ്. അതുകൊണ്ടുതന്നെ വിഷ്ണുപുരാണത്തെ ആധാരമാക്കി ഇന്ത്യയെന്ന പേര് മാറ്റി ഭാരതം എന്ന് മാത്രം ചുരുക്കുന്നവര്‍ ലക്ഷ്യമിടുന്നത് ഇന്ത്യയെ ഒരു ചാതുര്‍വര്‍ണ്യ രാഷ്ട്രമാക്കി മാറ്റുക എന്നതാണ്.
ഭാരതവും ഇന്ത്യയും
ദേശീയ സ്വാതന്ത്ര്യ സമരത്തില്‍ ഏറ്റവുമധികം മുഴങ്ങിക്കേട്ട മുദ്രാവാക്യമാണ് 'ഭാരത് മാതാ കീ ജയ്' എന്നുള്ളത്. ബ്രിട്ടീഷ് കൊളോണിയല്‍ ശക്തികളില്‍ നിന്നുള്ള മോചനത്തിന് ഈ മുദ്രാവാക്യം യോജിച്ച ശക്തി പകര്‍ന്നു എന്ന് വാദിക്കാറുണ്ട്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരായ പോരാട്ടമാണ് ജാതിവ്യവസ്ഥയാല്‍ ചിന്നിച്ചിതറിയ ജനസമൂഹത്തില്‍ ദേശത്തെ സംബന്ധിച്ച ചില 'ഐക്യഭാവനകള്‍' പകര്‍ന്നത്. എന്നാല്‍ ദേശീയ സ്വാതന്ത്ര്യ സമരത്തില്‍ നിന്നുള്ള ആധുനികമായ 'ഭാരത' ഭാവനകളല്ല ബ്രാഹ്മണ്യശക്തികള്‍ സ്വീകരിക്കുന്നത്. അവര്‍ ഇന്ത്യക്കെതിരായി ഭാവനപ്പെടുത്തുന്ന ഭാരതം, വിഷ്ണുപുരാണത്തില്‍ വിവരിക്കുന്ന വര്‍ണധര്‍മം അനുസരിച്ച് ശ്രേണീകൃതമായും അസമത്വ പരിപൂരിതമായും മനുഷ്യര്‍ ജീവിക്കുന്ന സാമൂഹ്യവ്യവസ്ഥയെയാണ് സങ്കല്‍പനം ചെയ്യുന്നത്. ഇതാകട്ടെ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ വിമോചനാത്മകമായ തുറവികളെ (അതിന്റെ എല്ലാ പരിമിതികളും ഇരിക്കെ തന്നെ) സമ്പൂര്‍ണമായി തമസ്‌കരിച്ചും ഹിംസാത്മകമായി പ്രഹരിച്ചുമാണ് പ്രവര്‍ത്തനഭരിതമാവുന്നത്.
അടിസ്ഥാനപരമായി ആധുനിക ഇന്ത്യയെ ആയിരത്താണ്ടുകളോളം പിന്നോട്ട് പായിച്ച് വര്‍ണധര്‍മമനുസരിച്ചുള്ള പൗരാണിക രാഷ്ട്രമാക്കി മാറ്റാനാണ് ബ്രാഹ്മണ്യശക്തികള്‍ ശ്രമിക്കുന്നത്. ആത്യന്തികമായി ഇന്ത്യന്‍ ഭരണഘടന ദര്‍ശനം ചെയ്യുന്ന സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങള്‍ നിരസിച്ചുകൊണ്ട് ഇന്ത്യന്‍ സാമൂഹികഘടനയെ ചാതുര്‍വര്‍ണ്യത്തില്‍ ഉറപ്പിച്ചുനിര്‍ത്തുകയാണ് പുരാണങ്ങളിലെ ദേശഭാവനകളെ പുതിയ കാലത്ത് അടിച്ചേല്‍പ്പിക്കാന്‍ യത്‌നിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. പുരാണങ്ങള്‍ അവതരിപ്പിക്കുന്ന ചാതുര്‍വര്‍ണ്യ ജാതി അസമത്വവ്യവസ്ഥയുടെ ദേശഭാവനകളെ നിര്‍മൂലനം ചെയ്തുകൊണ്ടാണ് ഭരണഘടനാ വിധാതാക്കള്‍ ഇന്ത്യയെ ജനായത്ത രാഷ്ട്രമായി സ്ഥാനപ്പെടുത്തിയത്. പേരുമാറ്റത്തിലൂടെ ഇന്ത്യന്‍ ഭരണഘടനയെ ആന്തരികമായി ദുര്‍ബലപ്പെടുത്തുകയാണ് ഹിന്ദുത്വര്‍ ലക്ഷ്യംവയ്ക്കുന്നത്. സവര്‍ണ സംവരണവും ജാതി സെന്‍സസിനെതിരായ ഹിന്ദുത്വ മനോഭാവവും പുതിയ ന്യായസംഹിതയുമെല്ലാം അതിലേക്കുള്ള ചവിട്ടുപടികള്‍ മാത്രമാണ്. മധുരം നല്‍കുന്ന ഫലത്തെ ഉള്ളില്‍നിന്ന് തുരക്കുന്ന ക്ഷുദ്രജീവികളെപ്പോലെ വര്‍ണധര്‍മ വക്താക്കള്‍ ഭരണഘടനയെ ആന്തരികമായി ദുര്‍ബലമാക്കാന്‍ യത്‌നിക്കുകയാണ്. വര്‍ണധര്‍മ സനാതന പ്രേമികളുടെ ഈ ശ്രമത്തെ പരാജയപ്പെടുത്തിയാല്‍ മാത്രമേ സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവുമുള്ള ഇന്ത്യയെ നിലനിര്‍ത്താന്‍ കഴിയൂ.
ജനായത്ത ഇന്ത്യയുടെ അതിജീവനത്തിന് ചാതുര്‍വര്‍ണ്യത്തിന്റെ അവതാരങ്ങളെ തിരിച്ചറിയുകയും ജനായത്ത ബദലുകള്‍ അവതരിപ്പിക്കുകയും ചെയ്യേണ്ട അപകടകരമായ കാലത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ ഇത് കേവലം പേരിന്റെ മാത്രം പ്രശ്‌നമല്ല; ഇന്ത്യയെ ജനായത്ത ഇന്ത്യയായി നിലനിര്‍ത്തേണ്ട പ്രശ്‌നം കൂടിയാണ്. പാഠപുസ്തകങ്ങളില്‍നിന്ന് മുഗള്‍ ചരിത്രം ഒഴിവാക്കിയും മുഗള്‍ കാലത്തെ പൈശാചികവല്‍ക്കരിച്ചും അവതരിപ്പിച്ചതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സോഷ്യല്‍ സയന്‍സ് പാഠഭാഗങ്ങളിലെ പേരുമാറ്റ പ്രക്രിയയും. രാഷ്ട്രീയമായി വോട്ടു ചെയ്യാന്‍ കഴിയുകയും സാമൂഹികമായും സാംസ്‌കാരികമായും ബ്രാഹ്മണ്യ സ്വേച്ഛാധിപത്യത്തിന് സ്വാഭാവികമായി വിധേയപ്പെടേണ്ടിവരികയും ചെയ്യുന്ന ജനത ഇത് തിരിച്ചറിഞ്ഞാല്‍ മാത്രമേ ജനായത്ത ഇന്ത്യയെ രക്ഷിക്കാന്‍ കഴിയൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."