അടിവസ്ത്രം മാത്രം ധരിച്ച് എം.എല്‍.എയുടെ ട്രെയിന്‍ യാത്ര; ചോദ്യം ചെയ്ത യാത്രക്കാരന് നേരെ ഭീഷണി
പട്ന: ബിഹാറില്‍ എം.എല്‍.എ ട്രെയിനില്‍ യാത്ര ചെയ്തത് അടിവസ്ത്രം മാത്രം ധരിച്ച്. ജെ.ഡി.യു എം.എല്‍.എ ഗോപാല്‍ മണ്ഡല് ആണ് പട്നയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള തേജസ് രാജധാനി എക്സ്പ്രസിലാണ് എം.എല്‍.എ അര്‍ധനഗ്നനായി യാത്ര ചെയ്തത്.
സ്ത്രീകളും കുട്ടികളും അടക്കമുള്ള എസി ഫസ്റ്റ് ക്ലാസ് കമ്പാര്‍ട്ട്മെന്റിലായിരുന്നു ഭരണകക്ഷി നേതാവായ എം.എല്‍.എയുടെ യാത്ര. അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ച് യാത്ര ചെയ്യുന്ന എം.എല്‍.എയോട് വേഷത്തെ കുറിച്ച് ചോദിച്ച യാത്രക്കാരനെ എംഎല്‍എ ഭീഷണിപ്പെടുത്തുകയും ചെയ്തു. ചോദ്യം ചെയ്താല്‍ വെടി വെയ്ക്കുമെന്നായിരുന്നു എം.എല്‍.എയുടെ ഭീഷണി.
പ്രഹദ് പാസ്വാന് എന്ന യാത്രക്കാരനായിരുന്നു ആദ്യം എം.എല്‍.എയെ ചോദ്യം ചെയ്തത്. എന്നാല്‍ അദ്ദേഹം എം.എല്‍.എ ആണെന്നൊന്നും തനിക്ക് അറിയില്ലായിരുന്നെന്നും അടിവസ്ത്രം ധരിച്ച് കമ്പാര്‍ട്മെന്റിലൂടെ നടക്കുന്നത് ചോദ്യം ചെയ്ത തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും പ്രഹദ് പാസ്വാന് പറഞ്ഞു.
അദ്ദേഹത്തെ ചോദ്യം ചെയ്ത മറ്റ് യാത്രക്കാരേയും ഗോപാല്‍ മണ്ഡല് അധിക്ഷേപിക്കുകയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നും പാസ്വാന് ആരോപിച്ചു.
അതേസമയം കടുത്ത പ്രമേഹരോഗിയായ എംഎല്‍എ പെട്ടെന്ന് ശൗചാലയത്തില്‍ പോകുന്നതിനിടെ വസ്ത്രം ധരിച്ചില്ലെന്നേയുള്ളൂവെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."