ഖത്തറിന്റെ 29 രാവുകൾ
പി.കെ നൗഷാദ്
മധ്യപൂർവേഷ്യയിലെ ആദ്യ ഫുട്ബോൾ മാമാങ്കത്തിന് പന്തുരുളാൻ ഇനി മണിക്കൂറുകൾ ബാക്കി. ഖത്തർ എന്ന കൊച്ചു മരതകദ്വീപ് ഫുട്ബോൾ ജീവവായുവാക്കുമ്പോൾ അസൂയപ്പെടുന്ന, വിദ്വേഷം പരത്തുന്ന പലരെയും പുറത്തുകാണാം. അവർക്കെല്ലാമുള്ള മറുപടി ആദ്യമേ നൽകിക്കഴിഞ്ഞിരിക്കുന്നു... 'ഞങ്ങൾ വിജയകരമായി ലോകകപ്പ് നടത്തും'. ഇനി അവർ ആ ലോകമാമാങ്കത്തിലേക്ക് പ്രവേശിക്കട്ടെ. ഖത്തറിന്റെ വാതിൽ ലോകത്തിനു മുന്നിൽ തുറക്കപ്പെട്ടിരിക്കുന്നു. ശാസ്ത്രീയവും കൃത്യമായ ആസൂത്രണത്തോടെയുമുള്ള വാസ്തുകലകൾ, കണ്ണിമക്കാതെ നോക്കിനിൽക്കാൻ മാത്രംപോന്ന ആകാശത്തേക്കുയർന്നു പോകുന്ന കെട്ടിടങ്ങൾ, താളമായൊഴുകി ചിത്രം വരയ്ക്കുന്ന പ്രകാശസ്തൂപങ്ങൾ.... ഖത്തർ വിസ്മയമാവുകയാണ്. ലോകമാകെ ഒരു പന്തിനുചുറ്റം നൃത്തമാടുമ്പോൾ അറേബ്യൻ രാവുകൾ വീണ്ടും സ്മരിക്കപ്പെടുകയാണ്. അത്ഭുതവിളക്കുകൾക്ക് നാളം കൊടുക്കുകയാണ്.
ചരിത്രത്തിൽ ആദ്യമായാണ് ഖത്തറിന്റെ കടുത്ത വേനൽച്ചൂട് കാരണമായി ഫിഫ ലോകകപ്പ് നവംബർ അവസാനം മുതൽ ഡിസംബർ പകുതി വരെയായി നടത്തുന്നത്. അതുകൊണ്ടുതന്നെ ഇത് മെയ്, ജൂൺ, ജൂലൈ മാസങ്ങളിൽ നടക്കാത്തതും വടക്കൻ ശരത്കാലത്തിൽ നടക്കുന്നതുമായ ആദ്യത്തെ ടൂർണമെന്റായി മാറുന്നു. ഏകദേശം 29 ദിവസത്തെ കുറഞ്ഞ സമയപരിധിക്കുള്ളിലാണ് ഈ കളികളെല്ലാം നടക്കുന്നു എന്നുള്ളതടക്കമുള്ള പ്രത്യേകതകളെല്ലാം ഇനി ഖത്തറിന് സ്വന്തം.
ഫ്ളാഷ് ബാക്ക്
1.7 ദശലക്ഷം ആളുകൾ മാത്രമുള്ള ഒരു രാജ്യത്തിന് ഫിഫ 2022 ടൂർണമെന്റ് നൽകാൻ 22 എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ വോട്ട് ചെയ്തതായി 2010 ഡിസംബർ രണ്ടിന് അന്നത്തെ ഫിഫ പ്രസിഡന്റ് സെപ്പ് ബ്ലാറ്റർ പ്രഖ്യാപിക്കുന്നു. ശേഷം ഖത്തർ ലോകകപ്പിന്റെ ആദ്യ മിഡിൽ ഈസ്റ്റേൺ ആതിഥേയരായി ഔദ്യോഗിക പ്രഖ്യാപനവുമുണ്ടാകുന്നു. സഹോദര രാജ്യങ്ങളടക്കം കടുത്ത ഉപരോധമേർപ്പെടുത്തിയ ഒരു കെട്ട കാലത്തിന്റെ ഓർമയിലല്ല ഇന്നും ഖത്തറികൾ ഈ ദിവസത്തെ സ്മരിക്കുന്നത്. പകരം ഇച്ഛാശക്തിയുള്ള ഒരു ഭരണാധികാരിയുടെ മഹത്തരമായ ചുവടുവയ്പ്പായാണ്. ഫിഫയിലെ പ്രധാനികളായ ആസ്ത്രേലിയ, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിങ്ങനെ പലർക്കും പ്രിയങ്കരമായി കണക്കാക്കപ്പെട്ടിരുന്ന അമേരിക്കയെ പിന്തള്ളിയാണ് ഒടുവിൽ ഫിഫ അതു പ്രഖ്യാപിച്ചത് എന്നതിൽനിന്നുതന്നെ എതിർപ്പുകളും അപവാദങ്ങളും ഒഴുകിവരുന്നതിന്റെ കാരണം മനസിലാക്കാം. കൂടാതെ നിറംപിടിപ്പിച്ച് പറഞ്ഞു നടന്ന ബിഡ് നേടാൻ നൽകിയ കൈക്കൂലിക്കഥകളും. പക്ഷേ, ഇത്തരം സമ്മർദ തന്ത്രങ്ങളൊക്കെയും സ്വദേശികളും വിദേശികളുമായി ഖത്തറിൽ വസിക്കുന്ന ജനങ്ങളുടെ പൂർണ സഹകരണത്തോടെ ഖത്തർ മറികടന്നു എന്നുള്ളതിന് ജീവിക്കുന്ന തെളിവുകളുണ്ട്.
2015 നവംബറിൽ നിർമാണം ആരംഭിച്ച് ഏഴു വർഷത്തെ പ്രവർത്തനത്തിനും കോടിക്കണക്കിന് ഡോളർ ചെലവഴിച്ചതിനും ശേഷം, രാജ്യം ഒടുവിൽ ഈ ഗ്രഹത്തിലെ ഏറ്റവും ആകർഷകവും വാസ്തുവിദ്യാപരമായി ആശ്ചര്യകരവുമായ ചില സ്റ്റേഡിയങ്ങൾ നിർമിച്ചു. ഇതൊക്കെയും പൂർണമായും മത്സരസജ്ജമായി എന്നുള്ളത് കഴിഞ്ഞ ലോകകപ്പുകൾ നടന്ന രാജ്യങ്ങളിൽ നിന്നൊക്കെ ഖത്തറിനെ വിഭിന്നമാക്കുന്നു. സൗത്ത് ആഫ്രിക്കയിലും ബ്രസീലിലും തദ്ദേശീയരുടെ കടുത്ത എതിർപ്പുകൾ പലപ്പോഴും ഫിഫയ്ക്കു നേരിടേണ്ടി വന്നിരുന്നു.
അതുപോലെ ലോകകപ്പ് ഉദ്ഘാടനത്തിന് വിളിപ്പാടകലെ മാത്രമാണ് പല മത്സരവേദികളും സജ്ജമായത് എന്നുള്ളത് അവിടങ്ങളിലൊക്കെയും ഫിഫയ്ക്ക് ചങ്കിടിപ്പുണ്ടാക്കിയിരുന്നു. ഇതിൽ നിന്നൊക്കെ പാഠമുൾക്കൊണ്ട് തന്നെയാവാം ഖത്തർ സുസജ്ജമായ സ്റ്റേഡിയങ്ങളും ഫാൻ ഫെസ്റ്റ് കേന്ദ്രങ്ങളും നേരത്തെ തന്നെ പ്രവർത്തനനിരതമാക്കിയത്.
വിസ്മയമൊളിപ്പിച്ച
സ്റ്റേഡിയങ്ങൾ
വിശാല മരുഭൂമിയിൽ കെട്ടിയ ടെന്റ് ആകൃതിയിലുള്ള അൽബൈത്ത് സ്റ്റേഡിയത്തിലാണ് ലോകകപ്പിന്റെ കിക്കോഫ് നടക്കുന്നത്. ഗ്രൂപ്പ് എ യിൽ ഖത്തറും ഇക്വഡോറും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന്റെ പന്തുരുളുന്ന ഈ സ്റ്റേഡിയത്തിന് 60,000 പേരെ ഉൾക്കൊള്ളാൻ ശേഷിയുണ്ട്. മധ്യദോഹയിൽ നിന്ന് 35 കിലോമീറ്റർ വടക്കായി അൽ ഖോർ സിറ്റിയിലാണ് ഇതു സ്ഥിതിചെയ്യുന്നത്.
2022 ഫിഫ ലോകകപ്പ് ഫൈനലിന്റെ ആതിഥേയത്വം വഹിക്കുന്നത് ലുസൈൽ ഐക്കണിക് കളിമൈതാനമാണ്. രൂപഭംഗിയിലും നിർമാണ സാങ്കേതികത്വങ്ങളിലും വലിയ അത്ഭുതമാണീ മൈതാനം. അറബ് പൈതൃകവും പാരമ്പര്യവും ഒളിപ്പിച്ചുവച്ച കളിസ്ഥലംകൂടിയാണിത്. 80,000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള പടുകൂറ്റൻ സ്റ്റേഡിയം സെൻട്രൽ ദോഹയിൽ നിന്ന് 20 കിലോമീറ്റർ വടക്ക് ലുസൈൽ സിറ്റിയിലാണ് സ്ഥിതിചെയ്യുന്നത്.
അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിനു 40,000 പേരെ ഉൾക്കൊള്ളാവുന്ന കപ്പാസിറ്റിയാണുള്ളത്. സെൻട്രൽ ദോഹയിൽ നിന്ന് 20 കിലോമീറ്റർ പടിഞ്ഞാറ് ഉമ്മുൽ അഫായിലാണ് സ്റ്റേഡിയം. അൽ ജനൂബ് സ്റ്റേഡിയത്തിൽ 40,000 പേരെ അനുവദിക്കും.
സെൻട്രൽ ദോഹയിൽ നിന്ന് 22 കിലോമീറ്റർ കിഴക്ക് അൽ വക്രയിലാണ് നിർമിച്ചിരിക്കുന്നത്. അൽ തുമാമ സ്റ്റേഡിയത്തിന് 40,000മാണ് ശേഷി, സെൻട്രൽ ദോഹയിൽനിന്ന് 12 കിലോമീറ്റർ തെക്ക് അൽ തുമാമയിൽ സ്ഥിതിചെയ്യുന്നു. എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിന് 40,000 ശേഷി, സെൻട്രൽ ദോഹയിൽ നിന്ന് 13 കിലോമീറ്റർ വടക്കുപടിഞ്ഞാറായി അൽ റയ്യാനിലാണ് നിർമിച്ചിരിക്കുന്നത്. ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിന് ശേഷി, 40,000. സെൻട്രൽ ദോഹയിൽ നിന്ന് 5 കിലോമീറ്റർ പടിഞ്ഞാറ് ആസ്പയറിൽ സ്ഥിതിചെയ്യുന്നു.
ഈ സ്റ്റേഡിയം 974- 974 റീസൈക്കിൾ ചെയ്ത ഷിപ്പിങ് കണ്ടെയ്നറുകളിൽ നിന്ന് നിർമിച്ചതാണ്. ഇതു പരിസ്ഥിതി സംരക്ഷണത്തിന്റെ പുതിയ കാലത്തിന് ഖത്തറിന്റെ കരുതലായി ഗണിക്കപ്പെടുന്ന ലോകോത്തര മാതൃകയാണ്.
ഭാഗ്യചിഹ്ന
വിശേഷം
ടൂർണമെന്റിന്റെ ഔദ്യോഗിക ചിഹ്നം 2022 ഏപ്രിൽ ഒന്നിന് ഗ്രൂപ്പുഘട്ട നറുക്കെടുപ്പിനിടെ അനാച്ഛാദനം ചെയ്തു. ഫിഫ ലോകകപ്പ് 2022ന്റെ ഔദ്യോഗിക ചിഹ്നമായി ഖത്തറും ഫിഫയും ലയീബിനെയാണ് തിരഞ്ഞെടുത്തത്. ലയീബ് എന്ന അറബിപദത്തിന്റെ അർഥം സൂപ്പർ സ്കിൽഡ് കളിക്കാരൻ. ലയീബിനെക്കുറിച്ച്: ഒന്നാമതായി, ‘ഇപ്പോൾ എല്ലാം’ എന്ന് സ്വയം വിശ്വസിക്കാൻ ലയീബ് എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു. രണ്ടാമതായി, അവൻ എല്ലാവർക്കും ഫുട്ബോളിന്റെ സന്തോഷം നൽകും. മൂന്നാമതായി, ലയീബ് തന്റെ യുവത്വത്തിന് പേരുകേട്ടതാണ്; അവൻ പോകുന്നിടത്തെല്ലാം സന്തോഷവും ആത്മവിശ്വാസവും പകരുന്നു. ടൂർണമെന്റ് മാമാങ്കങ്ങൾ നടക്കുന്ന ഒരു സമാന്തര ലോകത്തിൽ നിന്നാണ് ലയീബിന്റെ വരവ്. കൂടാതെ, എല്ലാവരുടെയും മനസിൽ ജീവിക്കുന്ന കഥാപാത്രങ്ങളുടെ അടിസ്ഥാനം ആശയങ്ങളും സർഗാത്മകതയും സൃഷ്ടിക്കുന്ന ഒരു ലോകമായിട്ടാണ് പരിഗണിക്കപ്പെടുന്നത്..
കളിയാരവങ്ങളുടെ ഉറങ്ങാത്ത രാവുകൾ സമ്മാനിക്കുന്ന അത്തറിന്റെ മണമുള്ള ഖത്തറിന്റെ ഭൂമികയിലെ കായികമാമാങ്കത്തിന് പൂർണ പിന്തുണയുമായി സുസജ്ജമായ ആരാധകവൃന്ദമെന്ന് ഖത്തർ കൗൺസിൽ പോലും പ്രകീർത്തിച്ച നമ്മുടെ കൊച്ചു കേരളവുമുണ്ട് എന്നത് ഏറെ അഭിമാനമുളവാക്കുന്നു. ഇനി ലോകത്തിന്റെ കണ്ണും കാതും ഖത്തറിനൊപ്പം.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."