കുറവുകളെ കഴിവുകളാക്കാം
ഉൾക്കാഴ്ച
മുഹമ്മദ്
ന്യൂനതകളൊട്ടുമില്ലാത്ത തന്റെ ചിത്രം വരച്ചുകാണിക്കാനാണ് രാജ്യത്തെ പ്രഗത്ഭരായ ചിത്രകാരന്മാരോടെല്ലാം രാജാവ് ഉത്തരവിട്ടത്. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ചിത്രത്തിനു അമൂല്യമായ സമ്മാനങ്ങളും പ്രഖ്യാപിച്ചു. സമ്മാനം മോഹിച്ചെത്തിയ ചിത്രകാരന്മാരെല്ലാം ആശയക്കുഴപ്പത്തിലായി. കാരണം, രാജാവ് മുടന്തനും പാതി അന്ധനുമായിരുന്നു. അദ്ദേഹത്തിന്റെ ഒരു കണ്ണുമാത്രമേ പ്രവർത്തിക്കുകയുള്ളൂ. ഈ രണ്ടു വൈകല്യങ്ങളും മറച്ചുവച്ചു ചിത്രം വരച്ചാൽ അതു രാജാവിന്റേതാകില്ല. വൈകല്യങ്ങൾ വെളിപ്പെടുത്തി വരച്ചാൽ ചിത്രം അന്യൂനമാവുമാകില്ല. സംഭവ്യമല്ലാത്ത ഈ ഉദ്യമത്തിനു തങ്ങളില്ലെന്നു പറഞ്ഞ് ഒടുവിൽ അവർ പിൻമാറി. എന്നാൽ കൂട്ടത്തിൽനിന്ന് ഒരാൾ മാത്രം സന്നദ്ധത അറിയിച്ചു.
മണിക്കൂറുകൾ മാത്രമേ അദ്ദേഹത്തിനു വേണ്ടിവന്നുള്ളൂ. അസാധാരണമായ വഴക്കത്തോടെ അദ്ദേഹം ചിത്രംവരച്ചു. രാജാവിന്റെ മഹിമയും ഗരിമയും വെളിപ്പെടുത്തുന്ന ഗംഭീര ചിത്രം. അതിൽ രാജാവ് ശത്രുവിനു നേരെ വെടിയുതിർക്കാൻ ഒരുങ്ങിനിൽക്കുകയാണ്. അന്ധത ബാധിച്ച കണ്ണുകണ്ടാൽ എന്തെങ്കിലും വൈകല്യമുള്ളതായി തോന്നുകയേയില്ല. മറുകണ്ണിൽ ഉന്നംകിട്ടാൻ ഇറുക്കിയടച്ചതാണെന്നാണു തോന്നുക. കാലിലെ മുടന്ത് ചിത്രത്തിൽ മുടന്തല്ല. വെടിയുതിർക്കാനുള്ള സൗകര്യത്തിനു തൽക്കാലം മടക്കിവച്ചതാണ്. ആകെക്കൂടി നോക്കുമ്പോൾ രാജാവിന്റെ കായബലവും യുദ്ധപാടവവും ബദ്ധശ്രദ്ധയും ധീരതയുമെല്ലാം തുറന്നു കാണിക്കുന്നതായിരുന്നു ചിത്രം. തന്റെ കിരീടം ആ ചിത്രകാരനു സമ്മിച്ച് രാജാവ് പറഞ്ഞു: ‘കുറവുകളെ കഴിവുകളാക്കി മാറ്റാൻ കഴിയുന്നവർക്കാണു വിജയം’.
നാം നമ്മുടെ മനസിൽ വരച്ചിട്ട മറ്റുള്ളവരുടെ ചിത്രങ്ങൾ പരിശോധിച്ചുനോക്കൂ. അതിൽ എത്രയെണ്ണം കാണാൻ കൊള്ളും? എത്രയെണ്ണം വികൃതവും വിരൂപവുമായിട്ടിരിക്കുന്നുണ്ടാകും? മനസിലെ ചിത്രങ്ങൾക്കെല്ലാം മൂർത്തരൂപം പ്രാപിക്കാൻ കഴിവുണ്ടായിരുന്നുവെങ്കിൽ, പുറത്തെടുത്തു കാണിക്കാൻ കഴിവുണ്ടായിരുന്നുവെങ്കിൽ ആ ചിത്രങ്ങളിലെ വ്യക്തികളിൽ എത്രപേർ നമ്മോടടുക്കും? എത്രപേർ നമ്മിൽനിന്ന് അകലും? അപരനെ കുറിച്ച് തെറ്റായി ധരിക്കണമെന്നില്ല, തെറ്റായി നാം ധരിക്കുന്നുവെന്ന് അവനു തോന്നിയാൽതന്നെ അവൻ നമ്മിൽനിന്ന് ഏറെ അകലം പാലിക്കുമെങ്കിൽ മനസിലെ തെറ്റായ ധാരണ ശരിക്കും കാണാൻ കഴിഞ്ഞാലുള്ള അവസ്ഥയെന്തായിരിക്കും?
വികൃത ചിത്രങ്ങൾ വരയ്ക്കുന്ന ചിത്രകാരനെ ആരും അഭിനന്ദിക്കില്ല. അപരരെ കുറിച്ച് വികൃതകാഴ്ചപ്പാടുകൾ വച്ചുപുലർത്തുന്നവരെ ആരും ഇഷ്ടപ്പെടില്ല. വികൃതചിത്രങ്ങൾ സൂക്ഷിക്കുന്നിടത്ത് ഒരുതരം ഭീകരതയും അസ്വസ്ഥതയും തളംകെട്ടിനിൽക്കും. മറ്റുള്ളവരെ സംബന്ധിച്ച് വികൃതചിന്തകൾ പേറുന്ന മനസിൽ സമാധാനം വിദൂരസ്വപ്നമായി തുടരും. മനസിൽ വരച്ചിടുന്ന ചിത്രങ്ങൾക്കു മിഴിവും സൗന്ദര്യം ഉണ്ടെങ്കിൽ ആ ചിത്രങ്ങൾ കണ്ടിരിക്കുന്നതുതന്നെ എത്ര സന്തോഷദായകമാണ്. ഇഷ്ടമുള്ളവരെ ഓർത്തിരിക്കാൻ ആർക്കാണു ഇഷ്ടമില്ലാത്തത്?
സ്വഭാവദൂഷ്യമെന്ന കാരണം പറഞ്ഞ് പങ്കാളിയെ മൊഴി ചൊല്ലാനൊരുങ്ങിയ ശിഷ്യനോട് ഒരിക്കൽ ഗുരു പറഞ്ഞു:
‘മൂന്നു ദിവസം കൂടി കാത്തുനിൽക്കണം. അതിനുശേഷം നിനക്കു വേണ്ടതു തീരുമാനിക്കാം’
അതെന്താ മൂന്നു ദിവസത്തിന്റെ കണക്ക് എന്നായി ശിഷ്യൻ.
‘ചെറിയൊരു പരീക്ഷണത്തിനു വേണ്ടിയാണ്..’
ഗുരു വിശദീകരിച്ചു: ‘നിനക്കു പ്രയാസമായിരിക്കുമെന്നറിയാം. എന്നാലും ശ്രമിക്കാതിരിക്കരുത്. നിന്റെ പങ്കാളിക്ക് അനേകം കുഴപ്പങ്ങളുണ്ടെന്നാണല്ലോ നീ പറഞ്ഞത്. തൽക്കാലം അവളുടെ കുഴപ്പങ്ങളെല്ലാം മറന്ന് അവളുടെ നന്മകൾ മാത്രം അക്കമിട്ട് എഴുതണം. കിട്ടുന്നില്ലെങ്കിൽ ആലോചിച്ചാലോചിച്ച് കണ്ടെത്തണം...’
അൽപം പ്രയാസത്തോടെയാണെങ്കിലും ശിഷ്യൻ ഓരോന്നും എഴുതാൻ തുടങ്ങി. കണ്ടില്ലെന്നു നടിച്ച അനേകം നന്മകൾ. അഭിനന്ദിക്കാൻ പിശുക്കുകാണിച്ച ഒട്ടേറെ നേട്ടങ്ങൾ. മറ്റുള്ളവരിൽ കാണപ്പെടാത്ത വിവിധ സ്വഭാവഗുണങ്ങൾ. തൽസ്ഥാനത്ത് താനായിരുന്നുവെങ്കിൽ തനിക്കു അസാധ്യമാകുമായിരുന്ന പലപല ത്യാഗങ്ങൾ. ഓരോന്നും അക്കമിട്ട് എഴുതുമ്പോൾ അദ്ദേഹത്തിന്റെ മനസിൽ മഞ്ഞുരുക്കം. പങ്കാളിക്ക് അതുവരെ കാണാത്ത സൗന്ദര്യം..!
ഗുരുവിനോട് അദ്ദേഹം പറഞ്ഞു: ‘തീരുമാനത്തിൽനിന്ന് ഞാൻ പിൻവാങ്ങുകയാണ്..!’
കുറ്റങ്ങളും കുറവുകളും ഇല്ലാത്തവരില്ല. അതുപോലെ നന്മകളും മേന്മകളും ഇല്ലത്തവരില്ല. നന്മതിന്മകളുടെ സമ്മേളനമാണു മനുഷ്യൻ. തിന്മകൾ ഉയർത്തിക്കാട്ടാനുള്ളതല്ല, തിരുത്തിക്കൊടുക്കാനുള്ളതാണ്. നന്മകൾ മറച്ചുവയ്ക്കാനോ കണ്ടില്ലെന്നു നടിക്കാനോ ഉള്ളതല്ല; എടുത്തുകാണിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ളതാണ്. തിന്മകളെ മാറ്റിനിർത്തി നന്മകളെ മാത്രം കണ്ടുനോക്കൂ. മനുഷ്യൻ അസാധാരണ ജീവി തന്നെയെന്നു ബോധ്യപ്പെടും. വേണ്ടാത്തവർ വേണ്ടപ്പെട്ടവരായി മാറാൻ അവരുടെ മുഴുവൻ നന്മകളും എഴുതിനോക്കുക.
ഇമാം ശാഫിഈ പാടി:
ലിസാനുക ലാ തദ്കുർ ബിഹീ ഔറതംരിഇൻ
ഫകുല്ലുക ഔറാതുൻ വലിന്നാസി അൽസുനു
വഐനാക ഇൻ അബ്ദത് ഇലൈക മആയിബാ
ഫദഅ്ഹാ വഖുൽ യാ ഐനു ലിന്നാസി അഅ്യുനു
വആശിർ ബിമഅ്റൂഫിൻ വസാമിഹ് മനിഅ്തദാ
വദാഫിഅ് വലാകിൻ ബില്ലതീ ഹിയ അഹ്സനു...
നിന്റെ നാവുകൊണ്ട് നീ ആരുടെയും ന്യൂനത പറയരുത്. നീയാകമാനം ന്യൂനതകളാണ്. ജനങ്ങൾക്കാകട്ടെ നാവുമുണ്ട്. നിന്റെ കണ്ണുകൾ നിനക്ക് ന്യൂനതകൾ വെളിപ്പെടുത്തിത്തന്നാൽ അവയെ വിട്ടുകളയുക. കണ്ണേ ജനങ്ങൾക്കും കണ്ണുകളുണ്ടെന്നറിയണേ എന്ന് കണ്ണിനോട് പറഞ്ഞേക്കുക. ഉദാത്തമായ രീതിയിൽ പെരുമാറുക. അതിക്രമം കാണിച്ചവനു മാപ്പു നൽകുക. തടയുക. പക്ഷേ, അത്യുദാത്തമായതു കൊണ്ടുമാത്രം.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."