അഞ്ചു കഥകൾ
മുഹമ്മദ് ഷെമിൽ
ക്രിയേറ്റീവ് ഡെത്ത്
ഇത്തിരി ക്രിയേറ്റീവ് തിങ്കറായ വിദ്യാർഥി കാമറയും പിടിച്ച് പെരുംവെയിലത്തിറങ്ങി. നീണ്ട നിരീക്ഷണത്തിനൊടുവിൽ ഒരു ചിതൽപ്പുറ്റ് കണ്ടു. ഉടനെയോടി കപ്പിൽ വെള്ളമെടുത്ത് അതിലേക്കൊഴിച്ചു. പ്രളയത്തിൽനിന്ന് രക്ഷനേടാൻ ശ്രമിച്ച ചിതലുകളെ ചവിട്ടിഞെരിച്ചു. ശേഷം വളരെ ക്രിയാത്മകമായി ഫോട്ടോയെടുത്തു. എൻട്രി അയച്ചുകൊടുക്കുമ്പോൾ കൂടെയൊരു കാപ്ഷനും..
'മഴ ബാക്കിവച്ചത് മരണങ്ങൾ...'
ഈയാംപാറ്റകൾ:
അന്നും ഇന്നും
അന്ന്: ശക്തമായ മഴ ഭൂമിയെ വിഴുങ്ങിയപ്പോൾ ഈയാംപാറ്റകൾ മണ്ണുതുരന്ന് പുറത്തേക്കോടി. കിടപ്പാടം വെള്ളത്തിലായ സങ്കടത്തിൽ ഒരു വീടിന്റെ ഉമ്മറത്തുള്ള വിളക്കിനു ചുറ്റും അവരൊരുമിച്ചുകൂടി. നേരം വെളുക്കുവോളം കരഞ്ഞുതീർത്തവരിൽ പലരും തീയിൽചാടി മരിച്ചു. ചിലർ ചിറകുകൾ മുറിച്ച് ആത്മഹത്യ ചെയ്തു.
ഇന്ന്: ശക്തമായ മഴകാരണം ഭൂമിക്കടിയിൽ തീരെ റേഞ്ചില്ല. സിം വി.ഐ ആണ്. മഴയെ ശപിച്ചുകൊണ്ട് ഈയാംപാറ്റകൾ പുറത്തെത്തി. ദൂരെ വീടിന്റെ ഉമ്മറത്ത് മൊബൈലിന്റെ വെളിച്ചംകണ്ടവർ കൂട്ടത്തോടെ പലായനം ചെയ്തു. ചെക്കന്റെ ഫോണിൽ നെറ്റ് ഭയങ്കര സ്പീഡാണ്. വൈഫൈ കണക്ഷൻ ചോദിച്ചെങ്കിലും അവൻ കേട്ടഭാവം നടിക്കുന്നില്ല. പാറ്റകൾ മൊബൈലിനു ചുറ്റും വട്ടമിട്ട് അവനോടു കെഞ്ചി. ദേഷ്യംവന്ന അവനവരെ ഞെക്കിക്കൊന്നു. പരുക്കോടെ അവിടെനിന്ന് രക്ഷപ്പെട്ട ചിലർ ഹൃദയാഘാതം മൂലം മരിച്ചു.
മെഴുകുതിരി
‘പട്ടിണികാരണം വീട്ടമ്മ മരിച്ചു’. വാർത്ത കേട്ടയുടനെ മന്ത്രി അവരുടെ വീട്ടിലെത്തി. മുഖത്ത് വിഷാദമായ ഇമോജിയും ഫിറ്റ് ചെയ്ത് ശവത്തിന്റെ നെഞ്ചത്തുതന്നെ റീത്തുവച്ചു. ദാഹിച്ചുവലഞ്ഞ മെഴുകുതിരിക്കു സമീപം ആ സ്ത്രീയുടെ ഫോട്ടോ അയാൾ ശ്രദ്ധിച്ചു. ‘പണ്ട് വോട്ടഭ്യർഥിക്കാൻ ചെന്നപ്പോൾ നിർബന്ധിച്ച് വീട്ടിലേക്ക് ക്ഷണിച്ച് കഞ്ഞി വിളമ്പിത്തന്ന അമ്മ’.
വരനെ ആവശ്യമുണ്ട്
അതിരാവിലെ വയലിലേക്കിറങ്ങിയതാണെങ്കിലും അതിന്റെ യാതൊരു ക്ഷീണവും വകവയ്ക്കാതെ അരിവാളും കലപ്പയും ഉമ്മറത്തിട്ട് കോലായിലെ പത്രം കൈയേറി. ആദ്യപേജിലെ ചൂടേറിയ വാർത്തകൾ പാടെ അവഗണിച്ച് അടുത്ത പേജുകൾ മറിക്കാൻ തുടങ്ങി. അവസാനമൊരു പേജിലെത്തിയപ്പോൾ അയാളുടെ വിരലുകൾ നിലച്ചു.
‘വരനെ ആവശ്യമുണ്ട്...’
വധുവീട്ടുകാരുടെ ആവശ്യങ്ങൾ ഓരോന്നും ആവേശത്തോടെ വായിച്ചു. അതിൽ എൻജിനീയർ മുതൽ വാടകപീടികക്കാരനെ വരെ കണ്ടെങ്കിലും ‘കർഷകനെ’ മാത്രം കണ്ടില്ല. അയാൾ ആലോചിച്ചു. ‘വെറുതെയല്ല തൊട്ടപ്പുറത്തുള്ള നരമൂത്ത കർഷകൻ പുരയും കലപ്പയും വിറ്റ് മകനെ പഠിപ്പിക്കാൻ വിട്ടത് ’.
വൃദ്ധസദനം
നാട്ടിൽ യുവാക്കളുടെ നിർബന്ധം മൂലമാണ് അവൻ വൃദ്ധസദനം തുടങ്ങിയത്. അതിലേക്ക് ആദ്യ അഡ്മിഷനായി അച്ഛനെ തന്നെ ചേർത്തു. ഉദ്ഘാടനവേദിയിൽ ഘോരമായി അവൻ പ്രസംഗിച്ചു. ‘ആദ്യത്തെ അംഗമായി എന്റെ അച്ഛൻ നിങ്ങളുടെ കൂടെയുണ്ട്...’
വർഷങ്ങൾക്കിപ്പുറം വാർധക്യം ബാധിച്ച അവനെയും തന്റെ മകൻ ആ വർഷത്തെ ആദ്യ അഡ്മിഷനായി ചേർത്തു. മുപ്പത്തിയഞ്ചാം വാർഷികത്തിൽ ആ മകൻ പ്രസംഗിച്ചു. ‘ഈ സംരംഭത്തിന്റെ തുടക്കക്കാരനായ എന്റെ അച്ഛനും നിങ്ങളോടൊപ്പമുണ്ട്...’
എല്ലാം കേട്ടിരിക്കുന്ന അയാളുടെ അഞ്ചാം ക്ലാസിൽ പഠിക്കുന്ന മകനെ ചേർത്തുപിടിച്ച് മുത്തച്ഛൻ പതിയെ പറഞ്ഞു കൊടുത്തു. ‘മോനും അച്ഛൻ മാതൃകയാക്കിയ ഈ പ്രവർത്തനം ഒരു മുടക്കവും കൂടാതെ തുടർന്നുകൊണ്ട് പോകണം...’
അതിന് സമ്മതമെന്നോണം മുത്തച്ഛനോടൊപ്പം അവനും വേദിയിൽ പ്രസംഗിക്കുന്ന അച്ഛനെ കൈയടിച്ച് പ്രോത്സാഹിപ്പിച്ചു.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."