യുഎഇയിൽ മഴ തുടരുന്നു; എവിടെയും നാശനഷ്ടങ്ങളില്ല, ജാഗ്രത തുടരണമെന്ന് അധികൃതർ
യുഎഇയിൽ മഴ തുടരുന്നു; എവിടെയും നാശനഷ്ടങ്ങളില്ല, ജാഗ്രത തുടരണമെന്ന് അധികൃതർ
ദുബൈ: അസ്ഥിരമായ കാലാവസ്ഥ തുടരുന്ന യുഎഇയിൽ ഇന്നും കനത്ത മഴക്ക് സാധ്യത. രാവിലെ മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നൽ ഉള്ളതായാണ് റിപ്പോർട്ടുകൾ. വെള്ളിയാഴ്ച പുലർച്ചെ മേഘങ്ങൾക്കിടയിൽ മിന്നൽ അടിക്കുന്ന ദൃശ്യം സ്റ്റോം സെന്റർ വിഡിയോ ആയി പങ്കുവെച്ചിരുന്നു. മഴയുടെയും ഇടിമിന്നലിന്റെയും പശ്ചാത്തലത്തിൽ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഓറഞ്ച്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യാഴാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും മിന്നലും ഇടിമുഴക്കവും ആണ് അനുഭവപ്പെട്ടത്. അനിഷ്ടസംഭവങ്ങൾ റിപ്പോർട്ട് ചെയ്തില്ലെങ്കിലും വിവിധ ഇടങ്ങളിൽ വെള്ളക്കെട്ടുണ്ടായി. അബൂദബി, ദുബൈ, റാസൽ ഖൈമ, ഉമ്മുൽ ഖുവൈൻ എമിറേറ്റുകളിലും കിഴക്കൻ തീരങ്ങളിലുമാണ് കാര്യമായി മഴ ലഭിച്ചത്. ദുബൈയിലെ അൽ ഖുദ്ര മേഖലയിൽ ശക്തമായ മഴയാണ് ഉണ്ടായത്. അല്‍ ഗൈല്‍, അല്‍ ജസീറ, അല്‍ ഹംറ, ഓള്‍ഡ് റാസല്‍ഖൈമ, അല്‍ നഖീല്‍, അല്‍ ജീര്, ശാം, ഹജ്ജാര്‍ മലനിരകള്‍ എന്നിവിടങ്ങളിലും പുലർച്ചെ മുതൽ മഴ ലഭിച്ചു.
അതേസമയം, തണുത്ത താപനിലയും കൂടുതൽ മഴയും മേഘാവൃതമായ ആകാശവും ഇന്ന് യുഎഇയിൽ ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പുറത്ത് ജോലിയെടുക്കുന്നവരും മറ്റും ജാഗ്രത പാലിക്കണെമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ഇലക്‌ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധിയിൽ മാറ്റം വരുത്തണമെന്നും അബുദാബി പൊലിസ് അറിയിച്ചു.
കോടമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ള തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും ഇന്ന് രാത്രിയും ശനിയാഴ്ച രാവിലെയും കാലാവസ്ഥ ഈർപ്പമുള്ളതായിരിക്കും. ഇന്ന് നേരിയതോ മിതമായതോ ആയ കാറ്റ് വീശും, ചിലപ്പോൾ പൊടി നിറഞ്ഞ കാലാവസ്ഥയ്ക്ക് കാരണമാകും. രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസായി കുറയും. ഏറ്റവും ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസിൽ എത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."