'ഗസ്സയില്‍ വെടിനിര്‍ത്തൂ… എന്നാല്‍ ബന്ദികളെ മോചിപ്പിക്കാം'; ഇസ്‌റാഈല്‍ ആക്രമണം അവസാനിപ്പിക്കാതെ തടവിലുള്ളവരെ വിട്ടയക്കില്ലെന്ന താക്കീതുമായി ഹമാസ്
'ഗസ്സയില്‍ വെടിനിര്‍ത്തൂ… എന്നാല്‍ ബന്ദികളെ മോചിപ്പിക്കാം'; ഇസ്‌റാഈല്‍ ആക്രമണം അവസാനിപ്പിക്കാതെ തടവിലുള്ളവരെ വിട്ടയക്കില്ലെന്ന താക്കീതുമായി ഹമാസ്
ഗസ്സ: ഗസ്സയില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കാതെ ഇനി ബന്ദികളെ മോചിപ്പിക്കില്ലെന്ന് ഹമാസ്. ഹമാസ് ഒഫീഷ്യല്‍ പറഞ്ഞതായി റഷ്യന്‍ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതെന്ന് അല്‍ ജസീറയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അബു ഹാമിദ് എന്നയാളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.
ഒക്ടോബര്‍ ഏഴിന് വിവിധ സംഘങ്ങള്‍ ഗസയിലേക്ക് കൊണ്ടുപോയവരെ കണ്ടെത്താന്‍ സംഘത്തിന് സമയം ആവശ്യമാണെന്നും അബു ഹാമിദിനെ ഉദ്ധരിച്ച് റഷ്യന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തതായി അല്‍ജസീറ പറയുന്നു.
'നൂറുകണക്കിന് പൗരന്‍മാരും ഹമാസ് പോരാളികളും ഒക്ടോബര്‍ എഴിന് ഇസ്‌റാഈല്‍ അധിനിവേശ പ്രദേശങ്ങളിലേക്ക് പ്രവേശിച്ചത്. അവര്‍ നിരവധിയാളുകളെ ബന്ദികളാക്കിയിട്ടുണ്ട്. അവരെയെല്ലാം കണ്ടെത്തി ഞങ്ങള്‍ മോചിപ്പിക്കും' അബു ഹാമിദ് പറയുന്നു. അതേസമയം ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 50 ബന്ദികള്‍ കൊല്ലപ്പെട്ടതായും അബു ഹാമിദ് വ്യക്തമാക്കി.
200 ലേറെ ആളുകളെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ടെന്നാണ് കണക്ക്. ഇതില്‍ നാലു പേരെ ഹമാസ് വിട്ടയച്ചിട്ടുണ്ട്. ഇസ്‌റാഈലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ 1400 പേരാണ് കൊല്ലപ്പെട്ടത്. ഹമാസിനുള്ള തിരിച്ചടിയെന്ന പേരില്‍ ഇപ്പോഴും ഇസാറാഈല്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന ആക്രമണങ്ങളില്‍ ഇതുവരെയായി 7000ത്തിലേറെ ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ മൂവായിരത്തിലധികം കുട്ടികളാണ്. കൂടാതെ ഇസ്‌റാഈല്‍ നടത്തുന്ന ഉപരോധങ്ങളില്‍ വലയുകയാണ് ഗസ്സ. ഇന്ധനക്ഷാമം മൂലം പല ആശുപത്രികളും പ്രവര്‍ത്തനം നിലച്ച മട്ടാണ്.
ഇന്ധനം ക്ഷാമം രൂക്ഷമായതോടെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം യു.എന്‍ അറിയിച്ചിരുന്നു. ഗസ്സയില്‍ ആക്രമണത്തിനു മുന്‍പും യു.എന്നിന്റെ വിവിധ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യുദ്ധത്തോടെ ഭക്ഷണ വിതരണവും മറ്റു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും യു.എന്‍ ഏജന്‍സികളുടെ സഹായത്തോടെയാണ് നടത്തുന്നത്. ഗസ്സയില്‍ വളരെ കുറച്ച് ഇന്ധനം മാത്രമാണ് ശേഷിക്കുന്നത്. ഇന്ധന ലഭ്യത ഇന്നത്തോടെ തീരുമെന്നാണ് യു.എന്‍ ഏജന്‍സികള്‍ പറയുന്നത്.
ഗസ്സയില്‍ തുടരുന്ന ഇസ്‌റാഈലിന്റെ കിരാതമായ ആക്രമണത്തില്‍ ചികിത്സ കിട്ടാതെ അരലക്ഷം ഗര്‍ഭിണികള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യു.എന്നുംഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഗര്‍ഭിണികള്‍ക്ക് വെള്ളമോ ഭക്ഷണമോ സുരക്ഷിതമായി പ്രസവിക്കാനുള്ള സൗകര്യമോ മരുന്നോ ലഭിക്കുന്നില്ലെന്നും സ്ഥിതി അതീവ ഗുരുതരമാണെന്നും യു.എന്‍ പോപ്പുലേഷന്‍ ഫണ്ട് അറിയിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."