പഞ്ച്ശിര്‍ പ്രവിശ്യയില്‍ യുദ്ധം രൂക്ഷം; നൂറുകണക്കിന് പേര് കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്
കാബൂള്‍: അഫ്ഗാനില്‍ നിയന്ത്രണമേറ്റെടുത്ത് സര്‍ക്കാര്‍ രൂപീകരണത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടും താലിബാനു കീഴടങ്ങാത്ത പഞ്ച്ശിര്‍ പ്രവിശ്യയില്‍ ഏറ്റുമുട്ടല്‍ രൂക്ഷം. നൂറുകണക്കിന് പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം മേഖലയുടെ നിയന്ത്രണം ഏറ്റെടുത്തെന്ന് താലിബാന് അവകാശപ്പെട്ടു. എന്നാല്‍ ദേശീയ പ്രതിരോധ മുന്നണി നേതാക്കള്‍ ഇത് തള്ളുകയാണ്. പഞ്ച്ശിറില്‍ തങ്ങളുടെ സൈന്യം എത്തിയതായി താലിബാന് പ്രഖ്യാപിച്ചതിനു പിന്നാലെ, ഇവിടെ കനത്ത ഏറ്റുമുട്ടല്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. പഞ്ച്ശിറില്നിന്നു വലിയ തോതില്‍ ജനങ്ങളുടെ പലായനവും നടക്കുന്നുണ്ട്.
വിമത സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള പഞ്ച്ശിറിലെ ചില പ്രദേശങ്ങള്‍ താലിബാന് കീഴടക്കിയതായും മറ്റു പ്രദേശങ്ങളുടെ നിയന്ത്രണം വിട്ടുനല്‍കാന്‍ വിമത സൈന്യത്തിന് അന്ത്യശാസനം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ പഞ്ച്ശിര്‍ പ്രവിശ്യയുടെ സമ്പൂര്‍ണ നിയന്ത്രണം കൈപ്പിടിയിലാക്കാന്‍ താലിബാന് ഇപ്പോഴും സാധിച്ചിട്ടില്ല. പഞ്ച്ശിറിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനായി വിമതരുമായി താലിബാന് ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് തങ്ങളുടെ സൈന്യം പ്രവിശ്യയില്‍ പ്രവേശിച്ചതായി താലിബാന് വ്യക്താവ് സബീഹുല്ലാ മുജാഹിദ് വ്യക്തമാക്കിയത്. നിലവിലെ സ്ഥിതിയില്‍ പ്രവിശ്യയുടെ നിയന്ത്രണം താലിബാന്റെ കൈകളിലെത്താന്‍ അധികം സമയം വേണ്ടിവരില്ലെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."