അനുനയത്തിലും വീണില്ല ഐക്യ പോര്‍മുഖം തുറന്ന് എ, ഐ ഗ്രൂപ്പുകള്‍
യു.എച്ച് സിദ്ദീഖ്
കോട്ടയം: കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായി അനുനയത്തിനില്ലെന്നു വ്യക്തമാക്കി പുതിയ പോര്‍മുഖം തുറന്ന് എ, ഐ ഗ്രൂപ്പുകള്‍. പുതിയ ഡി.സി.സി അധ്യക്ഷന്റെ സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ തന്നെ രമേശ് ചെന്നിത്തല വെടിപൊട്ടിച്ചതും പിന്തുണയുമായി മുതിര്‍ന്ന നേതാവ് കെ.സി ജോസഫ് രംഗത്തെത്തിയതും എല്ലാം പറഞ്ഞുറപ്പിച്ചു തന്നെ. ഡി.സി.സി അധ്യക്ഷ നിയമനത്തില്‍ നേരിട്ട തിരിച്ചടി കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളുടെ തെരഞ്ഞെടുപ്പില്‍ ഉണ്ടാവരുതെന്ന ലക്ഷ്യത്തോടെയാണ് എ, ഐ വിഭാഗങ്ങള്‍ കൈകോര്‍ത്തത്.
സംസ്ഥാന കോണ്‍ഗ്രസിലെ പുതിയ ചേരിയായി മാറിയ കെ. സുധാകരന്‍- വി.ഡി സതീശന്‍ - കെ.സി വേണുഗോപാല്‍ അച്ചുതണ്ടിനെതിരേ ഒരുമിച്ചു കൈക്കോര്‍ക്കുകയാണെന്ന സന്ദേശം അനുയായിവൃന്ദത്തിന് നല്‍കാനും പുതിയ നേതൃത്വത്തിനെതിരായ കടന്നാക്രമണത്തിലൂടെ ചെന്നിത്തലയും കെ.സി ജോസഫും ലക്ഷ്യമിട്ടു. കോട്ടയത്തെ സ്ഥാനാരോഹണച്ചടങ്ങില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുത്തില്ല. എന്നാല്‍ കെ.സി ജോസഫിലൂടെ തന്റെ നിലപാട് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കുകയും ചെയ്തു.
പുതിയ ചേരിയിലേക്കുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്കിന് തടകെട്ടുന്നതിനൊപ്പം സംസ്ഥാന നേതൃത്വവുമായി ഒത്തുതീര്‍പ്പിനില്ലെന്നും ഗ്രൂപ്പുകള്‍ വ്യക്തമാക്കുന്നു. വി.ഡി സതീശന്‍ അനുനയശ്രമം തുടങ്ങിയതിനു പിന്നാലെ തന്നെ മുതിര്‍ന്ന നേതാക്കള്‍ പരസ്യ വിമര്‍ശനവുമായി രംഗത്തുവന്നത് ആലോചിച്ചുറപ്പിച്ചു തന്നെയാണ്. ഉമ്മന്‍ ചാണ്ടിയുടെ തട്ടകമായ കോട്ടയം തന്നെ ഇതിനു തിരഞ്ഞെടുത്തതും എ, ഐ ഗ്രൂപ്പുകള്‍ ചര്‍ച്ച ചെയ്‌തെടുത്ത തീരുമാനം.
സംസ്ഥാന നേതൃത്വത്തിന് ഒരുതരത്തിലും വഴങ്ങില്ലെന്ന മുന്നറിയിപ്പാണ് ഗ്രൂപ്പുകള്‍ നല്‍കുന്നത്. രൂക്ഷമായ ഭാഷയില്‍ തന്നെയാണ് ചെന്നിത്തലയും കെ.സി ജോസഫും നേതൃത്വത്തെ കടന്നാക്രമിച്ചത്.
പതിറ്റാണ്ടുകളായി സംസ്ഥാന കോണ്‍ഗ്രസിനെ നിയന്ത്രിച്ച ഗ്രൂപ്പുകളെ നിഷ്പ്രഭമാക്കിയുള്ള പുതിയ അച്ചുതണ്ടിന്റെ തുടര്‍നീക്കങ്ങളെ ഏതുവിധേനയും തടയുകയെന്നതാണ് എ, ഐ വിഭാഗങ്ങള്‍ ലക്ഷ്യമിടുന്നത്. അച്ചടക്കത്തിന്റെ വാള്‍ വീശി ഭയപ്പെടുത്തേണ്ടെന്ന മുന്നറിയിപ്പും മുതിര്‍ന്ന നേതാക്കള്‍ തന്നെ നല്‍കുന്നു. കോണ്‍ഗ്രസിലെ കലഹത്തില്‍ യു.ഡി.എഫിലെ ഘടകകക്ഷികള്‍ അതൃപ്തി പ്രകടിപ്പിച്ചിരിക്കേ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന നേതൃത്വം. സമവായ നീക്കം നടക്കുന്ന സാഹചര്യത്തില്‍ നേതാക്കളുടെ കടന്നാക്രമണത്തിന് മറുപടി നല്‍കി പ്രശ്‌നം കൂടുതല്‍ വഷളാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ അവസാനവാക്ക് കെ.പി.സി.സി അധ്യക്ഷനാണെന്ന് ഉറപ്പിക്കാനും നേതൃത്വം ശ്രമിക്കുന്നു. സെമി കേഡര്‍ സംവിധാനമൊരുക്കാനുള്ള നീക്കവും ഇതിന്റെ ഭാഗമായാണ്. എ, ഐ ഗ്രൂപ്പുകള്‍ക്ക് ഈ നീക്കത്തോട് യോജിപ്പില്ല. പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ നടത്തുന്ന അനുനയശ്രമങ്ങള്‍ക്ക് മുതിര്‍ന്ന നേതാക്കള്‍ വഴങ്ങില്ലെന്ന് വ്യക്തമായതോടെ ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍ സംസ്ഥാന നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."