വാക്‌സിന്‍ ഇടവേള ഇളവ് നല്‍കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
കൊച്ചി: വാക്‌സിന്‍ ഡോസുകളുടെ ഇടവേളയുടെ കാര്യത്തില്‍ ഇളവു നല്‍കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 84 ദിവസം ഇടവേള നിശ്ചയിച്ചത് ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണെന്നും കേന്ദ്രം വ്യക്തമാക്കി.
വിദഗ്ധസമിതിയും 84 ദിവസത്തെ ഇടവേളയ്ക്ക് ശുപാര്‍ശ നല്‍കിയതായും കേന്ദ്രം കോടതിയില്‍ അറിയിച്ചു. വിദേശ ജോലിക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇളവ് നല്‍കിയത് വിദഗ്ധ സമിതിയുടെ ശുപാര്‍ശ പ്രകാരമാണെന്നും കേന്ദ്ര സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇളവുനല്‍കിയതും വിദഗ്ധ സമിതിയുടെ അഭിപ്രായം കണക്കിലെടുത്താണ്. ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് കിറ്റക്‌സ് കമ്പനി നല്‍കിയ ഹരജിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്.
കൊവിഷീല്‍ഡ് വാക്‌സിന്റെ ഇടവേള 84 ദിവസമായി നിശ്ചയിച്ചത് ശാസത്രീയ പഠനങ്ങളുടെയും വിദഗ്ധാഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിലാണ്. രാജ്യത്ത് ആ ഇടവേളകളില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ രേഖാമൂലം അറിയിച്ചത്. വിദേശത്തേക്ക് അടിയന്തരമായി പോകേണ്ടവര്‍ക്ക് മാത്രമാണ് ഇളവ് നല്‍കാന്‍ സാധിക്കുക.
രാജ്യത്തിനകത്തുള്ള തൊഴില്‍മേഖലകളില്‍ അടക്കമുള്ളവര്‍ക്ക് ഇതില്‍ യാതൊരു ഇളവും നല്‍കാന്‍ കഴിയില്ല.
സ്വന്തം ചെലവില്‍ പണം മുടക്കി വാക്‌സിന്‍ വാങ്ങുന്നവര്‍ക്ക് ഇടവേളയുടെ കാര്യത്തില്‍ സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള അവകാശം നല്‍കിക്കൂടെ എന്നു കോടതി മുമ്പ് കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാരിനോട് ചോദിച്ചിരുന്നു.
കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ ചില വിഭാഗങ്ങള്‍ക്ക് ഇളവ് നല്‍കിയിരുന്നു. കൊവിഷീല്‍ഡ് നിര്‍മാതാക്കളായ ആസ്ട്ര സെനിക്കയുടെ മെഡിക്കല്‍ രേഖകള്‍ പ്രകാരം 24 ദിവസത്തിന് ശേഷം രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാമെന്നാണ് വ്യക്തമാക്കുന്നതെന്നാണ് ഹരജിക്കാരുടെ വാദം.
വിദേശപൗരന്മാര്‍ക്കും വിദേശത്തേക്ക് ചികിത്സക്കായി പോകുന്നവര്‍ക്കും കേന്ദ്രം ഇളവ് നല്‍കിയിരുന്നു.
എന്നാല്‍ രാജ്യത്തിനകത്ത് ജോലി ചെയ്യുന്നവരുടെ കാര്യത്തിലും മറ്റ് വിദേശത്തേക്ക് പോകാത്ത പൗരന്മാരുടെ കാര്യത്തിലും ഇളവ് അനുവദിക്കാന്‍ സാധിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. വാക്‌സിന്റെ ദൗര്‍ലഭ്യമാണോ 84 ദിവസത്തെ ഇടവേളയ്ക്ക് കാരണമെന്നും കോടതി കേന്ദ്രത്തോട് ചോദിച്ചിരുന്നു. എന്നാല്‍ വാക്‌സിനു ദൗര്‍ലഭ്യമില്ലെന്നും ഇക്കാരണം കൊണ്ടല്ല ഇടവേള നിശ്ചയിച്ചതെന്നും സര്‍ക്കാര്‍ അറിയിച്ചു. വാക്‌സിന്‍ വാങ്ങിവച്ചിട്ട് ഇഷ്ടാനുസരണം ഉപയോഗിക്കാനാണ് ഹരജിക്കാരന്‍ ശ്രമിക്കുന്നതെന്നും കേന്ദ്രം ആരോപിച്ചു.
ഹരജിക്കാരന്റെ ജീവനക്കാര്‍ വാക്‌സിന്‍ ആവശ്യപ്പെട്ടു നിവേദനം നല്‍കേണ്ട ആവശ്യമില്ലെന്നു കോടതി വ്യക്തമാക്കി.
ജീവനക്കാര്‍ വാക്‌സിന്‍ ലഭിക്കണമെന്നാവശ്യപ്പെട്ടു നിവേദനം നല്‍കിയിട്ടില്ലെന്നു കേന്ദ്രം ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്. ഹരജി സെപ്റ്റംബര്‍ ആറിനു വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."