കോണ്‍ഗ്രസില്‍ അനുനയനീക്കം സജീവം
തിരുവനന്തപുരം: ഡി.സി.സി അധ്യക്ഷരുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കേരളത്തിലെ കോണ്‍ഗ്രസിലുണ്ടായ തര്‍ക്കം തണുപ്പിക്കാന്‍ സജീവനീക്കം. അതിന്റെ ഭാഗമായി മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടിയുമായി പ്രതിപക്ഷനേതാവ് വി.ഡിസതീശന്‍ ഫോണില്‍ സംസാരിച്ചു. അനുനയത്തിനായി വ്യാഴാഴ്ച രമേശ് ചെന്നിത്തലയുമായും സതീശന്‍ ഫോണില്‍ സംസാരിച്ചിരുന്നു. ചൊവ്വാഴ്ച നടക്കുന്ന യു.ഡി.എഫ് ഏകോപനസമിതി യോഗത്തില്‍ പങ്കെടുക്കാനാണ് രണ്ടുപേരെയും നേരിട്ട് വിളിച്ചതെന്നാണ് കെ.പി.സി.സി വൃത്തങ്ങള്‍ പറയുന്നത്.
ഡി.സി.സി അധ്യക്ഷരുടെ പട്ടിക പ്രഖ്യാപനത്തില്‍ രണ്ടു നേതാക്കളും അതൃപ്തി പരസ്യമാക്കി രംഗത്തുവന്നിരുന്നു. കാര്യങ്ങള്‍ വിശദമായി സംസ്ഥാനത്ത് ചര്‍ച്ച ചെയ്തില്ലെന്ന ആരോപണമാണ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ഒരേസമയം പരസ്യമായി ഉന്നയിച്ചത്. എന്നാല്‍ പ്രതിപക്ഷനേതാവും കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനും ഇവരെ തള്ളി രംഗത്തുവരികയുണ്ടായി. ഇതിനിടെ രാഹുല്‍ഗാന്ധി ഓണ്‍ലൈനായും കെ.സി വേണുഗോപാല്‍ നേരിട്ടും പങ്കെടുത്ത കണ്ണൂര്‍ ഡി.സി.സി ഓഫിസ് ഉദ്ഘാടനച്ചടങ്ങില്‍നിന്ന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും വിട്ടുനിന്ന പശ്ചാത്തലത്തിലാണ് സതീശന്‍ രണ്ടുപേരെയും വിളിക്കാന്‍ തീരുമാനിച്ചത്.
ഒരുഭാഗത്ത് അനുനയത്തിന്റെ ഭാഗമായി സതീശന്‍ വിളിച്ചെങ്കിലും പിന്നാലെ തന്നെ തന്റെ അസംതൃപ്തി ചെന്നിത്തല ഇന്നലെ വ്യക്തമാക്കുകയും കോട്ടയത്ത് നടന്ന പരിപാടിയില്‍ അദ്ദേഹം ഉമ്മന്‍ചാണ്ടിയെ പിന്തുണച്ച് സംസാരിക്കുകയും ചെയ്തു. അതേസമയം ഇന്നലെ തിരുവനന്തപുരത്ത് കെ.എസ്.യു സംഘടിപ്പിച്ച ചടങ്ങിനെത്തിയ ഉമ്മന്‍ ചാണ്ടി പട്ടിക സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് ഒന്നും പ്രതികരിക്കാനില്ലെന്നാണ് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."