യുദ്ധം ഉടൻ അവസാനിപ്പിക്കണം; ഇസ്‌റാഈലിന്റെ കൂട്ടക്കൊലക്കിടെ യുഎന്നിൽ പ്രമേയം പാസാക്കി, വിട്ടുനിന്ന് ഇന്ത്യ
യുദ്ധം ഉടൻ അവസാനിപ്പിക്കണം; ഇസ്‌റാഈൽ കൂട്ടക്കൊലക്കിടെ യുഎന്നിൽ പ്രമേയം പാസാക്കി, വിട്ടുനിന്ന് ഇന്ത്യ
വാഷിംഗ്ടൺ: ഫലസ്തീൻ ജനതയെ കൂട്ടക്കൊല ചെയ്യുന്ന ഇസ്‌റാഈൽ നടപടിക്കിടെ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുഎൻ പൊതുസഭയിൽ അവതരിപ്പിച്ച പ്രമേയം പാസായി. ജോർദാൻ ആണ് പൊതുസഭയിൽ പ്രമേയം അവതരിപ്പിച്ചത്. 22 അറബ് രാഷ്ട്രങ്ങളാണ് പ്രമേയം കൊണ്ടുവരുന്നതിന് മുൻകൈ എടുത്തത്. 193 അംഗരാഷ്ട്രങ്ങളുള്ള യുഎന്നിൽ 120 രാജ്യങ്ങളാണ് പ്രമേയത്തെ അനുകൂലിച്ചത്. 14 രാജ്യങ്ങള്‍ എതിര്‍ത്തു. ഇന്ത്യ ഉള്‍പ്പടെ 45 രാജ്യങ്ങള്‍ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിച്ച് മാനുഷികമായ താൽപര്യങ്ങൾ മുൻനിർത്തി ഇരു രാജ്യങ്ങളും തമ്മിൽ സന്ധിയുണ്ടാക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നും ഗസ്സയിലുള്ളവര്‍ക്ക് സഹായമെത്തിക്കാനുള്ള തടസ്സം നീക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. ഫലസ്തീൻ പൗരൻമാർക്ക് എത്രയും പെട്ടെന്ന് സുരക്ഷയൊരുക്കണമെന്ന് പ്രമേയത്തിൽ പറയുന്നുണ്ട്.
ഇതിനിടെ, ഹമാസിനെ അപലപിച്ചും ബന്ദികളെ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്നും ആവശ്യപ്പെടുന്ന മറ്റൊരു പ്രമേയവും സഭയിൽ അവതരിപ്പിച്ചു. അമേരിക്കയുടെയും കാനഡയുടേയും സമ്മർദത്തിന് വഴങ്ങിയായിരുന്നു ഈ പ്രമേയം കൊണ്ടുവന്നത്. എന്നാൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമില്ലാത്തതിനാൽ ഈ പ്രമേയം തള്ളിപ്പോയി.
അതേസമയം, ഫലസ്തീൻ ജനതക്ക് മേൽ ഇസ്‌റാഈൽ നരനായാട്ട് തുടരുകയാണ്. കരമാർഗമുള്ള ആക്രമണം തുടങ്ങിയ ഇസ്‌റാഈൽ ആളുകളെ കൊന്നൊടുക്കയാണ്. മൂന്നാഴ്ചയായി തുടരുന്ന വ്യോമാക്രമണങ്ങളിൽ മാത്രം 7,326 പേരാണ് കൊല്ലപ്പെട്ടത്. കരമാർഗമുള്ള ആക്രമണം കടുപ്പിച്ചാൽ മരണം പലമടങ്ങ് വർധിക്കും. ഗസ്സയിൽ അതിർത്തിയോട് ചേർന്ന് മൂന്നിടത്താണ് ശക്തമായ വ്യോമാക്രമണം നടക്കുന്നത്. ഗാസയിലെ അൽ ഷിഫ, ഇന്തോനേഷ്യ ആശുപത്രികൾക്ക് സമീപവും ബ്രീജിലെ അഭയാർത്ഥി ക്യാമ്പിന് സമീപവും സൈന്യം ബോംബുകൾ വർഷിച്ചതായി റിപ്പോർട്ടുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."