പൈസ കുറഞ്ഞുപോയി; ആറാം ക്ലാസ് വിദ്യാർഥിനിയെ ബസിൽ നിന്ന് ഇറക്കിവിട്ട് കണ്ടക്ടർ; അന്വേഷണത്തിന് ഉത്തരവ്
പൈസ കുറഞ്ഞുപോയി; ആറാം ക്ലാസ് വിദ്യാർഥിനിയെ ബസിൽ നിന്ന് ഇറക്കിവിട്ട് കണ്ടക്ടർ; അന്വേഷണത്തിന് ഉത്തരവ്
തൃശൂർ: ആറാം ക്ലാസ് വിദ്യാർഥിനിയെ പ്രൈവറ്റ് ബസിൽ നിന്ന് ഇറക്കിവിട്ട സംഭവത്തിൽ അന്വേഷണത്തിന് നിർദേശിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. തിരുവില്വാമലയിലാണ് ബസ് ചാർജിനുള്ള പൈസ കുറവെന്ന് പറഞ്ഞ് വിദ്യാർഥിനിയെ വഴിയിൽ ഇറക്കിവിട്ടത്. സംഭവം വിവാദമായതിന് പിന്നാലെയാണ് അന്വേഷണത്തിന് മന്ത്രിയുടെ ഇടപെടൽ. ബാലാവകാശ കമ്മീഷനോടാണ് മന്ത്രി അന്വഷണത്തിന് നിർദ്ദേശം നൽകിയത്.
ആറാം ക്ലാസ് വിദ്യാർഥിനിയെ ഇറക്കിവിട്ട കണ്ടക്ടർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് പഴയന്നൂർ പൊലിസിൽ പരാതി നൽകിയിട്ടുണ്ട്. കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പഴയന്നൂർ പൊലീസ് ഇന്ന് മൊഴിയെടുക്കും. രാവിലെ 10 മണിക്ക് ഇരു കൂട്ടരോടും സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിനിടെ പെൺകുട്ടിയെ വഴിയിൽ ഇറക്കിവിട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാകുകയാണ്.
ഇന്നലെയാണ് സംഭവം ഉണ്ടായത്. പഴമ്പാലക്കോട് എസ്.എം.എം ഹയർസെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയെയാണ് ബസിൽ നിന്ന് ഇറക്കിവിട്ടത്. തിരുവില്വാമല കാട്ടുകുളം വരെയായിരുന്നു വീടെത്താൻ വിദ്യാർഥിനിക്ക് പോകേണ്ടിയിരുന്നത്. രണ്ട് രൂപയാണ് ഇവിടെ വരെ വിദ്യാർഥികൾക്ക് ഉള്ള ചാർജ്ജ്. സ്ഥിരമായി രണ്ട് രൂപ കൊടുത്താണ് പെൺകുട്ടി ഇതുവരെ യാത്ര ചെയ്യാറുള്ളത്. പതിവ് പോലെ രണ്ട് രൂപയുമായി ബസിൽ കയറിയ വിദ്യാർത്ഥിനിയോട് കണ്ടക്ടർ അഞ്ച് രൂപ വേണമെന്ന് ആവശ്യപ്പെടുത്തായിരുന്നു. എന്നാൽ രണ്ട് രൂപ മാത്രമാണ് കയ്യിൽ ഉള്ളതെന്ന് പറഞ്ഞ പെൺകുട്ടിയുടെ കയ്യിൽ നിന്ന് രണ്ട് രൂപ വാങ്ങി പട്ടിപ്പറമ്പ് സ്റ്റോപ്പിൽ ഇറക്കി വിടുകയായിരുന്നു.
വഴിയിൽ ഇറക്കി വിട്ടതോടെ ഭയന്ന് പോയ പെൺകുട്ടി റോഡിൽ നിന്ന് കരയുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് കുട്ടിയെ വീട്ടിലെത്തിച്ചത്. ഇതിന് പിന്നാലെയാണ് പിതാവ് പഴയന്നൂർ പൊലിസിൽ പരാതി നൽകിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."