കൃഷി വകുപ്പിലെ സ്ഥലം മാറ്റത്തില്‍ പ്രതിഷേധം
മലപ്പുറം: കാര്‍ഷിക വികസന, കര്‍ഷക ക്ഷേമ വകുപ്പില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചു ജീവനക്കാരേ സ്ഥലം മാറ്റുന്നതില്‍ അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റ്‌സ് അസോസിയേഷന്‍ ശക്തമായി പ്രതിഷേധിച്ചു. വിവിധ ജില്ലകളില്‍ ഭരണകക്ഷിയിലെ ജീവനക്കാരുടെ സൗകര്യത്തിനുവേണ്ടി ജീവനക്കാരെ സ്ഥലം മാറ്റുകയാണ്. മെയ് മാസം പകുതിയോടെ നടത്തേണ്ട പൊതു സ്ഥലമാറ്റം നിക്ഷിപ്ത താല്‍പര്യത്തോടെ അകാരണമായി ആഗസ്ത് മാസം വരെ വൈകിപ്പിച്ച്, മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി സ്ഥലം മാറ്റം നടത്തിയതിനേതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. തുടര്‍ച്ചയായി മൂന്ന് ഉത്തരവുകളിറങ്ങിയിട്ടും, കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുളള സ്ഥലംമാറ്റം നാളിതുവരേയും നടന്നിട്ടില്ല. ഇതിനു പുറമേ, ജില്ലയില്‍ സകല മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ട്, വനിതാ ജീവനക്കാരേയും മൂന്നു വര്‍ഷം പോലും ഒരു ഓഫീസില്‍ തികയാത്തവരേയും പ്രതികാരബുദ്ധിയോടെ സ്ഥലംമാറ്റിയിരിക്കുകയാണ്. 10 വര്‍ഷത്തിലധികം ഒരേ ഓഫീസില്‍ സേവനം തുടരുന്ന ഒട്ടേറെ പേര്‍ സസുഖം വാഴുമ്പോളാണ് ഇത്തരം പ്രതികാര നടപടികള്‍ അരങ്ങേറുന്നത്. വകുപ്പിലെ വിവിധ പദ്ധതികളുടെ നടത്തിപ്പിലുണ്ടായ ക്രമക്കേടുകളും, അഴിമതിയും ചൂണ്ടിക്കാണിച്ച അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റ്‌സ് അസോസിയേഷന്‍ കേരള യുടെ അംഗങ്ങളെയാണ് വൈരനിര്യാതന ബുദ്ധിയോടെ സ്ഥലം മാറ്റിയിട്ടുളളത്. ഇത്തരം സ്ഥലംമാറ്റത്തിന് പിന്നില്‍ രാഷ്ട്രീയസമ്മര്‍ദ്ദമാണെന്ന് വരുത്തി ത്തീര്‍ത്തുകൊണ്ട്, അസോസിയേഷന്‍ അംഗങ്ങളേ തിരഞ്ഞു പിടിച്ച് ദ്രോഹിക്കുന്നതിനാണ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മുതിര്‍ന്നിട്ടുളളത്. അടുത്ത കാലത്തായി മുണ്ടേരി ഫാമിലെ കുരുമുളക് വളളി ഉല്‍പാദനത്തിലെ അഴിമതി, കേരസമൃദ്ധി പദ്ധതി പ്രകാരം കുറിയയിനം തെങ്ങുകളുടേയും വിത്തുതേങ്ങയുടേയും തിരഞ്ഞെടുപ്പും, സംഭരണവും സംബന്ധമായ ക്രമക്കേടുകള്‍, കര്‍ഷക രജിസ്റ്ററേഷന്‍ നടത്താതെ ഫണ്ട് മാറിയെടുത്തതിലെ അഴിമതി തുടങ്ങി ഒട്ടേറെ ക്രമക്കേടുകള്‍ അധികാരികളുടെ മുമ്പില്‍ തുറന്നു കാട്ടുകയും പ്രതിഷേധിക്കുകയും ചെയ്ത ജീവനക്കാരെയാണ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിക്കൊണ്ട് സ്ഥലംമാറ്റിയിട്ടുളളത്. ഇതിനെതിരെ, അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റ്‌സ് അസോസിയേഷന്‍ ശക്തമായി പ്രതിഷേധിക്കുകയും ചട്ടപ്പടി സമരമുള്‍പ്പെടെയുളള സമരപരിപാടികളുമായി മുന്നോട്ടു പോകാനും തീരുമാനിച്ചതായും ജില്ലാ കമ്മിറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."