തരൂരിനെ കാണാൻ തടിച്ചുകൂടി പ്രവർത്തകർ വിലക്കിയവർ പ്രതിരോധത്തിൽ
ഇ.പി മുഹമ്മദ്
കോഴിക്കോട് • നേതൃത്വത്തിലെ ചിലർ വിലക്കിയിട്ടും ശശി തരൂരിന് പിന്തുണയേറിയതോടെ കോൺഗ്രസ് നേതൃത്വം പ്രതിരോധത്തിൽ. തരൂരിനെതിരായ നീക്കം പാർട്ടിയിൽ വിഭാഗീയത ശക്തമാക്കുമെന്ന തിരിച്ചറിവിലാണ് കെ.പി.സി.സി നേതൃത്വം.
കോഴിക്കോട്ടെ യൂത്ത് കോൺഗ്രസ് പരിപാടി ഉപേക്ഷിക്കാൻ നിർദേശം നൽകിയത് തരൂരിന്റെ പര്യടനത്തിന് കൂടുതൽ ശ്രദ്ധയും പിന്തുണയും നൽകിയെന്നും നേതൃത്വം വിലയിരുത്തുന്നു. ശശി തരൂരിന് വിലക്കേർപ്പെടുത്തിയതിനു പിന്നിൽ സംസ്ഥാന നേതൃത്വത്തിലെ ചിലരാണെന്ന് തുറന്നടിച്ച് കെ. മുരളീധരൻ വിവാദത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തി.
ഈ സാഹചര്യത്തിലാണ് പാർട്ടിയുടെ ഐക്യത്തേയും കെട്ടുറപ്പിനേയും ബാധിക്കുന്ന പരാമർശങ്ങൾ ആരുടെയും ഭാഗത്തുനിന്ന് ഉണ്ടാവരുതെന്ന് സുധാകരന്റെ നിർദേശം.ജില്ല കോൺഗ്രസ് കമ്മിറ്റികളുടെ ഔദ്യോഗിക പരിപാടികളിൽ തരൂരിന് പങ്കെടുക്കാമെന്ന പ്രസ്താവനയും വിവാദങ്ങൾ ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. കോഴിക്കോട്ടെ പരിപാടിയിൽ കോൺഗ്രസ് പ്രവർത്തകരുടെ വൻ പങ്കാളിത്തവും നേതൃത്വത്തെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചു.
കൂടുതൽ പ്രകോപനം ഉണ്ടാക്കിയാൽ തരൂരിന്റെ നീക്കങ്ങൾക്ക് ഇതു ഗുണമാകുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു. തരൂരിന്റെ നേതൃത്വത്തിൽ പുതിയ ഗ്രൂപ്പ് രൂപപ്പെടുമെന്നു കരുതുന്നില്ലെങ്കിലും ഇരുഗ്രൂപ്പുകളിലുമുള്ളവർ അദ്ദേഹത്തോട് അടുക്കുന്നത് ഗ്രൂപ്പ് സമവാക്യങ്ങളിൽ വിള്ളലുണ്ടാക്കുമെന്ന ആശങ്കയും നേതാക്കൾക്കുണ്ട്. എ ഗ്രൂപ്പിൽനിന്നാണ് തരൂരിന് പിന്തുണയേറുന്നത്. പാർട്ടി പരിപാടികളിൽനിന്ന് തരൂരിനെ വിലക്കിയതിന്റെ പേരുദോഷം കെ.സി വേണുഗോപാലിനും തിരിച്ചടിയായി. അദ്ദേഹവുമായി അടുപ്പമുള്ളവർ തരൂരിന്റെ പരിപാടികളിൽനിന്ന് അകലം പാലിക്കുകയാണ്. രണ്ടുദിവസമായി കോഴിക്കോട്ടുള്ള തരൂരിനെ കാണാൻ വേണുഗോപാൽ അനുകൂലികൾ ആരും തയാറായിട്ടില്ല. വേണുഗോപാലിനെയും വി.ഡി സതീശനെയും ഉന്നംവച്ചാണ് മുഖ്യമന്ത്രിക്കുപ്പായം തയ്പ്പിച്ചവരാണ് വിലക്കിനു പിന്നിലെന്ന മുരളീധരന്റെ പരാമർശം. തരൂരിന്റെ സ്വീകാര്യത തങ്ങളുടെ രാഷ്ട്രീയ ഭാവിക്ക് വിലങ്ങുതടിയാവുമെന്ന ഭയം മുതിർന്ന നേതാക്കൾക്കുണ്ട്. തരൂരിന്റെ നീക്കങ്ങളെ സംശയത്തോടെ കാണുന്ന രമേശ് ചെന്നിത്തല വിവാദങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കുകയാണ്. തരൂരിനൊപ്പം ഉറച്ചുനിൽക്കുന്ന എം.കെ രാഘവൻ എം.പിയുടെ നീക്കങ്ങളും നേതൃത്വം സംശയദൃഷ്ടിയോടെയാണ് കാണുന്നത്. വിലക്കിനെതിരേ ദേശീയ നേതൃത്വത്തിന് പരാതി നൽകുമെന്ന രാഘവന്റെ പരസ്യപ്രസ്താവന തരൂർ വിരുദ്ധരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ശശി തരൂരിന്റെ പര്യടനത്തിന് ഇന്നലെയും വൻ സ്വീകാര്യതയാണ് ലഭിച്ചത്. തരൂരിനെ കാണാൻ വിവിധയിടങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ തടിച്ചുകൂടി. അന്തരിച്ച എഴുത്തുകാരൻ ടി.പി രാജീവന്റെ വീട്ടിലും മാഹി കലാഗ്രാമത്തിൽ നടക്കുന്ന ചടങ്ങിലും കോഴിക്കോട് ബാർ അസോസിയേഷന്റെ പരിപാടിയിലും ഐ.എം.എ സംഘടിപ്പിച്ച മുഖാമുഖത്തിലും അദ്ദേഹം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."