തിരുവനന്തപുരം കോർപറേഷനിലെ നിയമന വിവാദം കത്ത് കണ്ടെത്തിയില്ല; കേസെടുത്ത് അന്വേഷിക്കണം , ക്രൈംബ്രാഞ്ച് പ്രാഥമിക റിപ്പോർട്ട് കൈമാറി
തിരുവനന്തപുരം • കോർപറേഷനിലെ 295 താൽക്കാലിക നിയമനങ്ങൾക്കായി മേയർ ആര്യ രാജേന്ദ്രൻ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തു നൽകിയെന്ന ആരോപണത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ക്രൈംബ്രാഞ്ച്.
മേയറുടെ കത്ത് വ്യാജമെന്നോ അല്ലെന്നോ ഉറപ്പിക്കാതെ അന്വേഷണ സംഘം ഇന്നലെ പ്രാഥമിക റിപ്പോർട്ട് നൽകി.
യഥാർഥ കത്ത് കണ്ടെത്താനായില്ലെന്നും നിജസ്ഥിതി കണ്ടെത്തണമെങ്കിൽ കേസെടുത്ത് അന്വേഷിക്കണമെന്നും ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജി.പി ഷേഖ് ദർവേശ് സാഹിബിന് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. വാട്‌സ്ആപ്പിൽ പ്രചരിച്ച കത്തിന്റെ കോപ്പി മാത്രമാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്. ഇത് പ്രചരിപ്പിച്ചത് ആരെന്നു കണ്ടെത്താനാകില്ല.
കേസെടുത്താൽ മാത്രമേ ഉറവിടം കണ്ടെത്താൻ കഴിയൂ. കത്ത് വ്യാജമാണെന്ന് മേയറുടെ മൊഴിയെന്ന് റിപ്പോർട്ടിലുണ്ട്. കത്ത് അയച്ചതായി പറയുന്ന ദിവസം മേയർ സ്ഥലത്തുണ്ടായിരുന്നില്ല. അത്തരമൊരു കത്ത് ലഭിച്ചിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും മൊഴി നൽകിയിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തുന്നതിന് കേസ് റജിസ്റ്റർ ചെയ്യേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ക്രൈംബ്രാഞ്ച് മേധാവി ഡി.ജി.പിയുമായി ചർച്ച ചെയ്ത് തുടർനടപടികൾ സ്വീകരിക്കും.
കോർപറേഷനിലെ നിയമനവുമായി ബന്ധപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറിക്ക് മേയർ കൈമാറിയെന്ന് പറയുന്ന കത്ത് പുറത്തുവന്നിട്ട് ദിവസങ്ങൾ പിന്നിടുമ്പോഴാണ് റിപ്പോർട്ട്. വ്യാജമെന്ന് മേയർ മൊഴി നൽകുമ്പോഴും കത്തിനു പിന്നിൽ ആരെന്ന് കണ്ടെത്താൻ ആയിട്ടില്ല. ഈ ആഴ്ച ഇതുമായി ബന്ധപ്പെട്ട ഹരജി ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. അതിനു മുമ്പു തന്നെ റിപ്പോർട്ടിൽ തീരുമാനമെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.
കത്ത് വിവാദത്തിൽ തിരുവനന്തപുരം കോർപറേഷനിലെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. വരും ദിവസങ്ങളിൽ കോർപറേഷൻ ഓഫിസിൽ ശക്തമായ സമര പരിപാടികൾ ആസൂത്രണം ചെയ്യാൻ ബി.ജെ.പിയും യു.ഡി.എഫും തീരുമാനിച്ചിട്ടുണ്ട്. മേയർ ആര്യ രാജേന്ദ്രൻ രാജിവയ്ക്കുന്നതുവരെ സമരമെന്നാണ് ഇരു വിഭാഗവും പറയുന്നത്. എന്നാൽ മേയർ രാജിവയ്ക്കുന്ന പ്രശ്‌നമേയില്ലെന്ന നിലപാടിലാണ് സി.പി.എമ്മും ഇടതുപക്ഷവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."