രമേശ് ചെന്നിത്തല നേരിട്ടെത്തി; കൊണ്ടോട്ടിയില്‍ യു.ഡി.എഫ് സംവിധാനം വന്നേക്കും
കൊണ്ടോട്ടി: നഗരസഭയിലെ കോണ്‍ഗ്രസ്-മുസ്ലിംലീഗ് പ്രശ്നങ്ങള്‍ പരിഹരിച്ചു യുഡിഎഫ് ഒറ്റക്കെട്ടാവുന്നതിന്റെ ആവശ്യകത അറിയിച്ചു പ്രതിപക്ഷ നോതാവു രമേശ് ചെന്നിത്തല. നഗരസഭ ചെയര്മാന് സി.നാടിക്കുട്ടിയോടു സി.പി.എമ്മുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിക്കുന്നതിന്റെ ആവശ്യകത രമേശ് ചെന്നിത്തല കൊണ്ടോട്ടിയിലെത്തി നേരിട്ടു വ്യക്തമാക്കി. പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്നു ചെയര്‍മാനോടു ചെന്നിത്തല ആവശ്യപ്പെട്ടു.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലാണു കൊണ്ടോട്ടിയില്‍ സീറ്റ് വിഭജനത്തെച്ചൊല്ലി മുസ്ലിം ലീഗും കോണ്‍ഗ്രസും വേര്‍പിരിഞ്ഞത്. ജില്ലാ നേതൃത്വം ഇടപെട്ടെങ്കിലും പ്രശ്നത്തിനു പരിഹാരമായില്ല. പിന്നീട് മുസ്ലിം ലീഗ് ഒറ്റക്കും കോണ്‍ഗ്രസ് സിപിഎമ്മിനൊപ്പം ചേര്‍ന്നു മതേതര വികസന മുന്നണി രൂപീകരിച്ചാണു മല്‍സരിച്ചത്. 40 അംഗ വാര്‍ഡുകളില്‍ 21 സീറ്റുകള്‍ മതേതര വിസകന മുന്നണിക്കും18 സീറ്റ് മുസ്ലിംലീഗിനും ഒരു സീറ്റ് എസ്.ഡി.പി.ഐക്കും ലഭിച്ചു. കോണ്‍ഗ്രസിലെ മൂന്നംഗങ്ങള്‍ കൈപ്പത്തി ചിഹ്നത്തിലായിരുന്നു മല്‍സരിച്ചിരുന്നത്. സി.പി.എമ്മുമായ ധാരണ പ്രകാരം ചെയര്മാന് സ്ഥാനം ആദ്യഘട്ടത്തില്‍ ഇതോടെ കോണ്‍ഗ്രസിനു കിട്ടി.
എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ബന്ധം പുനസ്ഥാപിച്ചാണു മല്സരത്തിനിറങ്ങിയിരുന്നത്.നിലവിലുളള പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പിനു ശേഷം ചര്‍ച്ചയിലൂടെ തീരുമാനിക്കാമെന്നായിരുന്നു സംസ്ഥാന-ജില്ലാ നേതൃത്വം പറഞ്ഞിരുന്നത്. ഇതിനു മുന്നോടിയായുള്ള കാര്യങ്ങളാണു പ്രതിപക്ഷ നേതാവ് ഇന്നലെ നഗരസഭ ചെയര്‍മാനോട് പറഞ്ഞത്. യു.ഡി.എഫ് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുന്ന കാര്യങ്ങളാണു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞതെന്നു നഗരസഭ ചെയര്മാന് സി.നാടിക്കുട്ടി പറഞ്ഞു. കൊണ്ടോട്ടിയിലെത്തിയ രമേശ് ചെന്നിത്തല പിന്നീട് അന്തരിച്ച തിരക്കഥാ കൃത്ത് ടി.എ.റസാഖിന്റെ വീടും സന്ദര്‍ശിച്ചു. ജില്ലാപഞ്ചായത്ത് അംഗം എ.കെ.അബ്ദുറഹിമാന്, കെ.പി.സി.സി സെക്രട്ടറിമാരായ അബ്ദുള്‍ മജീദ്,സുബ്രഹ്മണ്യന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."