സല്‍മാന്‍ ബിന്‍ ഹമദ് വീണ്ടും ബഹ്‌റയ്ന്‍ പ്രധാനമന്ത്രി
വോട്ടെടുപ്പിനു പിന്നാലെ പുതിയ സര്‍ക്കാരിനെ നയിക്കാനും മന്ത്രിസഭ രൂപീകരിക്കാനും കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദിന് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ നിര്‍ദേശം നല്‍കി
മനാമ: ബഹ്‌റയ്ന്‍ കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദിനെ വീണ്ടും പ്രധാനമന്ത്രിയായി നിയമിച്ച് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉത്തരവിറക്കി. വോട്ടെടുപ്പിനു പിന്നാലെ പുതിയ സര്‍ക്കാരിനെ നയിക്കാനും മന്ത്രിസഭ രൂപീകരിക്കാനും ഹമദ് രാജാവ് നിര്‍ദേശം നല്‍കുകയായിരുന്നു.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രധാനമന്ത്രി സല്‍മാന്‍ ബിന്‍ ഹമദ് രാജിവച്ചിരുന്നു. വീണ്ടും ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള രാജാവിന്റെ നിര്‍ദേശത്തെ ശിരസാവഹിക്കുന്നുവെന്നും രാജതാല്‍പര്യങ്ങള്‍ക്കനുസരിച്ച് രാജ്യത്തെ മുന്നോട്ടുനയിക്കുമെന്നും സല്‍മാന്‍ ബിന്‍ ഹമദ് പറഞ്ഞു. രാജാവിന്റെ വിശ്വാസത്തിന്
സല്‍മാന്‍ രാജകുമാരന്‍ നന്ദി രേഖപ്പെടുത്തി.
സല്‍മാന്‍ രാജകുമാരന്‍ 2020 മുതല്‍ ബഹ്‌റയ്ന്‍ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചുവരികയാണ്. അമ്മാവന്‍ ഖലീഫ ബിന്‍ സല്‍മാന്റെ നിര്യാണത്തിനുശേഷമാണ് ചുമതലയേറ്റത്. ബഹ്‌റൈന്‍ സ്വതന്ത്രമാകുന്നതിന് ഒരു വര്‍ഷം മുമ്പ് 1971 മുതല്‍ പ്രധാനമന്ത്രിയായി പ്രവര്‍ത്തിച്ചുവന്നിരുന്ന ഖലീഫ ബിന്‍ സല്‍മാന്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായ വ്യക്തിയായിരുന്നു.
നവംബര്‍ 13ന് നടന്ന തെരഞ്ഞെടുപ്പില്‍ 344,713 വോട്ടര്‍മാരില്‍ 73 ശതമാനത്തിലധികം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 40 പാര്‍ലമെന്റ് സീറ്റുകളിലേക്ക് 334 പേരാണ് മല്‍സരിച്ചത്. മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ 500ലധികം പേര്‍ മല്‍സരരംഗത്തുണ്ടായിരുന്നു.
വനിതാ സ്ഥാനാര്‍ത്ഥികളുടെ എണ്ണം 2018ല്‍ 94 ആയിരുന്നത് ഇത്തവണ ഇരട്ടിയിലധികമായി. നിലവിലുള്ള എം.പിമാരില്‍ ഏഴു പേര്‍ മാത്രമാണ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. ഇപ്പോള്‍ പാര്‍ലമെന്റിന്റെ 20 ശതമാനം സ്ത്രീകളാണ്. ജനപ്രതിനിധികളുടെ സമിതിയും രാജാവ് നിയമിച്ച 40 അംഗ ശൂറാ കൗണ്‍സിലും അടങ്ങുന്നതാണ് പാര്‍ലമെന്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."