അവര്‍ക്കറിയാം ഇവിടെ ഒന്നും സംഭവിക്കില്ലെന്ന്
എന്‍ജിനീയറിങ് ബിരുദധാരികള്‍ എന്തിനാണ് തീവ്രവാദത്തെക്കുറിച്ചു പഠിക്കുന്നത്? ഇങ്ങനെയൊരു ചോദ്യം ആരും ചോദിക്കരുത്. കാരണം, ആരൊക്കെ എന്തൊക്കെ പഠിക്കണമെന്നു തീരുമാനിക്കാന്‍ ഇവിടെ ചിലര്‍ക്കു മാത്രമേ അധികാരമുള്ളൂ. എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ പഠിക്കേണ്ടത് തീവ്രവാദത്തെ എങ്ങനെ നേരിടണമെന്നും തീവ്രവാദമെന്നാല്‍ ഇസ്‌ലാമിക തീവ്രവാദം മാത്രമാണെന്നുമൊക്കെ തീരുമാനിക്കാന്‍ അതിനു ചുമതലയുള്ളവര്‍ നിശ്ചയിക്കും. വിദ്യാര്‍ഥികള്‍ നാവടക്കി പഠിച്ചാല്‍ മതി. നാട്ടുകാര്‍ ഇത്തരം വലിയ കാര്യങ്ങളിലൊന്നും ഇടപെടാതെ മിണ്ടാതിരുന്നാല്‍ മതി. പ്രതിപക്ഷം എത്രതന്നെ ചിലച്ചാലും ആരും ചെവികൊടുക്കാന്‍ പോകുന്നില്ല. കാരണം, ഇതു 'ഞങ്ങളുടെ സ്വന്തം' നാടാണ്!
ജാതിക്കും മതത്തിനുമപ്പുറത്ത് മനുഷ്യനെ സ്‌നേഹിച്ചിരുന്ന ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നാമധേയത്തിലുള്ള ഡല്‍ഹി സര്‍വകലാശാലയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളെ 'തീവ്രവാദവിരുദ്ധത' പഠിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ബി.ടെക് കഴിഞ്ഞവര്‍ക്ക് ബിരുദാനന്തര ബിരുദ കോഴ്‌സായാണ് ഇതു പഠിപ്പിക്കുന്നത്. ഈ മാസം തന്നെ ഓണ്‍ലൈനായി ക്ലാസ് തുടങ്ങും.
തീവ്രവാദവിരുദ്ധത പഠിപ്പിക്കുന്നതില്‍ തെറ്റൊന്നുമില്ല, തീവ്രവാദത്തിനെതിരായ മനോഭാവം വളര്‍ത്തിയെടുക്കാന്‍ അത് ഉപയുക്തമാകുമെങ്കില്‍. ഇവിടെ പക്ഷേ, വിരുദ്ധത വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നത് ഒരു പ്രത്യേക വിഭാഗത്തിനെതിരേയാണ്, ഇസ്‌ലാമിനെതിരേ. പുറത്തുവന്ന വിവരമനുസരിച്ച് ഈ കോഴ്‌സില്‍ ഊന്നല്‍ 'ഇസ്‌ലാമിക തീവ്രവാദ'ത്തിലാണ്. ഇസ്‌ലാമിന്റെ പേരില്‍ തീവ്രവാദികള്‍ ലോകമെങ്ങും ജിഹാദിന് ആഹ്വാനം ചെയ്യുകയാണെന്നാണ് സിലബസ് പഠിപ്പിക്കുന്നതെന്ന് വാര്‍ത്തയില്‍ പറയുന്നു. തീവ്രവാദികളായ ഇസ്‌ലാമിക പണ്ഡിതന്മാര്‍ സമൂഹമാധ്യമങ്ങള്‍ വഴി ജിഹാദ് ആശയം തുടര്‍ച്ചയായി പ്രചരിപ്പിക്കുകയാണത്രെ. ലോകത്ത് പലയിടത്തും നടക്കുന്ന ചാവേര്‍ ആക്രമണങ്ങളും ആത്മാഹുതികളും ജിഹാദിന്റെ തെളിവാണെന്നുമുണ്ട് വാദം.
അങ്ങനെ മുസ്‌ലിംകളെ ജിഹാദികളും തീവ്രവാദികളുമാക്കി ചിത്രീകരിക്കുന്നതില്‍ മാത്രം അവസാനിപ്പിക്കുന്നില്ല. അവര്‍ക്കു പിന്തുണ നല്‍കുന്നുവെന്ന പേരില്‍ കമ്മ്യൂണിസ്റ്റുകള്‍ക്കെതിരേയും കുറ്റപ്പെടുത്തലുണ്ട്. റഷ്യ ഇപ്പോഴും പഴയ സോവിയറ്റ് യൂനിയന്‍ ശൈലിയില്‍ തന്നെയാണെന്ന ധാരണയാലോ മറ്റോ ആ രാജ്യത്തെയും ചൈനയെയും ഇസ്‌ലാമിക തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നവരായി മുദ്രകുത്തുന്നു.
ജെ.എന്‍.യു അധ്യാപക സംഘടനയും മറ്റും ഈ നീക്കത്തിനെതിരേ രംഗത്തുവന്നിട്ടുണ്ടെങ്കിലും തീരുമാനം പുനഃപരിശോധിക്കില്ലെന്നാണ് വൈസ് ചാന്‍സലറുടെ നിലപാട്. പുതുതലമുറയ്ക്കു ഭീകരവാദത്തിന്റെ കെടുതികള്‍ മനസിലാക്കാനും പ്രതിരോധമാര്‍ഗങ്ങള്‍ തേടാനും ഇത്തരം കോഴ്‌സുകള്‍ സഹായിക്കുമെന്നാണ് വാദം. പ്രതിഷേധസ്വരങ്ങള്‍ ദുര്‍ബലമായി ഉയര്‍ന്നാലും അവ അവഗണിച്ചാല്‍ തനിയെ കെട്ടടങ്ങുമെന്ന് ഉറപ്പുണ്ടാവുമ്പോള്‍ ഇത്തരം തീരുമാനങ്ങള്‍ എടുക്കാന്‍ എളുപ്പമാണല്ലോ. നാവടക്കൂ എന്നു പറയാതെ തന്നെ നാവടക്കാന്‍ പഠിച്ചുകഴിഞ്ഞല്ലോ ഇന്ത്യന്‍ ജനത.
അവഗണിച്ചു തള്ളിയ മറ്റൊരു പ്രതിഷേധത്തെക്കുറിച്ചുകൂടി പറയാം. ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സില്‍ പുറത്തിറക്കിയ പോസ്റ്ററിനെച്ചൊല്ലിയായിരുന്നു വിവാദം. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഐ.സി.എച്ച്.ആര്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. അതില്‍ കുറെ നേതാക്കളുടെ ഛായാചിത്രമുണ്ട്. ആദ്യത്തെ ചിത്രം രാഷ്ട്രപിതാവ് മഹാത്മജിയുടേതു തന്നെ. സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഉജ്ജ്വലതാരകങ്ങളായ സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ് എന്നിവരുടെ ചിത്രവുമുണ്ട്. ഭരണഘടനാ ശില്‍പ്പി അംബേദ്കറുടെയും ആദ്യത്തെ ഉപപ്രധാനമന്ത്രിയും നാട്ടുരാജ്യങ്ങളുടെ സംയോജകനുമായ പട്ടേലിന്റെയും ആദ്യ രാഷ്ട്രപതി രാജേന്ദ്രപ്രസാദിന്റെയും ചിത്രങ്ങളുണ്ട്. അതൊന്നും ആരും ചോദ്യം ചെയ്യുന്നില്ല.
എന്നാല്‍, ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രിയും ഈ നാടിനെ മതേതര രാജ്യമായി നിലനിര്‍ത്താന്‍ അക്ഷീണം പ്രയത്‌നിച്ച നേതാവുമായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചിത്രം പോസ്റ്ററിലില്ല. ഒരു ചിത്രംകൂടി വയ്ക്കാന്‍ പോസ്റ്ററില്‍ സ്ഥലമില്ലാത്തതിനാലല്ല. നെഹ്‌റുവിന്റെ ചിത്രം വച്ചില്ലെങ്കിലും മറ്റു രണ്ടു ചിത്രങ്ങള്‍ പോസ്റ്ററിലുണ്ട്. ഒന്ന് മദന്‍മോഹന്‍ മാളവ്യയുടേത്. തീര്‍ച്ചയായും മാളവ്യ സ്വാതന്ത്ര്യസമര ചരിത്രത്തിലെയും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെയും പ്രമുഖ നേതാവായിരുന്നു. പക്ഷേ, അത്തരം വിശേഷണങ്ങള്‍ കൊണ്ടായിരിക്കില്ല, ഹിന്ദുമഹാസഭയുടെ സ്ഥാപകനേതാവായതു കൊണ്ടാണ് മാളവ്യയുടെ ചിത്രം ഉള്‍പ്പെടുത്തിയതെന്നു വ്യക്തം. അടുത്ത ചിത്രം സവര്‍ക്കറുടേതാണ്. സവര്‍ക്കര്‍ ആരെന്നും അദ്ദേഹത്തിന്റെ ചിത്രം കൊടുത്തതിന്റെ സാംഗത്യമെന്തെന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ. നെഹ്‌റുവിനേക്കാള്‍ പരിഗണിക്കപ്പെടേണ്ടത് സവര്‍ക്കറാണെന്നതില്‍ ഐ.സി.എച്ച്.ആറിനു സംശയമില്ല. നെഹ്‌റുവിന്റെ ചിത്രം മാറ്റിയതിനു വിശദീകരണം വേണമെന്നു പോലും ചരിത്രഗവേഷണ കൗണ്‍സിലിനു തോന്നിയില്ല.
സ്വാഭാവികമായും മുറുമുറുപ്പുകളും പ്രതിഷേധസ്വരങ്ങളും ചില കോണുകളില്‍ നിന്നുയര്‍ന്നു. അപ്പോള്‍ ഐ.സി.എച്ച്.ആര്‍ ഒരു മറുപടി നല്‍കി, 'ഇത് ആദ്യത്തെ പോസ്റ്ററാണ്. ഇനിയും പോസ്റ്ററുകള്‍ വരും. അപ്പോള്‍ നെഹ്‌റുവിന്റെ ചിത്രവുമുണ്ടാകും'. ചിത്രം കൊടുക്കാതിരുന്നതിനേക്കാള്‍ ക്രൂരമാണ് അവഗണനയോടു കൂടിയ ഈ വാക്കുകളെന്നു പറയാതെ വയ്യ. സമൂഹമാധ്യമങ്ങളില്‍ ഭീകരമായ രീതിയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന വ്യാജവാര്‍ത്തകളെക്കുറിച്ച് ഞെട്ടലോടെ രാജ്യത്തെ പരമോന്നത നീതിപീഠം കഴിഞ്ഞദിവസം നടത്തിയ പരാമര്‍ശം ശ്രദ്ധിച്ചില്ലേ. സാമുദായികശത്രുത വളര്‍ത്തുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ കുമിഞ്ഞുകൂടുകയാണെന്നും അതു രാജ്യത്തിന്റെ സല്‍പ്പേരിനു കളങ്കമാകുന്നുണ്ടെന്നുമാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്. സമൂഹമാധ്യമങ്ങളില്‍ ഇതു പ്രചരിപ്പിക്കുന്നവര്‍ക്കെതിരേയുള്ള പരാമര്‍ശം മാത്രമല്ല ആ വാക്കുകളിലുള്ളത്. അതു തടയാതിരിക്കുകയോ മൗനമായി പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന ഭരണകൂട നടപടികളിലുള്ള പ്രതിഷേധവുമുണ്ട്.
കോടതിയുടെ പരാമര്‍ശത്തിനു നിമിത്തമായ സംഭവം തന്നെ പരിശോധിക്കാം. കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ ഡല്‍ഹി നിസാമുദ്ദീനില്‍ തബ്‌ലീഗ് ജമാഅത്തിന്റെ സമ്മേളനം നടന്നു. രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള പ്രതിനിധികള്‍ അതില്‍ പങ്കെടുത്തിരുന്നു. അതില്‍ പലര്‍ക്കും പിന്നീട് കൊവിഡ് ബാധയുണ്ടായി. അതോടെ ഒരുകൂട്ടര്‍ സമൂഹമാധ്യമങ്ങളില്‍ ഭീകരപ്രചാരണം തുടങ്ങി. രാജ്യത്ത് കൊവിഡ് വിതച്ച് മരണം കൊയ്യിക്കാനുള്ള ബോധപൂര്‍വമായ ശ്രമമായി അതു വ്യാഖ്യാനിക്കപ്പെട്ടു. സമ്മേളനം നടത്തിയത് തബ്‌ലീഗാണെങ്കിലും അവര്‍ ഇന്ത്യയിലെ മുസ്‌ലിം വിഭാഗങ്ങളില്‍ അതിസൂക്ഷ്മ ന്യൂനപക്ഷമാണെങ്കിലും ആരോപണത്തിന്റെ കുന്തമുന മൊത്തം മുസ്‌ലിംകള്‍ക്കു നേരേയാണ് ഉയര്‍ന്നത്. ആ തീപ്പൊരി സമൂഹമാധ്യമങ്ങളില്‍ ആളിപ്പടര്‍ന്നത്-നീതിപീഠം ഞെട്ടലോടെ വീക്ഷിച്ചപോലെ-സാമുദായികമൈത്രി തകര്‍ത്തുകൊണ്ടായിരുന്നു. ഇത് ഏതെങ്കിലും വിവരദോഷികള്‍ അബോധത്തില്‍ ചെയ്തുപോയ കൈത്തെറ്റല്ല. കൃത്യമായ അജന്‍ഡ ഇതിനു പിറകിലുണ്ടെന്ന് ഉറപ്പ്.
ഇത്തരം നീചപ്രവൃത്തികള്‍ക്കു നേരേ തീര്‍ച്ചയായും ജനാധിപത്യ വിശ്വാസികളും മതേതര ചിന്താഗതിക്കാരും മനുഷ്യാവകാശപ്രവര്‍ത്തകരും ശബ്ദമുയര്‍ത്തുമെന്ന് അവര്‍ക്കറിയാം. അതിനേക്കാള്‍ നന്നായി അവര്‍ക്കറിയാം, ചെവികൊടുത്തില്ലെങ്കില്‍ തീര്‍ത്തും അവഗണിച്ചാല്‍ ആ പ്രതിഷേധങ്ങളെല്ലാം വൈകാതെ കെട്ടടങ്ങുമെന്ന്.
തകരുന്ന നീതിബോധത്തെക്കുറിച്ച് നീതിപീഠത്തിനു പോലും നിസ്സഹായമായി വിലപിക്കേണ്ടിവരുന്ന കാലത്താണ് നാം ജീവിക്കുന്നത്.
ഹാ... കഷ്ടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."