പിണക്കങ്ങളും അതിരുകളും മായ്ക്കുന്ന കാല്‍പന്ത് വിസ്മയം; ദോഹയിലേക്ക് ഒഴുകി സഊദി ആരാധകര്‍
ദോഹ: ഗള്‍ഫില്‍ ആദ്യമായി നടക്കുന്ന ലോകകപ്പ്, ആദ്യ മല്‍സരം തന്നെ കപ്പ് ഫേവറിറ്റുകളിലൊന്നായ ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയ്‌ക്കെതിരേ. ആവേശകൊടുമുടിയിലേറിയ സഊദി ഫുട്‌ബോള്‍ ആരാധകര്‍ ദോഹയിലേക്ക് ഒഴുകിത്തുടങ്ങി. ഇത്തവണ ലോകകപ്പില്‍ ഏറ്റവും വേഗത്തില്‍ ടിക്കറ്റുകള്‍ വിറ്റഴിക്കപ്പെട്ട മല്‍സരം കൂടിയാണിത്. ലോകകപ്പ് ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചതു മുതല്‍ പ്രവാസി മലയാളികളും ആവേശത്തോടെയാണ് സഊദി-അര്‍ജന്റീന മല്‍സരത്തെ കാത്തിരിക്കുന്നത്.
ഇന്ന് ഇന്ത്യന്‍ സമയം വൈകുന്നേരം 3.30ന് ലുസൈല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരം അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണര്‍. മറുഭാഗത്ത് അര്‍ജന്റീനയാണെങ്കിലും സ്‌റ്റേഡിയത്തില്‍ സൗദിക്ക് വലിയ ആരാധക പിന്തുണയുണ്ടാവുമെന്ന് ഉറപ്പ്.
അന്താരാഷ്ട്ര വിഷയങ്ങളിലെ ഖത്തറിന്റെ നയങ്ങളുടെ പേരിലും അല്‍ ജസീറ ചാനല്‍, മുസ്‌ലിം ബ്രദര്‍ഹുഡ് എന്നിവയെ പിന്തുണയ്ക്കുന്ന സമീപനങ്ങളിലും യെമന്‍, സിറിയ സംഘര്‍ഷങ്ങളിലെ നിലപാടുകളെ ചൊല്ലിയും ഖത്തറുമായി സഊദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ നേരത്തേ ഇടയുകയും പിന്നീട് മഞ്ഞുരുക്കമുണ്ടാവുകയും ചെയ്‌തെങ്കിലും നയതന്ത്ര ബന്ധത്തിലെ ഊഷ്മളത പൂര്‍വസ്ഥിതിയിലായിട്ടില്ല. ഖത്തര്‍ ലോകകപ്പിന് എല്ലാ പിന്തുണയും നല്‍കുമെന്ന് സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കിയിരുന്നു.
സഊദി സ്‌പോര്‍ട്‌സ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ഔദ്യോഗിക കാണികളുടെ സംഘവും ദോഹയിലെത്തിക്കഴിഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ദേശീയ ക്ലബ്ബുകളുടെ പ്രതിനിധികളായി കാണികളെ തെരഞ്ഞെടുക്കുകയായിരുന്നു. ഗ്രീന്‍ ഫാല്‍ക്കണ്‍സിനായി സ്റ്റേഡിയത്തില്‍ അലമാലകള്‍ തീര്‍ക്കുന്നതിന് വിമാനമാര്‍ഗവും കരമാര്‍ഗവും സഊദികളും സൗദിയെ സ്‌നേഹിക്കുന്ന പ്രവാസികളും ഇവിടെയെത്തിയിട്ടുണ്ട്.
രണ്ട് തവണ ലോകകപ്പ് ജേതാക്കളായ അര്‍ജന്റീനയ്‌ക്കൊപ്പം ഗ്രൂപ്പ് സിയില്‍ സഊദിക്കു പുറമേ പോളണ്ടും മെക്‌സിക്കോയുമാണുള്ളത്. കിരീടത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കാത്ത അര്‍ജന്റീന ആദ്യ മല്‍സരത്തില്‍ മൂന്ന് പോയിന്റ് അനായാസം നേടുമെന്ന് മിക്കവരും കരുതുന്നുണ്ടെങ്കിലും സമനിലയോ ഞെട്ടിക്കുന്ന വിജയമോ ലഭിക്കുമെന്ന പ്രതീക്ഷയാണ് സഊദി ആരാധകര്‍ പങ്കുവയ്ക്കുന്നത്. ഫിഫ റാങ്കിങില്‍ മൂന്നാം സ്ഥാനത്തുള്ള അര്‍ജന്റീനയെ 51ാം സ്ഥാനത്തുള്ള സഊദിക്ക് തളയ്ക്കാന്‍ കഴിയുമെന്ന് കരുതുന്നില്ലെങ്കിലും കളിയില്‍ നിന്ന് എന്തെങ്കിലും നേടാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സഊദിയില്‍ നിന്നുള്ള എഞ്ചിനീയര്‍ വെയ്ല്‍ ദോവൈരി (35) പറഞ്ഞു. മെസ്സിയുടെ അവസാന ലോകകപ്പില്‍ മെസ്സിക്കെതിരേ കളിക്കുക എന്നത് സഊദിയെ സംബന്ധിച്ച് വലിയ കാര്യമാണെന്ന് ജിദ്ദയില്‍ നിന്നുള്ള ആരാധകന്‍ മുഹമ്മദ് അല്‍ഗബേയ പറഞ്ഞു. ഈ ഗ്രൂപ്പില്‍ നിന്ന് നോക്കൗട്ട് റൗണ്ടിലെത്തുക സഊദിക്ക് പ്രയാസമായിരിക്കുമെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.
സഊദി ടീമില്‍ വിദേശ ക്ലബ്ബുകളില്‍ കളിക്കുന്നവര്‍ ആരുമില്ല. താരങ്ങളെല്ലാം രാജ്യത്തെ വിവിധ ക്ലബ്ബുകളില്‍ കളിക്കുന്നവരാണ്. അല്‍ഹിലാല്‍ താരം സല്‍മാന്‍ അല്‍ഫരാജും അല്‍ഇത്തിഹാദിന്റെ അബ്ദുല്‍റഹ്മാന്‍ അല്‍അബൗദുമാണ് ഏറ്റവും ശ്രദ്ധിക്കപ്പെടുന്നവര്‍.
കഴിഞ്ഞ മാസം, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സഊദി ദേശീയ ടീമിനെ സന്ദര്‍ശിച്ചിരുന്നു. സമ്മര്‍ദ്ദത്തിന് കീഴ്‌പ്പെടരുതെന്നും ടൂര്‍ണമെന്റ് ആസ്വദിച്ച് കളിക്കണമെന്നും അദ്ദേഹം നിര്‍ദേശിക്കുകയുണ്ടായി. സഊദി ടീം ശക്തമായ ലോകകപ്പ് ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
യോഗ്യതാ മല്‍സരങ്ങളില്‍ സഊദി ഏഷ്യന്‍ വമ്പന്‍മാരായ ജപ്പാനെയും ഓസ്‌ട്രേലിയയെയും മറികടന്നിരുന്നു. കൊളംബിയക്കും വെനസ്വേലക്കുമെതിരായ സൗഹൃദ മത്സരങ്ങളില്‍ 1-0 നാണ് തോറ്റത്. ഇക്വഡോര്‍, യു.എസ്.എ ടീമുകള്‍ക്കെതിരേ ഗോള്‍രഹിത സമനില പിടിച്ചെടുക്കാനും സാധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."