അച്ചടക്കലംഘനം പരിശോധിക്കാന്‍ കണ്‍ട്രോള്‍ കമ്മിഷന്‍
പാര്‍ട്ടി കേഡര്‍മാര്‍ക്ക് പ്രതിഫലം നല്‍കുമെന്ന് കെ. സുധാകരന്‍
കണ്ണൂര്‍: സി.പി.എം മോഡലില്‍ കേരളത്തിലെ കോണ്‍ഗ്രസിലും കണ്‍ട്രോള്‍ കമ്മിഷന്‍ വരുന്നു. അച്ചടക്ക ലംഘനം പരിശോധിക്കാനും പാര്‍ട്ടി അച്ചടക്കം ലംഘിച്ചവര്‍ക്കെതിരേയുള്ള നടപടികള്‍ നീതിയുക്തമാണോയെന്ന് പരിശോധിക്കാനാണ് കമ്മിഷന്‍. പാര്‍ട്ടിയെ സെമി കേഡര്‍ രീതിയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് കണ്‍ട്രാള്‍ കമ്മിഷന്‍. കോണ്‍ഗ്രസില്‍ അച്ചടക്കം നടപ്പാക്കാന്‍ ഓരോ ജില്ലയിലും അഞ്ചംഗങ്ങള്‍ അടങ്ങിയ കണ്‍ട്രോള്‍ കമ്മിഷന്‍ രൂപീകരിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞു. അച്ചടക്കം ലഘിക്കുന്നവര്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജിന്റെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധാകരന്‍. പാര്‍ട്ടിയില്‍ 2500 കേഡര്‍മാരെ സൃഷ്ടിക്കും. ഇവരെ മൂന്നുവര്‍ഷക്കാലം പാര്‍ട്ടി പ്രവര്‍ത്തനത്തിനായി നിയോഗിക്കും. ഇവര്‍ക്കു പ്രതിഫലവും നല്‍കും. കോണ്‍ഗ്രസിനു സ്വാധീനമില്ലാത്ത സ്ഥലങ്ങളില്‍ കേഡര്‍മാരുടെ നേതൃത്വത്തില്‍ സംഘടനാ സംവിധാനമുണ്ടാക്കും. 1000 പേരെ യൂത്ത് കോണ്‍ഗ്രസില്‍ നിന്നും 1500 പേരെ ഐ.എന്‍.ടി.യു.സിയില്‍ നിന്നുമാണു തെരഞ്ഞെടുക്കുകയെന്നും കെ. സുധാകരന്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ പ്രതിച്ഛായ തകര്‍ക്കുന്നത് അവസാനിപ്പിക്കും. വികാരം തോന്നുന്നവര്‍ പാര്‍ട്ടി വളരാന്‍ വേണ്ടിയാണെന്നുള്ളത് മനസിലാക്കണം. താന്‍ കെ.പി.സി.സി അധ്യക്ഷനായ ശേഷം രണ്ടു സര്‍വേ നടത്തി. രണ്ടിലും സംഘടനാ അടിത്തട്ടിലെ ദൗര്‍ബല്യമാണ് ചൂണ്ടിക്കാട്ടുന്നത്. ബൂത്ത് തലങ്ങളില്‍ മൈക്രോ ലെവല്‍ കമ്മിറ്റികള്‍ രൂപീകരിക്കാനുള്ള സര്‍വേ റിപ്പോര്‍ട്ടില്‍ സംസ്ഥാനത്ത് 54 ശതമാനം ബൂത്തുകളിലേ പാര്‍ട്ടിയുള്ളൂ. 46 ശതമാനം ബൂത്തുകളിലും സംഘടനാ ശേഷിയില്ല. ഇതു നൂറുശതമാനമാക്കി മാറ്റണം. അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."