അർജന്റിനയെ സഊദി എങ്ങിനെ തടയും? 3.30ന്
ദോഹ: സ്വപ്‌നത്തിലേക്ക് ആദ്യ ചുവടുവെക്കാൻ ആൽബിസെലസ്റ്റിയൻസ് ഇന്ന് സഊദി അറേബ്യക്കെതിരേ ബൂട്ടുകെട്ടുന്നു. കോപ അമേരിക്ക ജേതാവ്, ഫൈനലസിമ ചാംപ്യൻ എന്നീ പകിട്ടുമായെത്തുന്ന സ്‌കലോണിയുടെ സംഘം വിശ്വകിരീടത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. ബ്രസീലിന്റെ റെക്കോഡ് ഭേദിച്ച് തോൽവിയറിയാതെയുള്ള 36 മത്സരങ്ങൾ പിന്നിട്ട അർജന്റീന ആദ്യമത്സരം വിജയിച്ച് ആത്മവിശ്വാസം വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ലോകകപ്പ് യോഗ്യത നേടിയവരിൽ റാങ്കിങ്ങിൽ പിന്നിലുള്ള സഊദി അവർക്ക് കാര്യമായ വെല്ലുവിളി ഉയർത്താൻ സാധ്യതയില്ല. അതുകൊണ്ട് തന്നെ പരാമാവധി ഗോളുകൾ കണ്ടെത്താനുള്ള ശ്രമമായിരിക്കും മെസിയും സംഘവും നടത്തുക.
ഗ്രൂപ്പ് സിയിൽ പിന്നാലെ വരുന്ന കളികളിൽ മെക്‌സിക്കോയും പോളണ്ടും പോരാടാനുറപ്പുള്ള ശക്തികളാണ്. ഇതുകൊണ്ടുതന്നെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്താൻ ഇന്നത്തെ കളിയിൽ വ്യക്തമായ മാർജിനിൽ തന്നെ അവർക്ക് ജയിച്ചുകയറണം. പരുക്കേറ്റ് രണ്ട് താരങ്ങൾ പിൻമാറിയത് മെസിപ്പടയെ തെല്ലുലക്കുന്നുണ്ടെങ്കിലും ലോകത്തിലെ ഒന്നാം നമ്പറുകാരൻ കൂടെയുണ്ടെന്നത് ആത്മവിശ്വാസം ഉയർത്തുന്നതാണ്. മുന്നേറ്റത്തിൽ ലയണൽ മെസിക്കൊപ്പം ലൌട്ടാരോ മാർട്ടിനെസും ഏയ്ഞ്ചൽ ഡി മരിയയുമാവും കളത്തിലിറങ്ങുക. ഈ ത്രയത്തെ സഊദി എങ്ങനെ തടഞ്ഞുനിർത്തുമെന്നത് കണ്ടറിയണം.
സഊദി അറേബ്യക്ക് മുന്നിൽ മറികടക്കാനാവാത്ത പർവതമാണ് അർജന്റീന. എങ്കിലും തോൽക്കാതിരിക്കാനുള്ള തന്ത്രങ്ങളുമായാവും അവർ ഇന്ന് ലോകകപ്പ് ഫേവറിറ്റുകൾക്കെതിരേ ബൂട്ടുകെട്ടുക. 2014ലെ ബ്രസീൽ ലോകകപ്പിൽ ബസ് പാർക്കിങ് നടത്തി അവസാന നിമിഷം വരെ മെസിയെയും സംഘത്തെയും പിടിച്ചുകെട്ടിയ ഇറാന്റെ തനിയാവർത്തനത്തിനാവും സഊദി ശ്രമിക്കുക. തോൽക്കാതിരിക്കാൻ പരമാവധി ശ്രമിക്കുന്ന അവർ ഗോൾവർഷം തടഞ്ഞെങ്കിലും അഭിമാനം സംരക്ഷിക്കാൻ പോരാടുമെന്നുറപ്പാണ്. ഇരു ടീമുകളും ഇന്ത്യൻ സമയം 3.30ന് ആരംഭിക്കുന്ന ലുസൈൽ സ്‌റ്റേഡിയത്തിലെ ആദ്യ മത്സരം അവിസ്മരണീയമാക്കുമെന്നുറപ്പാണ്.
സാധ്യതാ ഇലവൻ
അർജന്റീന: എമി മാർട്ടിനെസ്, മൊളിന, ക്രിസ്റ്റ്യൻ റൊമേറോ, നിക്കോളാസ് ഒറ്റമെന്റി, അക്യൂന, ഡിപോൾ, പരേഡസ്, മാക് അല്ലിസ്റ്റർ, ലയണൽ മെസി, ലൌട്ടാരോ മാർട്ടിനസ്, ഏയ്ഞ്ചൽ ഡി മരിയ.
സഊദി: അൽ ഒവൈസ്, അൽ ബുറൈഖ്, അൽ അംരി, അൽ ബുലാഹ്യി, അൽ ഷഹറാനി, കന്നോ, അൽ മൽകി, അൽ ഷെഹ്‌രി, അൽ ഫറാജ്, അൽ ദസ്വരി, അൽ ബുറൈഖാൻ.
Argentina vs Saudi Arabia Dream11 Team Prediction
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."