HOME
DETAILS

എണ്ണക്കിണറുകളെ ചുറ്റുന്ന കഥാലോകം

  
backup
October 29 2023 | 03:10 AM

storytelling-around-oil-wells
നോവലിന്റെ തലക്കെട്ടു പോലെ കിഴക്കിനെതിരേ പടിഞ്ഞാറ് നയിച്ച നിരവധി യുദ്ധങ്ങളുടെയും അധിനിവേശങ്ങളുടെയും പിടിച്ചടക്കലുകളുടെയും നിലവിളികളും കണ്ണീരും രക്തവും വീണുടഞ്ഞ സ്വപ്‌നങ്ങളുമെല്ലാം പുസ്തകത്തിന്റെ താളുകളില്‍ നിന്ന് വായനക്കാരെ വിടാതെ പിന്തുടരുന്നു. മികച്ച രചനകള്‍ സാധ്യമാക്കാറുള്ള പോലെ സ്വാസ്ഥ്യത്തെ ചോദ്യം ചെയ്ത് യാഥാര്‍ഥ്യങ്ങളിലേക്ക് നോക്കാന്‍ വായനാസമൂഹത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

വി.​ മു​സ​ഫ​ര്‍ അ​ഹ​മ്മ​ദ്

പശ്ചിമേഷ്യയില്‍ പെട്രോള്‍ അനുഗ്രഹവും അത്രയും തന്നെ ശാപവുമായി മാറിയ ചരിത്രം ഇന്ന് ലോകത്തിനറിയാം. ഈ പ്രദേശത്ത് ഇത്രയും അധിനിവേശ യുദ്ധങ്ങള്‍ക്കിടയാക്കിയത് എണ്ണക്കു വേണ്ടിയുള്ള കിടമല്‍സരങ്ങളായിരുന്നു. ഇക്കാര്യം നോവലുകളിലേക്കു പറിച്ചു നട്ട അറബ് എഴുത്തുകാര്‍ തുലോം കുറവാണ്. അങ്ങിനെയുള്ള രചന നടത്തിയ ഒരാള്‍ ഇറാഖി എഴുത്തുകാരന്‍ മഹ്ദി ഈസ അല്‍ സഖ്ര്‍ ആണ്. (മറ്റൊരാള്‍ സൗദി നോവലിസ്റ്റ് അബ്ദുറഹ്‌മാന്‍ മുനീഫും- അദ്ദേഹത്തിന്റെ സിറ്റീസ് ഓഫ് സാള്‍ട്ട നോവല്‍ ത്രയം ഈ വിഭാഗത്തില്‍ പെടുന്ന മികച്ച നോവലുകളാണ്). എണ്ണ/പെട്രോള്‍ കേന്ദ്ര പ്രമേയമായി വരുന്ന സാഹിത്യത്തെ 'പെട്രോ ഫിക്ഷന്‍' എന്നാണ് നിരൂപകര്‍ വിളിക്കുന്നത്.
അങ്ങനെ നോക്കുമ്പോള്‍ മഹ്ദിയുടെ കിഴക്കന്‍ കാറ്റ്, പടിഞ്ഞാറന്‍ കാറ്റ് ( East Wind: West Wind) ലക്ഷണമൊത്ത പെട്രോഫിക്ഷനാണ്. നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ വായിക്കുമ്പോള്‍ ഇറാഖിലെ എണ്ണക്കിണറുകളുടെ പല യാഥാര്‍ഥ്യങ്ങളും നമുക്ക് മുന്നില്‍ വെളിപ്പെടും. (പ്രസാധനം: എ.യു.സി കയ്‌റോ, വിവ: പോള്‍ സ്റ്റര്‍ക്കി). ഈ നോവലും കുറച്ചു കഥകളും മാത്രമാണ് സഖ്‌റിന്റെ രചനകളില്‍ ഇംഗ്ലീഷ് പരിഭാഷയിലൂടെ ലഭ്യമായിട്ടുള്ളത്. അദ്ദേഹം മരിച്ചിട്ട് 17 വര്‍ഷമായി.
ദേശരചനയും ആത്മകഥയും ഒത്തുചേരുന്ന ഉജ്വലമായ നോവലാണിത്. ഈ നോവല്‍ ആധുനിക അറബി സാഹിത്യത്തിലെ ക്ലാസിക്കുകളില്‍ ഒന്നാണ്. 360 പേജുള്ള നോവലിന്റെ വിവര്‍ത്തന വേളയില്‍ താന്‍ അഭിമുഖീകരിച്ച അസംഖ്യം പ്രതിസന്ധികളെക്കുറിച്ച് പുസ്തകത്തിന്റെ പിന്‍കുറിപ്പില്‍ പോള്‍സ്റ്റര്‍ക്കി വിശദീകരിച്ചിട്ടുണ്ട്. വിവര്‍ത്തനം നോവലെഴുത്തോളം ശ്രമകരമായ പ്രവൃത്തിയായിരുന്നുവെന്ന് പിന്‍കുറിപ്പ് സാക്ഷ്യപ്പെടുത്തുന്നു. പോള്‍ സ്റ്റര്‍ക്കി വിവര്‍ത്തനം തുടങ്ങുമ്പോഴേക്കും നോവലിസ്റ്റ് രോഗക്കിടക്കയിലായിരുന്നു. അതിനാല്‍ ഒരിക്കല്‍ പോലും തന്റെ സംശയങ്ങള്‍ നോവലിസ്റ്റിനോട് നേരില്‍ ചോദിക്കാന്‍ വിവര്‍ത്തകന് അവസരം ലഭിച്ചില്ല.
1950-കളില്‍ തെക്കന്‍ ഇറാഖിലെ ബസ്‌റയിലെ എണ്ണക്കിണറുകള്‍ക്ക് ചുറ്റും അരങ്ങേറുന്ന ജീവിത-സാമ്പത്തിക-രാഷ്ട്രീയ നാടകങ്ങളാണ് നോവലിന്റെ പ്രമേയം. ഇതേ കാലത്ത് ബസ്‌റയിലെ ഒരു എണ്ണക്കമ്പനിയില്‍ മഹ്ദി ഈസ അല്‍ സഖ്ര്‍ ഗുമസ്തനായി ജോലി നോക്കിയിരുന്നു. അദ്ദേഹം നേരില്‍ അനുഭവിച്ച കാര്യങ്ങളാണ് നോവലായി പിന്നീട് വികസിച്ചു വന്നത്. ആ അര്‍ഥത്തില്‍ നോവലിലെ മുഖ്യ കഥാപാത്രമായ മുഹമ്മദ് നോവലിസ്റ്റു തന്നെയാണെന്ന് പറയാം.
ബസ്‌റയിലെ എണ്ണക്കമ്പനി നിയന്ത്രിക്കുന്നത് ബ്രിട്ടീഷുകാരായ എന്‍ജിനീയര്‍മാരും ഉദ്യോഗസ്ഥരുമാണ്. താഴെക്കിടയിലുള്ള ജോലികള്‍ ചെയ്യുന്നത് ഇറാഖികളും. മുമ്പ് ഫലസ്തീനില്‍ പൊലിസ് ഉദ്യോഗസ്ഥനായിരുന്ന ബ്രിട്ടീഷുകാരനായ ഫോക്‌സാണ് എണ്ണക്കമ്പനിയുടെ മേധാവി. ഫോക്‌സിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിക്കു ന്ന മുഹമ്മദ് എന്ന ഇറാഖി യുവാവ് എഴുതുന്ന നോവലിന്റെ രൂപത്തിലാണ് കിഴക്കന്‍ കാറ്റ്, പടിഞ്ഞാറന്‍ കാറ്റ് വികസിക്കുന്നത്. നോവലിനുള്ളിലെ നോവല്‍ എന്ന സങ്കല്‍പം ഇവിടെ ഇഴ വിടര്‍ത്തുന്നത് കാണാം.
ഇറാഖികളായ ജീവനക്കാരും സാധാരണ തൊഴിലാളികളും ഒരു വശത്ത്. ബ്രിട്ടീഷുകാരായ ഉന്നത ഉദ്യോഗസ്ഥര്‍ മറു വശത്ത്. ബ്രിട്ടീഷുകാര്‍ ആഡംബരത്തില്‍ ജീവിക്കുമ്പോള്‍ സാദാ ഇറാഖി തൊഴിലാളികള്‍ ദാരിദ്ര്യത്തിലും അവമതിയിലും അപമാനത്തിലും കഴിയുന്നു. ഈ രണ്ടു തരം ജീവിതത്തിന്റെ സംഘര്‍ഷമാണ് നോവലില്‍ പ്രതിപാദിച്ചിരിക്കുന്നത്. (അറബ് ലോകത്തെ എണ്ണക്കിണറുകള്‍ക്ക് ചുറ്റും ഈ അവസ്ഥക്ക് ഇന്നും വലിയ മാറ്റമില്ല). ഇപ്പോള്‍ ലോകം കണ്ടുകൊണ്ടിരിക്കുന്ന ഇറാഖിന്റെ ദുര്‍വിധി 50-കളില്‍ തന്നെ ബസ്‌റയില്‍ എങ്ങനെ രൂപപ്പെട്ടുകൊണ്ടിരുന്നു എന്ന് കിഴക്കന്‍ കാറ്റ്, പടിഞ്ഞാറന്‍ കാറ്റ് വിശദമാക്കുന്നു.
എണ്ണക്കിണറുകള്‍ക്ക് വേണ്ടി അമേരിക്കയും ബ്രിട്ടനും നടത്തിയ അധിനിവേശം ഇന്നത്തെ ഇറാഖിനെ എവിടെ എത്തിച്ചുവോ, സമാനമായ അവസ്ഥയില്‍ ബ്രിട്ടീഷുദ്യോഗസ്ഥര്‍ 50-കളില്‍ തന്നെ ബസ്‌റയെ എത്തിച്ചതിന്റെ വിശദാംശമാണ് നോവലില്‍ അടയാളപ്പെട്ടിരിക്കുന്നത്. വ്യക്തിജീവിതത്തില്‍ വീഴുന്ന തുളകള്‍ ഒരു ദേശത്തെ ഓട്ടകളും വിള്ളലുകളും മാത്രമുള്ള ദേഹമായി പരിണമിപ്പിക്കുന്നതെങ്ങനെയെന്ന് നോവല്‍ പരിശോധിക്കുന്നു.
ഫോക്‌സ് ഇറാഖി ജീവനക്കാര്‍ക്കും അടിത്തട്ടിലുള്ള തൊഴിലാളികള്‍ക്കുമിടയില്‍ ഒരിക്കലും ഐക്യമുണ്ടാകാതിരിക്കാനായി പല തരത്തിലുള്ള കരുനീക്കങ്ങള്‍ നടത്തുന്നയാളാണ്. ഇതിനായി ഇറാഖികളുടെ ഒരു ചാരപ്പടയെ തന്നെ അയാള്‍ ചെല്ലും ചെലവും കൊടുത്ത് പോറ്റുന്നുണ്ട്. അബു ജബ്ബാറാണ് ഈ ചാരപ്പടയുടെ നേതാവ്. എന്നാല്‍ ഒരിക്കല്‍ തൊഴിലാളികള്‍ സംഘടിക്കുക തന്നെ ചെയ്തു. അവര്‍ സമര സജ്ജരായി രംഗത്തുവന്നു. സമരത്തെ പൊലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നു. ഫോക്‌സിന്റെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ കേള്‍ക്കുക വഴി മുഹമ്മദ് തൊഴിലാളികള്‍ക്ക് പൊലിസ്അടിച്ചമര്‍ത്തലിനെക്കുറിച്ച് മുന്നറിയിപ്പ് കൊടുക്കുമ്പോഴേക്കും സമയം വൈകിപ്പോയിരുന്നു. സമരം ചെയ്തവരെയെല്ലാം ജോലിക്ക് തിരിച്ചെടുത്തെങ്കിലും നേതൃ സ്ഥാനത്തുണ്ടായിരുന്ന ഇസ്തിഫാന്‍ ഉള്‍പ്പെടെ അഞ്ചു പേരെ എണ്ണക്കിണര്‍ പരിസരത്ത് കൃത്രിമ അപകടമുണ്ടാക്കി കൊലപ്പെടുത്തി ഫോക്‌സ് പ്രതികാരം ചെയ്യുന്നു.
മുഹമ്മദ് ലജ്ജാലുവായ യുവാവാണ്. പക്ഷേചുറ്റും നടക്കുന്നതെല്ലാം അയാള്‍ പകര്‍ത്തുന്നു. ബ്രിട്ടീഷുകാരായ മേലുദ്യോഗസ്ഥരുടെ ജീവിതം സുഖലോലുപത നിറഞ്ഞതാണെങ്കിലും അങ്ങേയറ്റം വ്യക്തിസങ്കീര്‍ണതകളാല്‍ മൂടപ്പെട്ടതാണ്. പലരും ദാമ്പത്യ ർസംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നു. ഫോക്‌സാകട്ടെ എണ്ണക്കമ്പനി കൈയില്‍ നിന്ന് വഴുതിപ്പോകാതിരിക്കാനായി ബദ്ധശ്രദ്ധനായി അനുനിമിഷം ജീവിക്കുകയാണ്. ഇതിനിടെ ഇറാഖികളായ ചിലര്‍ക്ക് (ഉദാഹരണത്തിന് എന്‍ജിനീയര്‍ ഹുസാം ഹില്‍മി, ഇയാള്‍ ബ്രിട്ടനില്‍ വിദ്യാഭ്യാസം നേടിയ ഇറാഖിയാണ്) ബ്രിട്ടീഷുകാരികളുമായി അടുപ്പമുണ്ടാക്കാന്‍ കഴിയുന്നു. ഇങ്ങനെയുള്ള ഇറാഖികളിലൊരാള്‍ ബ്രിട്ടീഷുകാരിയെ വിവാഹം കഴിക്കുന്നുമുണ്ട്. എന്നാല്‍ ഇവരുടെയെല്ലാം ജീവിതം അതീവ സംഘര്‍ഷത്തിലാണ് കലാശിക്കുന്നത്. എണ്ണക്കിണറുകള്‍ക്കു ചുറ്റുമുള്ള ജീവിതങ്ങളെ നോവലിസ്റ്റ് പല നിലയിലുള്ള സംഘര്‍ഷങ്ങളുടെ ഉദാഹരണങ്ങളാക്കി മാറ്റുകയും അവതരിപ്പിക്കുകയും ചെയ്യുന്നു.
ബ്രിട്ടീഷ് കോമ്പൗണ്ടുകളില്‍ പൂന്തോട്ടങ്ങളും ടെന്നിസ് കോര്‍ട്ടുകളും നീന്തല്‍ക്കുളങ്ങളും ക്ലബുകളും എല്ലാമുണ്ട്. എന്നാല്‍ അവിടെയും ജീവിതം അതിന്റെ സൗന്ദര്യം പ്രദര്‍ശിപ്പിക്കുന്നില്ല. ഒരു നിലക്കല്ലെങ്കില്‍ മറ്റൊരു നിലക്കുള്ള സംഘര്‍ഷമാണ്, ഹിംസയാണ് സമ്പന്നതക്കിടയിലും അവിടെയെല്ലാം ദൃശ്യമാവുന്നത്.
ഹുസാം ഹില്‍മിയുടെ നേതൃത്വത്തില്‍ ഇറാഖികള്‍ സംഘടിക്കുന്നുണ്ടെന്ന ഫോക്‌സിന്റെ സംശയമാണ് നോവലിന്റെ ക്ലൈമാക്‌സ്. മുഹമ്മദിന്റെ കൈയിൽനിന്ന് ഹില്‍മി പുസ്തകങ്ങള്‍ വാങ്ങുന്നുണ്ടെുന്നും ആ പുസ്തകങ്ങള്‍ പ്രക്ഷോഭാന്തരീക്ഷത്തിന് കളമൊരുക്കുമെന്നും കരുതുന്ന ഫോക്‌സ് ഹില്‍മിയെ എണ്ണക്കമ്പനിയുടെ മറ്റൊരു യൂനിറ്റിലേക്ക് സ്ഥലം മാറ്റുന്നു. തന്നെ ജോലിയില്‍ നിന്ന് പുറത്താക്കുമെന്ന് മുന്‍കൂട്ടി വിവരം ലഭിച്ച മുഹമ്മദ് ജോലി രാജിവച്ച് പുറത്തുപോവുകയാണ്.
യഥാര്‍ഥത്തില്‍ ഹില്‍മി വിദ്യാസമ്പന്നനായ ഇറാഖി എന്ന നിലയിലുള്ള തന്റെ അസ്തിത്വം ബ്രിട്ടീഷ് മേലുദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സ്ഥാപിക്കാനുള്ള ശ്രമം മാത്രമാണ് നടത്തുന്നത്. സമരവും പ്രക്ഷോഭവുമൊന്നും അയാളുടെ വഴിയല്ല. എന്നിട്ടും ഫോക്‌സിന് ഹില്‍മിയെ അംഗീകരിക്കാന്‍ കഴിയുന്നില്ല. ഇത്തരത്തില്‍ ഇറാഖികളുടെ സ്വത്വത്തെ പൂര്‍ണമായും പുറത്താക്കി എണ്ണക്കമ്പനി നടത്തിപ്പുമായി ഫോക്‌സ് മുന്നോട്ടു പോകുന്നിടത്താണ് നോവല്‍ അവസാനിക്കുന്നത്.
തനിക്ക് സംശയമുള്ള മുഴുവനാളുകളേയും കള്ളക്കേസുകളില്‍ കുടുക്കി ഫോക്‌സ് ജയിലിലാക്കുന്നു. ബാക്കിയാകുന്ന ഇറാഖി തൊഴിലാളികള്‍ ഫോക്‌സിന്റെ ചാരസംഘത്തില്‍ പെട്ടവരോ അയാള്‍ക്ക് അടിമപ്പെടാന്‍ തയാറുള്ളവരോ ആണ്. ഈ അന്തരീക്ഷത്തില്‍ അവസാനിക്കുന്ന നോവല്‍, മനുഷ്യസംസ്‌കാരത്തിന്റെ ചരിത്രത്തില്‍ അങ്ങേയറ്റം പ്രാധാന്യം അര്‍ഹിക്കുന്ന ഒരു രാജ്യം പ്രകൃതി വിഭവത്തിന്റെ പേരില്‍ അനുഭവിക്കേണ്ട വന്ന കൊടിയ ദുരന്തത്തെ എടുത്തു കാട്ടുന്നു.
നോവലില്‍ ഫോക്‌സിന്റെ പാചകക്കാരനായ അബു മഹ്‌മൂദിലൂടെയാണ് നോവലിസ്റ്റ് ഇറാഖികള്‍ അനുഭവിച്ച പ്രശ്‌നത്തെ ഏറ്റവും ശക്തിയായി അവതരിപ്പിക്കുന്നത്. ഇയാള്‍ക്ക് മാറാത്ത തലവേദനയുണ്ട്. ഇതു കടിച്ചുപിടിച്ചു കൊണ്ടാണ് വര്‍ഷങ്ങളായി അബു മഹ്‌മൂദ് ഫോക്‌സിന്റെ അടുക്കളയില്‍ ജോലി ചെയ്യുന്നത്. ഒടുവില്‍ എണ്ണക്കമ്പനിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ ഇയാള്‍ ചികില്‍സ തേടുന്നു. പല്ലുകള്‍ പറിച്ചാലേ തലവേദന മാറൂ എന്നാണ് ആശുപത്രിയിലെ മുഖ്യ ഡോക്ടറുടെ ചികില്‍സാ വിധി. അതു പ്രകാരം അബു മഹ്‌മൂദിന്റെ പല്ലുകളെല്ലാം പിഴുതെടുത്തു. ഇതിനു ശേഷം രണ്ടാഴ്ച കഴിഞ്ഞ് തലവേദന വീണ്ടും അബു മഹ്‌മൂദിനെ പരവശനാക്കുന്നു. വീണ്ടും മറ്റൊരു ഡോക്ടറെ കാണുമ്പോള്‍ പല്ലുകള്‍ പറിച്ചതാണ് തലവേദനക്ക് കാരണമെന്നും വെപ്പുപല്ലുകള്‍ നല്‍കുകയും ചെയ്യുന്നു പുതിയ ഡോക്ടര്‍. യഥാര്‍ഥത്തില്‍ അബു മഹ്‌മൂദിന് അര്‍ബുദമാണെന്ന് ഫോക്‌സിനറിയാം. എന്നാല്‍ പണം ചെലവിട്ട് അയാളെ ചികിത്സിപ്പിക്കാന്‍ ഫോക്‌സ് തയാറല്ല. മരിക്കുന്നെങ്കില്‍ മരിക്കട്ടെ എന്നാണ് ഫോക്‌സിന്റെ നിലപാട്. തനിക്ക് വേണ്ടാത്തവരെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടപ്പിക്കുന്നതിനൊപ്പം അബു മഹ്‌മൂദിനും ഫോക്‌സ് കാരാഗൃഹ വാസം വാങ്ങിക്കൊടുക്കുന്നു. അതിന് കണ്ടെത്തുന്ന കാരണം വിചിത്രമാണ്.
അടുക്കളയില്‍ ജോലി ചെയ്യുന്ന അബു മഹ്‌മൂദിന്റെ അടുത്തേക്ക് വന്ന ഫോക്‌സിന്റെ ഭാര്യ അക്രമിക്കപ്പെട്ടുവെന്ന കഥയാണ് മെനഞ്ഞെടുക്കപ്പെടുന്നത്. തുമ്മലിനിടെ അബു മഹ്‌മൂദിന്റെ വെപ്പുപല്ലുകള്‍ തെറിച്ച് അന്തരീക്ഷത്തിലൂടെ പറന്ന് ഫോക്‌സിന്റെ ഭാര്യയുടെ ശരീരത്തില്‍ ചെന്നു വീണതിനെയാണ് ആക്രമണമായി ചിത്രീകരിക്കുത്. ഇതിന്റെ പേരില്‍ കമ്പനിയിലെ ഇറാഖിത്തൊഴിലാളികള്‍ക്കൊപ്പം അബു മഹ്‌മൂദും ജയിലില്‍ അടക്കപ്പെടുകയാണ്. അയാള്‍ അതിദയനീയമായി അവിടെക്കിടന്നു മരിക്കുകയും ചെയ്യുന്നു.
അബു മഹ്‌മൂദിന് കിട്ടിയ ചികില്‍സയും അന്തരീക്ഷത്തില്‍ പറന്ന വെപ്പുപല്ലുകളും ഒടുവില്‍ ലഭിക്കുന്ന ജയില്‍വാസവും ഇറാഖികള്‍ കുറച്ചേറെക്കാലമായി അനുഭവിക്കുന്ന ജീവിതത്തിന് ദൃശ്യത നല്‍കുന്നു. ആ ഒറ്റ കഥാപാത്രം മതി ഈ നോവലിന്റെ കരുത്ത് അറിയാനും ആ ജനതയുടെ വിധി മനസ്സിലാക്കാനും. (സദ്ദാമിനെപ്പോലുള്ള ഏകാധിപതികള്‍ പോലും ഈ വ്യവസ്ഥയുടെ ഇരകള്‍ കൂടിയായിരുന്നുവെന്ന വാസ്തവം ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്ന പഠനങ്ങള്‍ പുറത്തു കൊണ്ടു വരുന്നു) 50-കളില്‍ ബസ്‌റയില്‍ അനുഭവിക്കാന്‍ തുടങ്ങിയ ദുരിത ജീവിതം ഇന്ന് മൊത്തം ഇറാഖികള്‍ക്ക് തുടരേണ്ടി വന്നിരിക്കുകയാണ്. ഈയൊരവസ്ഥക്കു വേണ്ടി അണിയറയില്‍ അധിനിവേശ ശക്തികള്‍ എക്കാലത്തും നടത്തിയ ശ്രമങ്ങള്‍ അടുത്തറിയാന്‍ ഈ രചന സഹായിക്കും.
നോവലിന്റെ തലക്കെട്ടുപോലെ കിഴക്കിനെതിരെ പടിഞ്ഞാറ് നയിച്ച നിരവധി യുദ്ധങ്ങളുടേയും അധിനിവേശങ്ങളുടേയും പിടിച്ചടക്കലുകളുടേയും നിലവിളികളും കണ്ണീരും രക്തവും വീണുടഞ്ഞ സ്വപ്‌നങ്ങളുമെല്ലാം പുസ്തകത്തിന്റെ താളുകളില്‍ നിന്ന് വായനക്കാരെ വിടാതെ പിന്തുടരുന്നു. മികച്ച രചനകള്‍ സാധ്യമാക്കാറുള്ള പോലെ സ്വാസ്ഥ്യത്തെ ചോദ്യം ചെയ്ത് യാഥാര്‍ഥ്യങ്ങളിലേക്ക് നോക്കാന്‍ വായനാ സമൂഹത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  15 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  15 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  15 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  15 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  15 days ago
No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  15 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  15 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  15 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  15 days ago