പട്ടം പറന്നുപോയ അഫ്ഗാനിലെ ബാല്യങ്ങള്‍
താലിബാന്റെ പിടിച്ചടക്കലിനുശേഷം ലോകത്തിന്റെ മുഴുവന്‍ശ്രദ്ധയും അഫ്ഗാനിലേക്കു വീണ്ടും തിരിഞ്ഞിരിക്കുന്നു. നിരത്തുകള്‍ നിലവിളികള്‍കൊണ്ടു നിറഞ്ഞിരിക്കുന്നു. പുകപടലങ്ങള്‍കൊണ്ടു ഭീതിദമായ തെരുവുകളില്‍ മാംസം വെന്തെരിയുന്നതിന്റെ ഗന്ധം; സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും നിസഹായതനിറഞ്ഞ മുഖങ്ങള്‍; ഓടിയൊളിക്കാന്‍ പെടാപ്പാടുപെടുന്ന ജനങ്ങള്‍; പലായനംചെയ്യുന്ന, പേടിച്ചരണ്ട ആള്‍ക്കൂട്ടങ്ങള്‍; ഇങ്ങനെ പൊടുന്നനെ അഫ്ഗാന്‍, ഭൂപടത്തിലെ ദൈന്യംനിറഞ്ഞ ജീവിതങ്ങളുടെ ഒരു പൊട്ടുപോലെ കാണപ്പെടുന്നു.
2003ല്‍ പുറത്തിറങ്ങിയ അഫ്ഗാന്‍ അമേരിക്കനെഴുത്തുകാരനായ ഖാലിദ് ഹൊസൈനിയുടെ 'കൈറ്റ് റണ്ണര്‍' വായിച്ചുകൊണ്ടിരുന്നപ്പോള്‍ തോന്നിയ നടുക്കവും യുദ്ധത്തിന്റെ ഭീകരതയും പലായനത്തിന്റെ മുള്‍വേലികളും വീണ്ടുമാവര്‍ത്തിക്കപ്പെടുന്നപോലെ മുന്നില്‍ത്തെളിയുന്ന അഫ്ഗാനില്‍നിന്നുള്ള വാര്‍ത്തകള്‍കൊണ്ടു പത്രങ്ങള്‍ ഇന്നു നിറഞ്ഞിരിക്കുന്നു.
സോവിയറ്റ് യൂനിയന്‍, അഫ്ഗാന്‍ പിടിച്ചടക്കി, രാജഭരണം അവസാനിപ്പിക്കുകയും തുടര്‍ന്ന് താലിബാന്റെ ക്രൂരവാഴ്ചക്കു തുടക്കംകുറിക്കുന്നതും തുടര്‍ന്നുള്ള ചില സംഭവങ്ങളുംചേര്‍ന്നാണ് കൈറ്റ് റണ്ണറിന്റെ പകുതിക്കുശേഷമുള്ള കഥ പറയുന്നത്.
അഫ്ഗാനില്‍ ജനിച്ച ഹൊസൈനി, റഷ്യന്‍ഭരണകൂടത്തിന്റെ അധിനിവേശത്തിനു മുമ്പേ ഫ്രാന്‍സിലേക്കും പിന്നീട് അമേരിക്കയിലേക്കും കുടിയേറിക്കഴിഞ്ഞിരുന്നു. ഒരു മെഡിക്കല്‍ ഇന്റേണായ് ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഖാലിദ് നോവലെഴുതുന്നത്. ആത്മകഥാപരമായ ഒരു ജെനുവിനിറ്റി, ഫിക്ഷന്റെ സാധ്യതകളുപയോഗിക്കുമ്പോഴും കഥയില്‍ നിലനിര്‍ത്താനായി എന്നത് ഈ നോവലിന്റെ വായന ഹൃദ്യമാക്കുന്നു. പിന്നീട്, അദ്ദേഹത്തിന്റെ മുപ്പത്തിയെട്ടാമത്തെ വയസില്‍, 2003ലാണ്, അഫ്ഗാന്‍ സന്ദര്‍ശിക്കുന്നത്. നോവലിലെ അമീറിന്റെ അനുഭവങ്ങള്‍, സ്വാനുഭവങ്ങളെന്നവണ്ണം ഹൊസൈനിക്കു വിവരിക്കാന്‍ ഈ യാത്ര സഹായകരമായിരുന്നിരിക്കണം.
ഒരു യൂനിവേഴ്‌സിറ്റി കോളജിലെ പ്രൊഫസര്‍, യുദ്ധാനന്തരദുരിതകാലത്ത് ഭിക്ഷയാചിക്കുന്ന രംഗം, അവര്‍ നോവലില്‍ വിവരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍, കഴിഞ്ഞ സെപ്റ്റംബറില്‍ ജര്‍മനിയിലേക്കു നല്ലൊരു ഭാവിയെ പ്രതീക്ഷിച്ചു കുടിയേറി, ഇപ്പോള്‍, ഒരു കൊറിയര്‍ കമ്പനിയിലെ, ഡെലിവറിമാനായി ജോലിചെയ്യുന്ന, ഒരു അഫ്ഗാന്‍ മുന്‍മന്ത്രിയെക്കുറിച്ചുള്ള വാര്‍ത്ത വായിച്ചപ്പോള്‍, നോവലിലെ പല രംഗങ്ങളും വീണ്ടും ഓര്‍മവന്നു. അഭയാര്‍ഥികള്‍ക്കായുള്ള ഐക്യരാഷ്ട്രസംഘടനയുടെ (ഡചഇഒഞ) പ്രതിനിധിയായി പ്രവര്‍ത്തിച്ചുവരുന്ന ഹൊസൈനി, ഇപ്പോള്‍ അഫ്ഗാന്‍ നേരിടുന്ന പ്രശ്‌നത്തെ, മറ്റു രാജ്യങ്ങള്‍ തുറന്നമനസോടെ സമീപിക്കണമെന്നും പ്രാണരക്ഷാര്‍ഥം ഓടിയെടുത്തുന്ന അഫ്ഗാന്‍ജനങ്ങളെ സ്വീകരിക്കാന്‍ മടി കാണിക്കരുതെന്നും രാഷ്ട്രങ്ങളോട്, പ്രത്യേകിച്ച് അമേരിക്കയോടും ആവശ്യപ്പെടുന്നു.
കൈറ്റ് റണ്ണര്‍
നോവലിലെ ജീവിതം
അഫ്ഗാനിസ്ഥാനിലെ കാബൂളാണ് കഥയുടെ പശ്ചാത്തലം. കൈറ്റ് ഫൈറ്റിങ് എതിരാളിയുടെ പട്ടത്തെ പൊട്ടിച്ചെറിയുകയെന്ന മത്സരാധിഷ്ഠിതമായ വിനോദത്തില്‍നിന്നാണ് കൈറ്റ് റണ്ണര്‍ എന്ന പേരിലേക്ക് നോവല്‍ ഹൈലൈറ്റുചെയ്യപ്പെടുന്നത്. പട്ടംപറത്തലില്‍ വിജയിയാകുന്നവന്‍ പൊട്ടിച്ചെറിഞ്ഞ എതിരാളിയുടെ പട്ടം, മറ്റുള്ളവര്‍ കൈക്കലാക്കുന്നതിന്നുമുമ്പേ ഓടിപ്പിടിക്കുന്ന സഹായിയെയാണ് 'കൈറ്റ് റണ്ണര്‍' എന്ന് നോവലില്‍ വിവക്ഷിക്കുന്നത്. അതായത്, കഥ പറയുന്ന അമീര്‍ എന്ന കേന്ദ്രകഥാപാത്രത്തെക്കാളും പൊട്ടിയ പട്ടത്തിനു പിന്നാലെ ഓടിയെത്തുന്ന സുഹൃത്തായ ഹസന്റെ കഥയായി വായിച്ചെടുക്കാനാണ് എനിക്കായത്. ഒരച്ഛനും മകനുംതമ്മിലുള്ള ആത്മബന്ധത്തേക്കാള്‍, അമീറും ഹസനും തമ്മിലുണ്ടായിരുന്ന തീവ്രസൗഹൃദത്തിന്റെ ചരടുകളാണ് നോവലില്‍ ആദ്യാന്തം ബന്ധപ്പെട്ടുകിടക്കുന്നത്.
കാബൂളിലെ വസിം അക്ബര്‍ഖാന്‍ ഡിസ്ട്രിക്റ്റിലാണ് കഥ പുരോഗമിക്കുന്നത്. യജമാനന്റെ മകനായ അമീറും ജോലിക്കാരന്റെ മകനായ ഹസനും ഒരുമിച്ച് വളരുന്നു; കൂടെ അവരുടെ സൗഹൃദവും.
സോവിയറ്റ് യൂനിയന്റെ ആക്രമണം, അഫ്ഗാനിന്റെ രാജഭരണം അവസാനിപ്പിക്കുന്നു. ജന്മനാടുപേക്ഷിച്ച് ആളുകള്‍ പാകിസ്താനിലേക്കും അവിടെനിന്നു യൂറോപ്പിലേക്കും അമേരിക്കയിലേക്കും അഭയാര്‍ഥികളായി ഓടിപ്പോകുന്നു. ചിലര്‍ എല്ലാം സഹിച്ച് മാതൃരാജ്യത്തില്‍ത്തന്നെ നല്ല നാളെയും പ്രതീക്ഷിച്ചുകഴിയുമ്പോള്‍, താലിബാന്റെ ക്രൂരവാഴ്ചയ്ക്കു തുടക്കമാകുന്നു. അമേരിക്കയിലേക്കെത്തുന്ന അമീറും ബാബയും ഒരുകൂട്ടം അഫ്ഗാനികളും. അവരുടെ ജീവിതസമരങ്ങള്‍, അമീറിന്റെ വിദ്യാഭ്യാസം, വിവാഹം, ബാബയുടെ മരണം തുടങ്ങി, രണ്ടു പതിറ്റാണ്ടിലെ സംഭവവികാസങ്ങളിലൂടെ നോവല്‍ പകുതിയിലെത്തുന്നു.
ഇത്രയും ഒരു ഫ്‌ലാഷ്ബാക്കെന്നപോലെ, അമീറിന്റെ ഓര്‍മയിലൂടെ നമ്മളും വായിക്കുന്നു. ഇതിനെല്ലാം കാരണമായ ഫോണ്‍, അതും അഫ്ഗാനിലേക്ക് ഒരു പ്രാവശ്യം വരുവാനുള്ള ആവശ്യവുമായി ബാബയുടെ സുഹൃത്തിന്റെ ഫോണ്‍, അതു ലഭിക്കുന്നതാണ് ഇതെല്ലാം വീണ്ടുമോര്‍മിക്കാന്‍ വഴിയൊരുക്കുന്നത്.
താലിബാന്‍ പ്രശ്‌നങ്ങളാല്‍ രൂക്ഷമായ ഒരന്തരീക്ഷത്തില്‍, പാകിസ്താനിലേക്കും പിന്നീട് അഫ്ഗാനിലേക്കും ചില ലക്ഷ്യങ്ങളുമായി അയാള്‍ക്ക് യാത്രചെയ്യേണ്ടിവരുന്നു. പ്രതീക്ഷിക്കാത്തവിധം മാറിപ്പോയ, കലുഷിതമായ, സ്വന്തം ദേശത്ത്, അവിചാരിതവും സംഘര്‍ഷഭരിതവുമായ മുഹൂര്‍ത്തങ്ങളിലൂടെ ഹസന്റെ മകനെ രക്ഷപ്പെടുത്തിക്കൊണ്ടുവരുന്നതുമാണ് നോവലിന്റെ അവസാനഭാഗങ്ങള്‍. ഹസന്‍, സ്വന്തം ബാബയുടെതന്നെ മകനായിരുന്നു എന്ന തിരിച്ചറിവ്, അയാളുടെ ജീവിതത്തെത്തന്നെ മാറ്റിമറിക്കുന്നു.
ജീവിതങ്ങള്‍ക്കുമേല്‍
ആവര്‍ത്തിക്കപ്പെടുന്ന
രാഷ്ട്രീയം
താലിബാന്റെ അധികാരം അഫ്ഗാനെ സമൂലം മാറ്റിമറിച്ചു. കബാബിന്റെ കൊതിയൂറുന്ന മണമുണ്ടായിരുന്ന തെരുവുകള്‍, പൊടിയും പുകയും നിറഞ്ഞതും പെട്രോളിന്റെ മണമുള്ളതുമായി മാറി.
യൂനിവേഴ്‌സിറ്റിയിലെ ഒരു പ്രൊഫസറെ ഭിക്ഷക്കാരനായി തെരുവില്‍ക്കാണുന്ന രംഗം, ജനങ്ങളുടെ ജീവിതം എത്രത്തോളം കീഴ്‌മേല്‍ മറിഞ്ഞുവെന്നു കാണിച്ചുതരുന്നു. അനാഥരായ കുട്ടികള്‍, വീടില്ലാത്ത മനുഷ്യര്‍, പട്ടിണി, ദാരിദ്ര്യം, അംഗവൈകല്യം എല്ലാംകൂടി, കെവിന്‍കാര്‍ട്ടറുടെ ചിത്രത്തെപ്പോലേ വന്ന്, മനസിനെ ഇറുക്കുന്നുണ്ടായിരുന്നു.
'ഠവല ംമൃ വമറ ാമറല ളമവേലൃ െമ ൃമൃല ഇീാാീറശ്യേ ശി അളഴവമിശേെമി' എന്നു പറയുന്നിടത്ത് യുദ്ധത്തിന്റെ എല്ലാ കെടുതികളും മുന്നില്‍ തെളിയും.
അഫ്ഗാനു നേരെയുള്ള ആക്രമണങ്ങളും പലായനങ്ങളും 2003 കാലഘട്ടങ്ങളിലെ രാജ്യത്തിന്റെ മോശമവസ്ഥകളുമൊക്കെ വിവരിക്കുന്ന ഒരു രാഷ്ട്രീയ നോവല്‍കൂടിയാണിത്.
എന്നാല്‍, ജീവിതഗന്ധിയായ ഒത്തിരി ബന്ധങ്ങളുടെ കഥയെ മെയിന്‍സ്ട്രീമില്‍ പറഞ്ഞിരിക്കുന്നു എന്നത് എല്ലാത്തരം വായനക്കാരെയും പിടിച്ചിരുത്താന്‍പോന്ന തന്ത്രമായി കാണാം. നോവലിന്റെ മുക്കാല്‍ ഭാഗത്തിനുംമുമ്പ് തിരിച്ചറിയപ്പെടുന്ന രഹസ്യങ്ങള്‍ അമീറിനെയെന്നപോലെ വായനക്കാരനെയും അസ്വസ്ഥമാക്കുന്നുണ്ട്. അവിടെ എവിടെയെങ്കിലുംവച്ച് നോവലിനെ വായനയിലുപേക്ഷിക്കാന്‍ പറ്റാത്തവിധം, അവസാനംവരെ പിടിച്ചിരുത്തുന്ന സസ്‌പെന്‍സുകള്‍ വായനക്കാരനെ തുടര്‍ന്നു വായിക്കാന്‍ പ്രേരിപ്പിക്കുന്നുമുണ്ട്.
അധിനിവേശങ്ങളും പലായനങ്ങളുമെല്ലാം ജീവിതങ്ങളെ താറുമാറാക്കുന്നത് വായന തീര്‍ന്നിട്ടും മനസില്‍ ഘനീഭവിച്ചുകിടക്കുന്നു. അതിലുമപ്പുറം അമീറും ഹസനും സ്‌നേഹവും ഇഷ്ടവും പിടിച്ചുവാങ്ങി, നൊമ്പരവും കണ്ണീരും സമ്മാനിക്കുന്ന അനുഭവങ്ങളായി.
ന്യൂയോര്‍ക്ക് ടൈംസിന്റെ രണ്ടു വര്‍ഷത്തെ തുടര്‍ച്ചയായ ബെസ്റ്റ് സെല്ലറായി 2003ല്‍ പബ്ലിഷ് ചെയ്യപ്പെട്ട ഈ പുസ്തകം, ലോകമൊട്ടുക്കും (38 രാജ്യങ്ങള്‍) വിവിധഭാഷകളിലേക്കു (നാല്‍പത്തിരണ്ടോളം) തര്‍ജ്ജമചെയ്യപ്പെടുകയും ലക്ഷക്കണക്കിനു വായനക്കാരെ നേടിയെടുക്കുകയുംചെയ്തിട്ടുണ്ട്. ഒരു ചെറുകഥയായാണ് കൈറ്റ് റണ്ണര്‍ ആദ്യം എഴുതപ്പെട്ടത്. ദ ന്യൂയോര്‍ക്കര്‍ ആദ്യം തിരസ്‌കരിച്ച കൃതിയാണ്, ഹൊസൈനി പിന്നീട് നോവലാക്കിമാറ്റുന്നത്.
വിപണനതന്ത്രങ്ങള്‍ ആവോളം മനസിലാക്കി, വളരെ മികച്ച രീതിയില്‍, വായനക്കാരെ പിടിച്ചിരുത്താനുള്ള ഘടകങ്ങള്‍ വിജയകരമായി നോവലില്‍ പരീക്ഷിച്ചിട്ടുണ്ടെന്ന് അദ്ദേഹംതന്നെ സമ്മതിച്ചിട്ടുണ്ട്.
ഫ്‌ലാഷ്ബാക്ക് മോഡില്‍ കഥ പറയുന്ന സ്ഥലങ്ങളില്‍, കൗമാരത്തിലേക്കു കടക്കുന്ന ഒരു പയ്യന്റെ ഓര്‍മകളെ അത്രയും സൂക്ഷ്മമായി വരച്ചിടുന്നത് മനോഹരമായ വായനയാണ് തരുന്നത്. ചിലയിടങ്ങളില്‍ അതിഭാവുകത്വം നിഴലിക്കുന്നുണ്ടെങ്കിലും കഥയുടെ ഒഴുക്കില്‍ വായനക്കാരന് സുന്ദരമായ ഫ്രെയിംതന്നെയാണ് അത്തരം വിവരണങ്ങള്‍ നല്‍കുന്നത്. കുട്ടികള്‍ ഒരുമിച്ചുകളിക്കുന്നത്, മാതളനാരകത്തണലിലിരുന്ന് കഥകള്‍ വായിക്കുന്നത്, കൊടുംമഞ്ഞില്‍ വീടിന്നുള്ളില്‍ ചെലവിടുന്ന സമയങ്ങള്‍, സിനിമകള്‍ കാണാന്‍ പോകുന്നത്, തുടങ്ങിയവയെല്ലാം ഒരു സിനിമ കാണുന്നപോലെ മുന്നില്‍ തെളിയുന്നു. പട്ടംപറത്തലില്‍ ജയിച്ച അന്ന്, പൊട്ടിയ പട്ടത്തിനായി ഓടുന്ന ഹസന്‍ ക്രൂരമായ പീഡനത്തിനിരയാകേണ്ടിവന്നതും അതുകണ്ടിട്ടും, കണ്ടില്ലെന്ന് നടിച്ച് അമീര്‍ പേടിച്ചോടുന്നതും ഹൃദയഭേദകമായ സീനുകളാണ്. പിന്നീട് ഹസനെ അഭിമുഖീകരിക്കാന്‍ അമീറിനാകുന്നില്ല. കുറ്റബോധം പിന്നീട് സുഹൃത്തുക്കളുടെ വേര്‍പിരിയലിന് കാരണമാകുന്നു. ഇത്തരം വൈകാരിക മുഹൂര്‍ത്തങ്ങള്‍, വളരെ തന്മയത്വത്തോടെ ആവിഷ്‌കരിക്കാനായി എന്നുള്ളതാണ് നോവലിന്റെ ജീവന്‍.
'പട്ടം പറത്തുന്നവന്‍' എന്ന പേരില്‍ മലയാളത്തിലേക്ക് ഈ കൃതി മൊഴിമാറ്റം നടത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."