HOME
DETAILS

അതിജീവനം

  
backup
September 05 2021 | 04:09 AM

541264512-2

 


ഹാഷിം വേങ്ങര

മറാത്തിപ്പുരയില്‍ ബസ് ബ്രേക്കിട്ടപ്പോഴാണ് രാമന്‍ മേസ്തിരിയുടെ ആന്തോളനം നിലച്ചത്. കൃഷിയായുധങ്ങള്‍ക്ക് ഇടയിലൂടെ തെന്നിനീങ്ങി ബസിന് മുകളില്‍ നിന്ന് താഴോട്ടുള്ള ഏണിയുടെ പകുതിവരെ അയാള്‍ കഷ്ടിച്ച് ഇറങ്ങി നിന്നു. പിന്നീട് സിന്ധുവിന്റെ എക്കലടിഞ്ഞ മണ്ണിലേക്കായി ഒരു ചാട്ടമായിരുന്നു. വിളമ്പം വിനാ കറുത്ത പുകധൂളികളെ വിസര്‍ജിച്ചുകൊണ്ട് ബസ് വേഗതയില്‍ അകന്നുപോയി.
വില്‍പ്പനക്കായി പെട്രോള്‍ കുപ്പികള്‍ നിരത്തിവച്ച മക്കാനിയില്‍ കയറി ഐസ്‌ക്രീം കപ്പ് പോലുള്ള ഇത്തിരി പാത്രത്തില്‍നിന്ന് ഒത്തിരി ചായ മോന്തി മൂന്നു രൂപയും കൊടുത്തു, വര്‍ഷങ്ങള്‍ക്കു മുന്‍പ് തഅലീമിന്റെ വിവാഹത്തിനായി പോയിരുന്ന അതേ വഴിയിലൂടെ രാമന്‍ മേസ്തിരി നടക്കാന്‍ തുടങ്ങി. അടിക്കാറ്റ് അയാളുടെ പാദക്കുഴികളെ അപ്പഴപ്പഴായി തൂര്‍ത്തുകൊണ്ടിരുന്നു.


അതിരാവിലെ ഗണപതിയെ വണങ്ങി കല്‍പ്പണിക്കിറങ്ങിയ മേസ്തിരി തന്റെ സ്ഥിരം കൂലിക്കാരന്റെ ഒഴിവുപറച്ചില്‍ കേട്ടാണ്, കറണ്ട് കമ്പിയിലെ കാക്ക കൂട്ടങ്ങളെ പോലെ പണിതേടി നില്‍ക്കുന്ന ബംഗാളികളില്‍ നിന്ന് ഒരു സഹായിയെ തേടിയത്. പരിസരബോധമില്ലാതെ സംസാരിക്കുന്നവര്‍ക്കിടയിലായി കവിളറകളിലെ ലഹരിച്ചുരുട്ടിന്റെ മനംമടുപ്പിക്കുന്ന ഗന്ധവും സഹിച്ച് നില്‍ക്കുന്ന ഇരുപതുകാരനായ തഅലീമിനെ അവിടെ വച്ചാണു മേസ്തിരി കാണുന്നത്. അവന്റെ ഉത്സുകത അയാള്‍ക്ക് നന്നേ ബോധിച്ചു. അന്നുമുതല്‍ അവന്‍ മേസ്തിരിയുടെ സ്ഥിരം വഴിവാലായിമാറി.


ഗ്യാസ് വന്നതില്‍പ്പിന്നെ വിറകൊഴിഞ്ഞ വിറകുപുരയില്‍ ഒരു അഞ്ചടി മരക്കട്ടിലും പണിത് അയാള്‍ അവന് കിടപ്പാടവും നല്‍കി. എട്ടു വര്‍ഷക്കാലം തഅലീം രാമന്‍ മേസ്തിരിയുടെ മകനെ പോലെ കൂടെ ഉണ്ടായിരുന്നു.
കണ്‍മുറ്റത്തായി ഒരു ആനക്കുഞ്ഞന്‍ ചിന്നംവിളിക്കുംപോലെ നില്‍ക്കുന്ന ബോര്‍വെല്‍ കണ്ടപ്പോഴാണ് മേസ്തിരിക്കു വഴി തിട്ടം വന്നത്. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്നേ വന്നതാണെങ്കിലും ഇവിടെ പ്രത്യേകിച്ച് മാറ്റങ്ങളില്ല. നമ്മുടെ നാടിനെ പോലെയല്ലല്ലോ... പ്രവാസി ഒരു വര്‍ഷത്തിനു ശേഷം സ്വദേശത്തേക്ക് കടന്നുവരുമ്പോള്‍ അവനെ വീണ്ടും വിദേശിയാകുന്ന രീതിയില്‍ ദ്രുതതരമല്ലേ നാട്ടിലെ മാറ്റങ്ങള്‍. ബോര്‍വെലിനു തൊട്ടു ചാരിയുള്ള പാടവരമ്പത്തൂടെ അയാള്‍ നടക്കാന്‍ തുടങ്ങി.


സായാഹ്ന സൂര്യന്റെ പൊന്‍ കിരണങ്ങളാല്‍ കടുകുചെടികളിലെ മഞ്ഞപ്പൂക്കള്‍ സ്വര്‍ണശോഭയില്‍ വെട്ടിത്തിളങ്ങുന്നുണ്ട്. പൂക്കള്‍ക്കിടയിലൂടെ ഉലാത്തുന്ന തണുത്ത തെന്നല്‍ അയാളുടെ കണ്‍ക്കുഴികളെ എരിയിച്ചു കടന്നുപോയി. കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ ചാണവട്ടങ്ങള്‍ പതിഞ്ഞ വൈക്കോല്‍ കൂരയുടെ ചുമര്‍ രാമന്‍ മേസ്തിരിയുടെ കണ്ണിലായി തെളിഞ്ഞുവന്നു. കല്യാണത്തിന് തന്നെയും കാത്ത് ഉമ്മറത്ത് നിന്നിരുന്ന തഅലീമിനെയാണ് അയാള്‍ക്ക് ഓര്‍മവന്നത്. ആ നശിച്ച ദിനം എല്ലാം നശിപ്പിച്ചു.
മരക്കാര്‍ ഹാജിയുടെ വീടിന്റെ മുകളിലെ നില കുമ്മായം തേക്കാന്‍ കയറിയതായിരുന്നു അവന്‍. മണ്ണില്‍ ഉറപ്പിച്ച ഇരുമ്പുദണ്ഡുകള്‍ക്ക് മുകളില്‍ വച്ച കവുങ്ങിന്‍ പാത്തിയില്‍ കയറിനിന്ന് ചുമരില്‍ കുമ്മായം തേച്ചുപ്പിടിപ്പിക്കുമ്പോള്‍ പാത്തി പൊട്ടി നിലത്തേക്ക് ഒരു വീഴ്ചയായിരുന്നു. ഭൂമി അതിരിടാന്‍ പണിത ചെറു മതിലില്‍ തലയിടിച്ച് തല്‍ക്ഷണം അവന്‍...! ഓര്‍ക്കാന്‍ കഴിയാതെ രാമന്‍ മേസ്തിരി വിതുമ്പി. അയാളുടെ ചുണ്ടുകള്‍ വിറച്ചു.


ഈ കാണുന്ന കടുകുതോട്ടങ്ങളില്‍ അവന്റെ അബ്ബയുടെ ഭൂമിയും കൂടിയുണ്ട്. പക്ഷേ, അബ്ബ തഅലീമിന്റെ ചെറുപ്രായത്തിലേ മരിച്ചതിനാല്‍ ആ കൊച്ചുവീടു മാത്രം അവനു നല്‍കി മറ്റുള്ളതെല്ലാം കൂട്ടാളികള്‍ വശത്താക്കി. തഅലീമിനോ അവന്റെ അനിയനോ ഒന്നും നല്‍കിയില്ല. നിവൃത്തിയില്ലാതെ തഅലീം വിദേശിയാവേണ്ടിവന്നു. ഒരാഴ്ച മുന്നേ, അവന്റെ ശരീരം എംബാം ചെയ്ത് എഫ്.ഐ.ആറിന്റെ കോപ്പിയോടു കൂടി വിമാനം കയറ്റി അയച്ചതുതന്നെ മരക്കാര്‍ ഹാജിയില്‍ രാമന്‍ മേസ്തിരി നിര്‍ബന്ധം ചെലുത്തിയതിനാലാണ്. അല്ലെങ്കില്‍ പൊതുശ്മശാനത്തിലെ രണ്ടു മീസാന്‍ കല്ലുകള്‍ക്കിടയിലും അവന്‍ വിദേശിയായേനെ.


തഅലീമിന്റെ ഉമ്മ ദുപ്പട്ടയാല്‍ മുഖംമറച്ച് രാമന്‍ മേസ്തിരിയെ സ്വീകരിച്ചു. പിന്നെ ഗോസായി ഭാഷയില്‍ അവരുടെ വിഷമങ്ങള്‍ ഓരോന്നായി ചുണ്ടുവിടാന്‍ തുടങ്ങി. രാമന്‍ മേസ്തിരി കഴിയുന്ന രീതിയില്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഉമ്മക്കു കൊടുക്കാന്‍ വേണ്ടി മേല്‍മുണ്ടിന്‍ കോന്തലയില്‍ കരുതിയ ചുരുട്ടിയ നോട്ടുകള്‍ എടുത്ത് മേസ്തിരി അവര്‍ക്കു നല്‍കി. ഉമ്മ നിറകണ്ണുകളോടെ അതു സ്വീകരിച്ചു. മകന്റെ മരണസാക്ഷ്യം മേസ്തിരി പറയുമ്പോള്‍ വെളിച്ചം കാണാതെ ഗഹ്വരങ്ങളില്‍ പാര്‍ക്കുന്ന ജീവിയെപ്പോലെ വീടിനുള്ളില്‍ കഴിയുന്ന തഅലീമിന്റെ വിധവ ഏങ്ങലടിച്ചു കരയാന്‍ തുടങ്ങി. രാമന്‍ മേസ്തിരിക്ക് വിധികളോട് ആദരവായിരുന്നു. പക്ഷേ, മരണമെന്ന വിധിയെ മേസ്തിരി ആദ്യമായി ശപിച്ചു. ദാരിദ്ര്യവും, വൈധവ്യവും കൊണ്ടുവരുന്ന മൃത്യുവിധിയെ ആര്‍ക്കാണ് ബഹുമാനിക്കാനാവുക...?


കടുകെണ്ണയില്‍ പൊരിച്ച പലഹാരവും ചായയും തന്റെ മുന്നില്‍വച്ച ശേഷം തഅലീമിന്റെ അനിയന്‍ ചുമര്‍ ചാരിനിന്നു. ചായ കടയില്‍ നിന്നു കുടിച്ചതിനാല്‍ മേസ്തിരി ചിന്മുദ്രയാല്‍ വേണ്ടെന്ന് അറിയിച്ചു. അവനും മഞ്ഞപ്പൂക്കള്‍ക്കും തഅലീമിന്റെ അതേ ഛായ. മേസ്തിരിക്ക് ആതങ്കം കനത്തു. മകന്‍ നഷ്ടപ്പെട്ട അച്ഛനെപ്പോലെ വിതുമ്പും എന്നായപ്പോള്‍ അയാള്‍ തിരിച്ചുപോകാനായി എഴുന്നേറ്റു.
ദിവസങ്ങള്‍ യാത്ര ചെയ്ത് വന്നതിനാല്‍ അവിടെ താമസിച്ച് ക്ഷീണമകറ്റി നാളെ പുറപ്പെടാമെന്ന് ഉമ്മ ആവതു പറയുന്നുണ്ട്. പക്ഷേ, രാമന്‍ മേസ്തിരിക്ക് അവിടെ നില്‍ക്കാന്‍ കഴിഞ്ഞില്ല. വേദനിക്കുന്ന സര്‍വ്വ ഇടങ്ങളും അയാള്‍ക്ക് നരകസമാനമാണ്. ഓര്‍മകളിലാണെങ്കില്‍ പോലും.


മേസ്തിരി കൂരമുറ്റത്തേക്കിറങ്ങിയതും ഉണങ്ങിയ ജൂട്ടു കോലുകളില്‍നിന്നു പറവകള്‍ ചിറകടിച്ചുകൊണ്ട് പറന്നുപോയി. അയാള്‍ മുറ്റത്തെ വൈക്കോല്‍ പിരികള്‍ ചേര്‍ത്തുവച്ച നെല്ലറയുടെ ചുമര് ചാരിനിന്നു. താമസിക്കാതെ ആ കൂരയിലെ അവശേഷിച്ച ആണ്‍തരി അതിജീവനത്തിനായി ഇറങ്ങിയതും ബ്രെയിന്‍ ഫീവറിന്റെ കരച്ചില്‍ പോലെ വിധവയുടെ ആശയറ്റ ധ്വനങ്ങള്‍ അന്തരീക്ഷമാകെ ചീറിവന്നു. ഉമ്മ മണ്‍തിണ്ണയില്‍ പടിഞ്ഞിരുന്നു കരഞ്ഞു. 'തൂ ട്ടീക്ക് ഹൈ... ഹം ആരഹീ... ദിഖത്തു നഹീം ഹോങ്കീ...' രാമന്‍ മേസ്തിരി കണ്ണീരുകളോട് യാത്ര പറഞ്ഞ് അവന്റെ കൈയ്യും പിടിച്ച് വരമ്പിലേക്കായി ഇറങ്ങി. മഞ്ഞപ്പൂക്കള്‍ അവര്‍ക്ക് യാത്രയേകി. പതിയെ പതിയെ കൂരയിലെ തേങ്ങലുകള്‍ പച്ച തത്തകളുടെയും മയൂരങ്ങളുടെയും സന്ധ്യാഗമത്തിലെ സ്വനങ്ങളിലായി അലിഞ്ഞുചേര്‍ന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊതുതാല്‍പര്യമില്ല സ്വകാര്യ താല്‍പര്യം മാത്രം, മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകം പൊളിക്കേണ്ട; കെഎസ്‌യു ഹരജി തള്ളി ഹൈക്കോടതി 

Kerala
  •  2 months ago
No Image

വയനാട് കേന്ദ്ര സഹായം: കെ.വി തോമസ് കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമനുമായി ചര്‍ച്ച  നടത്തി

Kerala
  •  2 months ago
No Image

മട്ടാഞ്ചേരിയില്‍ മൂന്നരവയസുകാരന് ക്രൂരമര്‍ദ്ദനം; പ്ലേ സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍

Kerala
  •  2 months ago
No Image

നാഷണല്‍ കോണ്‍ഫറന്‍സിന് നാല് സ്വതന്ത്രരുടെ പിന്തുണകൂടി; ഒമര്‍ അബ്ദുല്ല ജമ്മു കശ്മിര്‍ മുഖ്യമന്ത്രിയാകും

National
  •  2 months ago
No Image

ടെന്നീസ് ഇതിഹാസം റഫേല്‍ നദാല്‍ വിരമിച്ചു

Others
  •  2 months ago
No Image

TOP TEN MUST VISIT TOURIST PLACES IN DUBAI

uae
  •  2 months ago
No Image

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിനെതിരെ കേരളം; നിയമസഭയില്‍ പ്രമേയം പാസാക്കി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ഞായറാഴ്ച്ച മൂന്നിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്, നാളെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

നാളത്തെ പൊതുഅവധി;പിഎസ്‌സി നടത്താനിരുന്ന പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു

Kerala
  •  2 months ago
No Image

നവരാത്രി പൂജവെപ്പ്; സംസ്ഥാനത്ത് നാളെ പൊതുഅവധി

Kerala
  •  2 months ago