ഗസ്സ പ്രാർത്ഥനയോടെ
ഗസ്സ പ്രാർത്ഥനയോടെ
ഹസ്സന്‍ തിക്കോടി
ഏതൊരു യുദ്ധത്തിലും ആദ്യം മരിക്കുന്നത് 'സത്യ'മായിരിക്കും. ഇറാഖ് കുവൈത്തില്‍ അധിനിവേശം നടത്തിയ ആദ്യനാളുകളില്‍ അമേരിക്കയും സഖ്യകക്ഷികളും നടത്തിയ ഏറ്റവും വലിയ നുണപ്രചാരണമായിരുന്നു ഇറാഖില്‍ സദ്ദാം ഹുസൈന്റെ കൈയില്‍ ആണവായുധം ഉണ്ടെന്നും അവ നശിപ്പിക്കണമെന്നതും. അതൊരു കല്ലുവച്ച നുണയാണെന്ന് തെളിയാന്‍ വര്‍ഷങ്ങള്‍ ഏറെ എടുത്തിട്ടും അതിനു ഉത്തരവാദികളായവരെ ശിക്ഷിക്കാനോ പഴിചാരാനോ വിചാരണ ചെയ്യാനോ ലോകത്താരും മുന്നോട്ടുവന്നില്ലെന്നതാണ് സത്യം. അന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു. ബുഷ് ആയിരുന്നെങ്കില്‍ ഇന്ന് അതേ രാജ്യത്തിന്റെ രാഷ്ട്രത്തലവനും ലോക പൊലിസുകാരനായി ചമയുന്ന ജോബൈഡന്‍ ഇസ്‌റാഈലില്‍ ഹമാസ് കുട്ടികകളുടെ തലയറുക്കുന്ന ചിത്രങ്ങള്‍ താന്‍ കണ്ട് ബോധ്യപ്പെട്ടതാണെന്ന് പതിവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞറിയിച്ചത്, ലോക മനസിനെ യഹൂദര്‍ക്കനുകൂലമാക്കാന്‍ വേണ്ടി മാത്രമായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കകം സംഭവം അസത്യമാണെന്ന് വൈറ്റ്ഹൗസിനു തിരുത്തേണ്ടി വന്നത് ചില വാര്‍ത്ത ഏജന്‍സികള്‍ അത് അവാസ്തവമാണെന്ന് എഴുതിയതോടെയാണ്.
കുവൈത്തിലെ ഫലസ്തീനികള്‍
കുവൈത്തില്‍ ജീവിതത്തിന്റെ ആദ്യനാളുകളില്‍ ഞാന്‍ ജോലി ചെയ്തത് ഫലസ്തീനിയോടൊപ്പമായിരുന്നു. അഹമ്മദിയിലെ അലിസായിഖ് കമ്പനിയിലെ വെളുത്തു തടിച്ച സുമുഖനായ എന്റെ ആദ്യത്തെ മാനേജര്‍ ഇഹ്‌സാന്‍ അല്‍ഖുറാന്‍. അധികനാള്‍ ആ ജോലിയില്‍ തുടരാനാവാതെ പോയതിനു കാരണം ഇഹ്‌സാന്റെ തിരോധാനമായിരുന്നു. അയാള്‍ എവിടെ പോയി എന്നൊന്നും ഞാന്‍ അന്വേഷിച്ചില്ല. പക്ഷേ, ഒരുകാര്യം മനസിലാക്കിയിരുന്നു. അയാള്‍ ഒരു ഫലസ്തീനി പോരാട്ട സംഘത്തിലെ അംഗമായിരുന്നു. ഇവിടെ ഫലസ്തീനികള്‍ കുടിയേറിപ്പാര്‍ത്തവരായിരുന്നെന്നും അവര്‍ക്കുമാത്രം സ്വന്തമായ അവരുടെ നാട്ടില്‍നിന്ന് അവരെ ആട്ടിയോടിച്ചതാണെന്നുമുള്ള സത്യം എന്നിലേക്കെത്തിച്ചത് ഉപ്പയോടൊപ്പം മിനിസ്ട്രി ഓഫ് ഇലക്ട്രിസിറ്റിയില്‍ ജോലിചെയ്തിരുന്ന ആബിദ് അബ്ദുല്ലയാണ്. പിന്നീട് അറബികളുമായുള്ള ചങ്ങാത്തത്തിന്റെ വഴിയില്‍ ഫലസ്തീനികളെക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ ശ്രമിച്ചു. ഭാഗ്യവശാല്‍ കുവൈത്ത് എയര്‍വെയ്‌സിലെ സെയില്‍സ് വിഭാഗത്തില്‍ എത്തിച്ചേരാനായത് ബുദ്ധിശാലിയായ 'ഇമാദ് അഖില്‍' എന്ന ഫലസ്തീനിയിലൂടെയായിരുന്നു. പിന്നീടുള്ള ഔദ്യോഗിക ജീവിതത്തില്‍ എന്റെ റോള്‍മോഡലും വഴികാട്ടിയുമായത് ഇമാദ് അഖില്‍ മാത്രമായിരുന്നു. അദ്ദേഹത്തിലൂടെയാണ് യാസര്‍ അറഫാത്ത് എന്ന ഫലസ്തീന്‍ പോരാളിയെ പരിചയപ്പെടുന്നത്. പി.എല്‍.ഒയുടെ ചെയര്‍മാനായിരുന്ന യാസര്‍ അറഫാത്ത് കുവൈറ്റിലെ മിനിസ്ട്രി ഓഫ് ഇലക്ട്രിസിറ്റിയിലെ ജീവനക്കാരനായിരുന്നു.
ഫലസ്തീന്‍ കഥകള്‍
ജോലിക്കിടയിലെ നീണ്ട ഇടവേളകളില്‍ ഇമാദ് എനിക്കു വിവരിച്ചുതന്ന അവരുടെ ജനതയുടെ ഒരുപാട് കഥകള്‍ ഈ ഒക്ടോബര്‍ ഏഴുമുതല്‍ പിറകോട്ട് വായിക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. അക്രമപരവും നീതിരഹിതവുമായി സ്വന്തം വീട്ടില്‍നിന്നും നാട്ടില്‍നിന്ന് ബലാത്കാരമായി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ ഇമാദിന്റെ കൂട്ടുകുടുബങ്ങളും ഉണ്ടായിരുന്നു, സുഹൃത്തുക്കളുണ്ടായിരുന്നു. അവര്‍ക്കുമാത്രമായി അടയാളപ്പെടുത്തിയ പ്രദേശത്തുനിന്ന് ആടിയോടിച്ചതില്‍ പരശ്ശതം നിരാലംബരായ ഫലസ്തീനികളുണ്ടായിരുന്നു. വര്‍ഷങ്ങളോളം നീണ്ടുനിന്ന പോരാട്ടങ്ങളുടെ കരളലിയിക്കുന്ന സംഭവങ്ങളിലൂടെയാണ് 'ഹമാസ്' എന്ന പ്രസ്ഥാനം രൂപം പ്രാപിക്കുന്നത്. അവര്‍ തീവ്രവാദികളല്ല, യഹൂദരുടെ ഹീനമായ അധിനിവേശത്തില്‍ മനംനൊന്ത ഒരു ജനതയുടെ ചെറുത്തുനില്‍പ്പിനുവേണ്ടി 1987ല്‍ രൂപം കൊണ്ടതാണ്.
'നക്ബ' എന്നപേരില്‍ അറിയപ്പെട്ട കൂട്ടപ്പലായനത്തിനു തുടക്കംകുറിച്ചത് ഇസ്‌റാഈലികളായിരുന്നു. എട്ടുലക്ഷം ഫലസ്തീനികളാണ് അന്ന് സ്വന്തം നാട്ടില്‍നിന്ന് ആട്ടിയോടിക്കപ്പെട്ടത്. ഇഹ്‌സാന്‍ അല്‍ഖുറാനും ആബിദും ഇമാദ് അഖിലും യാസര്‍ അറഫാത്തും ഒരുപക്ഷേ ഇവരില്‍ പെട്ടവരായിരിക്കാം.
ചരിത്രമുറങ്ങുന്ന ഭൂമി
ജറുസലേമിന്റെ ഇസ്‌ലാമികവല്‍ക്കരണത്തിന് അടിത്തറയിട്ടത് ലെവന്റ് മുസ്‌ലിം അധിനിവേശത്തിലൂടെയാണ്. ഏഴ് നൂറ്റാണ്ടുകളോളം നീണ്ടുനിന്ന തടസമില്ലാത്ത മുസ്‌ലിം ഭരണം, അയ്യൂബിദ്, മംലൂക്ക്, ആദ്യകാല ഓട്ടോമന്‍ കാലഘട്ടങ്ങളില്‍ ഒരു പ്രബലമായ ഇസ്‌ലാമിക സംസ്‌കാരം ഈ പ്രദേശത്ത് ഏകീകരിക്കപ്പെട്ടു. ഓട്ടോമന്‍ കാലഘട്ടത്തിന്റെ അവസാനത്തോടെ, ജറുസലേമിന്റെ ജനസംഖ്യാശാസ്ത്രം കൂടുതല്‍ സംസ്‌കാരമുള്ളതായി മാറുകയും 19ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ജൂതഭൂരിപക്ഷ സ്വഭാവം വീണ്ടെടുക്കുകയും ചെയ്തു. പിന്നീട് ഇത് റോമന്‍ കാലഘട്ടം മുതല്‍ ഈ മേഖലയിലെ ജൂതസാന്നിധ്യം ഏറെക്കുറെ അവസാനിപ്പിച്ചു.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലം ലോകത്താകമാനം റിവൈവലിസ്റ്റ് മൂവ്‌മെന്റ് പടര്‍ന്ന് പിടിച്ചു. തിയോഡര്‍ ഹെര്‍സ് എന്ന ജൂതനേതാവിന്റെ തലയില്‍ ഒരാശയം മുളപൊട്ടുന്നു, ജൂതര്‍ക്ക് മാത്രമായി ഒരു രാഷ്ട്രം. അതായിരുന്നു സിയോണിസ്റ്റ് മൂവ്‌മെന്റിന്റെ തുടക്കം. ജൂതരാഷ്ടം എന്ന ആശയം ശക്തമാകുമ്പോഴും അത് ഫലസ്തീന്‍ തന്നെയാവണം എന്നൊരു നിര്‍ബന്ധവും അവര്‍ക്കുണ്ടായിരുന്നുമില്ല. അര്‍ജന്റീനയുടെ ഒരു പ്രദേശം വിലകൊടുത്തുവാങ്ങി അവിടെ തങ്ങളുടെ മാത്രമായ രാഷ്ട്രം എന്നായിരുന്നു ആദ്യചിന്ത.
ഒന്നാം ലോകമഹായുദ്ധ കാലം (1914 - 1918). ഫലസ്തീന്‍, സിറിയ ഉള്‍പ്പെടെയുള്ള അറബ് പ്രദേശങ്ങളെല്ലാം ഓട്ടോമന്‍ തുര്‍ക്കികളുടെ അധീനതയില്‍. ഒന്നാംലോകയുദ്ധത്തില്‍ ബ്രിട്ടനും സഖ്യകക്ഷികളും വിജയിച്ചാല്‍ ലെബനോനും സിറിയയും ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ ഫ്രാന്‍സിനും ഫലസ്തീനും ജോര്‍ദാനും ഉള്‍പ്പെടുന്ന പ്രദേശനങ്ങള്‍ ബ്രിട്ടനും കൈവശംവയ്ക്കാന്‍ ധാരണയാകുന്നു. സൂയസ് കനാല്‍ വഴിയുള്ള കച്ചവടം സുഖമമാക്കാന്‍ ബ്രിട്ടന്‍ ആഗ്രഹിച്ചു. യുദ്ധത്തില്‍ അവര്‍ വിജയിച്ചതോടെ ഫലസ്തീന്‍ ഇടത്താവളമായാല്‍ അവരുടെ കച്ചവടം തകൃതിയാക്കാന്‍ അവര്‍ക്കു സാധിക്കുമായിരുന്നു.
അങ്ങനെയാണ് ബ്രിട്ടിഷ് ഫോറിന്‍ സെക്രട്ടറിയായിരുന്ന ആര്‍തര്‍ ജെയിംസ് ബാല്‍ഫറിന്റെ കുപ്രസിദ്ധമായ 1917ലെ ബാല്‍ഫര്‍ വിളംബരം വരുന്നത്. ആ വിളംബരത്തില്‍ കൃത്യമായി പറയുന്നു, ഫലസ്തീനെ ഒരുജൂതരാഷ്ട്രമാക്കി മാറ്റുക എന്ന്.1920കളില്‍ ബ്രിട്ടനില്‍ ഉള്‍പ്പെടെ ഒരു വലിയ ശക്തിയായി കഴിഞ്ഞിരുന്ന ജൂതരെ അവിടെനിന്ന് ഒഴിവാക്കുകയും ഒപ്പം ഇസ്‌റാഈലില്‍ ആധിപത്യം തുടരുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുംകൂടി ജൂതജനതയുടെ ഫലസ്തീന്‍ കുടിയേറ്റത്തെ ബ്രിട്ടന്‍ പ്രോത്സാഹിപ്പിച്ചു.
ബ്രിട്ടിഷുകാരാല്‍ പിടിച്ചെടുത്ത ഇത്തിരിയിടം പിന്നീടൊരു സ്വതന്ത്രരാഷ്ട്രമായി സ്വയംപ്രഖ്യാപിക്കുന്നു. ലോകത്തെവിടെയുമുള്ള ജൂതര്‍ക്ക് ഇസ്‌റാഈലിലേക്ക് കുടിയേറാം എന്ന നിയമം കൊണ്ടുവരുന്നു. അമേരിക്കയും ജര്‍മ്മനിയുമെല്ലാം അവരെ സാമ്പത്തികമായി വലിയതോതില്‍ സഹായിക്കുന്നു. അവര്‍ ഒരു വലിയ സാമ്പത്തിക ശക്തിയായി വളരുന്നു. ഫലസ്തീനികളാവട്ടെ, സ്വന്തം മണ്ണില്‍നിന്ന് കുടിയിറക്കപ്പെടുകയും കൊന്നൊടുക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. സയണിസ്റ്റ് കുടിയേറ്റ കോളനി പദ്ധതിയാണ് 1948ലെ 'നക്ബയില്‍' ചെന്നെത്തിയത്. പക്ഷേ, അത് താല്‍ക്കാലികമായിരുന്നില്ല. പടിഞ്ഞാറന്‍ മനസുകളില്‍ രൂഢമൂലമായ ആ കുടിയൊഴിപ്പിക്കല്‍ ഇന്നും നിര്‍ബാധം തുടരുന്നു.
ഇസ്റാഈല്‍ യാഥാര്‍ഥ്യമായപ്പോള്‍
ചരിത്രപരമായ കാലഘട്ടത്തെ ആശ്രയിച്ച്, ഇസ്‌റാഈലിന്റെ പഴയ പേര് കനാന്‍ അല്ലെങ്കില്‍ ഫലസ്തീന്‍ എന്നായിരുന്നു. 'ഇസ്‌റാഈല്‍' എന്ന പേര് ഹീബ്രു ബൈബിളില്‍ നിന്നാണു വന്നത്. അവിടെ ഗോത്രപിതാവായ യാക്കോബ് ഒരു മാലാഖയുമായി ഗുസ്തി ചെയ്തതിനു ശേഷം നല്‍കിയ പേരാണെന്ന് പറയപ്പെടുന്നു. 1948ല്‍ ഫലസ്തീനിലെ ബ്രിട്ടിഷ് അധികാരം അവസാനിച്ചതിനെ തുടര്‍ന്ന് ആധുനിക ഇസ്‌റാഈല്‍ രാഷ്ട്രം സ്ഥാപിതമായി. അക്കാലത്ത്, 'സ്റ്റേറ്റ് ഓഫ് ഇസ്‌റാഈല്‍' എന്ന പേര് ഔദ്യോഗികമായി സ്വീകരിച്ചു. ഈ പ്രദേശത്തിന്റെ യഹൂദപൈതൃകത്തെയും പുരാതന ഇസ്‌റാഈല്‍ രാജ്യവുമായുള്ള ബന്ധത്തെയും പ്രതിഫലിപ്പിക്കുന്നതിനാണ് ഈ പേരു തിരഞ്ഞെടുത്തത്. ബ്രിട്ടിഷ് അധികാരികള്‍ ഉപയോഗിച്ചിരുന്നതും ഈ പ്രദേശത്തെ അറബ് ജനസംഖ്യയുമായി ബന്ധപ്പെട്ടിരുന്നതുമായ 'പാലസ്തീന്‍' എന്ന പേരില്‍നിന്ന് ഒരു ഇടവേളയും ഇതു സൂചിപ്പിച്ചു. അതേവര്‍ഷം തന്നെ യുനൈറ്റഡ് നേഷന്‍സ് ഫലസ്തീനെ വിഭജിച്ച്, ഫലസ്തീന്‍ എന്നും ഇസ്‌റാഈല്‍ എന്നും രണ്ടു രാജ്യങ്ങളാക്കുമ്പോള്‍ കേവലം 36% വരുന്ന ജൂതര്‍ക്ക് 56% ഭൂമിയും 68% വരുന്ന അറബികള്‍ക്ക് 42% ഭൂമിയുമാണു നല്‍കിയത്. ജറുസലേം പ്രദേശം ഐക്യരാഷ്ട്രസഭയുടെ കീഴില്‍ നിലനിര്‍ത്താനും തീരുമാനിക്കുന്നു. എന്നാല്‍ ജറുസലേം ഉള്‍പ്പെടെയുള്ള പ്രദേശം ഇസ്‌റാഈല്‍ കൈയടക്കുകയും ഇസ്‌റാഈലിന്റെ തലസ്ഥാനമായി അവര്‍ ജറുസലേമിനെ കാണുകയും ചെയ്യാന്‍ തുടങ്ങി.
അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 2018ല്‍ അത് യാഥാര്‍ഥ്യമാക്കി. ഒരു പടികൂടി കടന്നെത്തി ട്രംപ് ചില ഗള്‍ഫ് രാജ്യങ്ങളുമായുള്ള നയതന്ത്രം സ്ഥാപിക്കച്ചെടുക്കുകയും ചെയ്തു. പക്ഷേ, അതൊരു കെണിയായിരുന്നെന് മനസിലായത് ജോബൈഡന്‍ - നെതന്യാഹു ക്ലാസിക്കല്‍ കെട്ടിപ്പിടിത്തം ഈയടുത്ത ദിവസം ടെല്‍അവീവ് എയര്‍പോര്‍ട്ടില്‍ കണ്ടപ്പോഴാണ്. വാഷിങ്ടണിലെ ഓവല്‍ മുറിയിലിരുന്ന് ഐക്യദാര്‍ഢ്യം ലോകത്തോട് പറയാനുള്ള സംവിധാനം ഉണ്ടായിരിക്കെ പതിനാലു മണിക്കൂര്‍ യാത്ര ചെയ്‌തെത്തിയതിനു പിറകില്‍ വ്യക്തമായ ഒരു സയണിസ്റ്റ് അജണ്ടയുണ്ടെന്ന് ഇന്ന് ലോകം മനസിലാക്കുന്നു. ഫലസ്തീനിനെയും അതിലെ ജനതയെയും എന്നന്നേക്കുമായി ഉന്മൂലനം ചെയ്യുകയെന്നത് പടിഞ്ഞാറിന്റെ ഫലസ്തീന്‍വിരുദ്ധതയ്ക്ക് ആക്കംകൂട്ടുന്നു.
ഇരട്ട പൗരത്വം
'ഇസ്‌റാഈല്‍' എന്ന പേര് രാജ്യത്തിന്റെ ഔദ്യോഗിക നാമമായി വ്യാപകമായി അംഗീകരിക്കപ്പെട്ടു, എന്നാലും മതപരമായ സന്ദര്‍ഭങ്ങളില്‍ ഇത് ഇപ്പോഴും 'വിശുദ്ധഭൂമി' അല്ലെങ്കില്‍ 'വാഗ്ദത്ത ഭൂമി' എന്ന് വിളിക്കപ്പെടുന്നു. ഏകദേശം അറുപതു ലക്ഷം യഹൂദരെ ഹിറ്റ്‌ലര്‍ കൂട്ടക്കൊല ചെയ്തശേഷം അവശേഷിക്കുന്നവരെ സംരക്ഷിക്കാനായി അവര്‍ക്കൊരിടം നല്‍കിയതാണ് അറബികള്‍ ചെയ്ത തെറ്റ് എന്നു പറയാം. അങ്ങനെ യഹൂദ മതസ്ഥരായ ഒരു വിഭാഗം ജനതയെ ഫലഭൂയിഷ്ഠമായ ഒരിടത്തു സ്ഥാപിക്കുകയെന്നത് ബ്രിട്ടിഷുകാരുടെ കുതന്ത്രമായിരുന്നു. ഒരു മതത്തെ മാത്രമല്ല അവര്‍ സ്ഥാപിച്ചിരിക്കുന്നത്, ഒരു ജൂതരാഷ്ട്രത്തെ കൂടിയാണ്. ലോകത്തെവിടെയുമുള്ള ഒരു മുസ്‌ലിമിന് ഏതെങ്കിലുമൊരു മുസ്‌ലിം രാഷ്ട്രത്തിലേക്ക് വെറുതെ പോകാനാവില്ല, മുസ്‌ലിമാണ് എന്ന കാരണത്താല്‍ അയാള്‍ക്ക് അവിടുത്തെ പൗരത്വം ലഭിക്കുകയുമില്ല. എന്നാല്‍ ലോകത്തെവിടെയുമുള്ള ഒരു ജൂതന് ഇസ്റാഈലിലേക്ക് കുടിയേറാം, യാതൊരു നിബന്ധനകളുമില്ലാതെ അവന് അവിടുത്തെ പൗരനുമാകാം. അതോടൊപ്പം അവര്‍ക്കു ഇരട്ടപൗരത്വവും ലഭിക്കുന്നു. അവര്‍ ഒരേസമയം അമേരിക്കക്കാരനും യൂറോപ്യനുമാകുന്നു.
എന്തുകൊണ്ട് ഫലസ്തീനികള്‍ പോരാട്ടം തുടങ്ങി? പിറന്ന നാട്ടില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെടുന്നവനു വേണ്ടി ശബ്ദമുയര്‍ത്തി പോരാടിയെങ്കില്‍ അവരെങ്ങനെ ഭീകരവാദികളാവും. രണ്ടായിരത്തി എഴുന്നൂറോളം വര്‍ഷങ്ങളുടെ ചരിത്രമുള്ള ഫലസ്തീന്‍ ജനതയെ ഒരു 'ബാല്‍ഫര്‍' വിളംബരത്തിലൂടെ ഒറ്റയടിക്കില്ലാതാക്കിയതോടെയാണ് അവര്‍ പൊരുതാന്‍ തുടങ്ങിയത്. അന്നവരുടെ കൈയില്‍ ആയുധങ്ങളില്ല, പകരം മരുഭൂമിയിലെ ഉരുളന്‍കല്ലുകളും വടിക്കഷ്ണങ്ങളും കൊണ്ട് ആയുധധാരികളായ ജൂതരെ അവരുടെ മണ്ണില്‍നിന്ന് എറിഞ്ഞോടിക്കാന്‍ നിസ്സഹായരായ ആബാലവൃദ്ധം ജനങ്ങള്‍ ഒരുമ്പെട്ടെങ്കില്‍ അതവരുടെ അവകാശമായിരുന്നു.
പക്ഷേ, മറുവശത്തുനിന്ന് അവരെ നേരിട്ടത് ഒരു ജനതയെ സ്വന്തം നാട്ടില്‍നിന്ന് ഉന്മൂലനം ചെയ്യാനുള്ള പുറപ്പാടോടെ ആയിരുന്നു. അമേരിക്കയും ബ്രിട്ടനും അതുകൊണ്ടുതന്നെ ഇസ്‌റാഈലിനെ ആയുധമണിയിച്ചു.
ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണം പൊടുന്നനെ ഉണ്ടായതൊന്നുമല്ല. എഴുപത്തഞ്ചു വര്‍ഷമായി സമാധാനത്തിനായി, സ്വന്തം ഭൂമിക്കായി കാത്തിരിക്കുന്ന ഒരു ജനതയുടെ സ്വാഭാവിക പ്രതികരണപോരാട്ടം എന്നതിലുപരി അതൊരു ഭീകരാക്രമണമായി കാണാന്‍ സാധിക്കുമോ? നിരവധി യു.എന്‍ പ്രമേയങ്ങളെയും അതിലുപരി താക്കീതുകള്‍ക്കും പുല്ലുവില കല്‍പ്പിക്കുന്ന, ആധുനിക ആയുധങ്ങളുമായി നിസ്സഹായരായ ഒരു ജനതയെ അവരുടെ ഭൂമികയില്‍നിന്ന് വിരട്ടിയോടിച്ച് സ്ത്രീകളെയും പിഞ്ചുകുട്ടികളെയും അറുകൊല ചെയ്യന്നത് ലോകം നിശബ്ദമായി നോക്കിക്കാണുകയും നിവൃത്തിയില്ലാതെ ഒന്ന് കൈയോങ്ങിയപ്പോള്‍ പടിഞ്ഞാറിന്റെ സകല സഹതാപവും ഇസ്‌റാഈലിനു നേരിട്ടും അല്ലാതെയും എത്തിച്ചേര്‍ന്നത് ഏകപക്ഷീയമല്ലെങ്കില്‍ മറ്റെന്താണ്?
ആർക്കാണ് നേട്ടം?
എന്റെ ബാല്യകൗമാരത്തില്‍ പരിചയപ്പെട്ട ഇഹ്‌സാന്‍ ഖുറാനും ആബിദ് അബ്ദുല്ലയും ഇമാദ് അഖിലും യാസര്‍ അറഫാത്തും ഇന്ന് ജീവിച്ചിരിപ്പില്ല. പക്ഷേ, അവരുടെ പാരമ്പര്യം നിലനിര്‍ത്താനായി പോരാടാന്‍ അവരുടെ മക്കളും കൊച്ചുമക്കളും ഒരുപക്ഷേ, ഈ പോരാട്ടക്കൂടാരത്തില്‍ പങ്കുചേരുന്നുണ്ടാവും. അവരോടുള്ള ഐക്യദാര്‍ഢ്യം ഈ വരികള്‍ക്കപ്പുറത്താണെന്ന് മനസിലാക്കുന്നു. രണ്ട് ഗള്‍ഫ് യുദ്ധങ്ങള്‍ നേരില്‍ കണ്ട വേദനാജനകമായ അനുഭവം മനസിന്റെ നിറംമങ്ങിയ കോണില്‍ ഇന്നും മായാതെ കിടപ്പുണ്ട്. യുദ്ധം സമൂഹത്തെയും കുടുംബങ്ങളെയും നശിപ്പിക്കുന്നു. അത് രാജ്യത്തിന്റെ പുരോഗതിയെയും സാമൂഹ്യമായ ചലനങ്ങളെയും ഇല്ലാതാക്കുന്നു. യുദ്ധാനന്തരം ദീര്‍ഘകാല മാനസികവും ശാരീരികവുമായ മുറിവുകള്‍ ഉണ്ടാവുന്നു. സാമ്പത്തിക അരക്ഷിതാവസ്ഥ ലോകത്തെമ്പാടും അരങ്ങേറുന്നു.
മനുഷ്യ ഭിഭവശേഷി കുറഞ്ഞു വരുന്നു. മനുഷ്യജീവിതം ദുസ്സഹമാക്കുന്നു. യുദ്ധത്തില്‍ സംഭവിക്കുന്ന മരണങ്ങള്‍ ഒരു ഒഴുകുന്ന ഹിമക്കുന്നാണ്. (Death as a result of war is simply the tip of the iceberg).
പക്ഷേ, തുടര്‍ന്നുണ്ടാവുന്ന ദീഘകാല ഭവിഷ്യത്തുകളെ വന്‍ശക്തികള്‍ ഓര്‍ക്കുന്നില്ലന്നതാണ് സത്യം. 'നശിപ്പിക്കുക വീണ്ടും നിര്‍മ്മിക്കുക' (destroy and ctsonruction) അതുമാത്രമാണ് വന്‍ശക്തികളുടെ ലക്ഷ്യം. എങ്കില്‍ മാത്രമേ അവരുടെ കച്ചവടം നടക്കുള്ളൂ എന്നതില്‍ ചുരുങ്ങിപ്പോയി നമ്മുടെ ലോകം. യുദ്ധത്തോട് വിട പറയുന്ന ഒരു നാളിനായി പ്രാർഥിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."