കേരളം ഭരിക്കുമെന്ന സുരേന്ദ്രന്റെ അവകാശവാദം തിരിച്ചടിയായി ; നേതാക്കളുടെ വീഴ്ചകള്‍ നിരത്തി ബി.ജെ.പി റിപ്പോര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരേ നിശിത വിമര്‍ശനവുമായി ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. 35 സീറ്റ് കിട്ടിയാല്‍ കേരളം ഭരിക്കുമെന്ന സുരേന്ദ്രന്റെ പ്രസ്താവന തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും നേമത്ത് ഒ. രാജഗോപാല്‍ സജീവമായി ഇടപെടാതിരുന്നത് മണ്ഡലം കൈവിടാന്‍ കാരണമായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
സുരേന്ദ്രന്റെ അവകാശവാദം ബി.ജെ.പി- കോണ്‍ഗ്രസ് ധാരണയുണ്ടെന്ന ചിന്ത ബി.ജെ.പി അനുഭാവികളിലും ന്യൂനപക്ഷങ്ങളിലും ഉണ്ടാക്കി. കുതിരക്കച്ചവടം സംബന്ധിച്ച സംശയത്തിനും പ്രസ്താവന കാരണമായി. ഇതെല്ലാം കേരളത്തില്‍ എല്‍.ഡി.എഫിന് അനുകൂലമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിക്കാന്‍ പാടില്ലായിരുന്നു. നേമം നഷ്ടപ്പെട്ടതിന് കാരണം ഒ. രാജഗോപാല്‍ ജനകീയനാകാന്‍ ശ്രമിക്കാത്തതിനാലാണ്. നേമം കേരളത്തിലെ ഗുജറാത്താണെന്ന കുമ്മനത്തിന്റെ പരാമര്‍ശങ്ങളും തീവ്ര ഹിന്ദുത്വനിലപാടിലേക്ക് കഴക്കൂട്ടത്ത് ശോഭാസുരേന്ദ്രന്‍ പോയതും തിരിച്ചടിയായി. ശോഭാസുരേന്ദ്രന്‍ ശബരിമല മാത്രം പ്രചാരണ വിഷയമാക്കിയപ്പോള്‍ എല്‍.ഡി.എഫ് ജനകീയ വിഷയങ്ങളാണ് ഉന്നയിച്ചത്. ശബരിമല പോലെയുള്ള മതപരമായ വിഷയങ്ങളല്ല, ജനകീയ വിഷയങ്ങളും വികസനപദ്ധതികളുമാണ് പാര്‍ട്ടി ഏറ്റെടുക്കേണ്ടത്. രാഷ്ട്രീയപ്പാര്‍ട്ടി എന്ന നിലയില്‍ ബി.ജെ.പിയുടെ പ്രവര്‍ത്തനരീതിയും നയങ്ങളും മാറേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരത്ത് ഇറക്കുമതി സ്ഥാനാര്‍ഥിയായി നടനെ ഇറക്കിയതും വിമര്‍ശനത്തിനിടയാക്കി. ഇത്തരംതന്ത്രം ഇനി വേണ്ടെന്നും സമിതി ചൂണ്ടിക്കാട്ടി.
നാല് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരും ഒരു വൈസ് പ്രസിഡന്റും അടങ്ങിയ അഞ്ചംഗസമിതി തയാറാക്കിയ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം കെ. സുരേന്ദ്രന് കൈമാറി. എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."