ലഹരിക്കെതിരെ ഗോള്‍വര്‍ഷം; സുപ്രഭാതം യാത്ര തുടങ്ങി
മലപ്പുറം: ഖത്തര്‍ ലോകകപ്പിനോടനുബന്ധിച്ച് 'ലഹരിക്കെതിരെ ഗോളടിച്ച് കേരളം' എന്ന ശീര്‍ഷകത്തില്‍ സുപ്രഭാതം ദിനപത്രം സംഘടിപ്പിക്കുന്ന ഖദം ഖദം ഖത്തര്‍ യാത്രക്ക് തിരൂരിലെ ആലത്തിയൂര്‍ കെ.എച്ച്.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കം. ഉജ്ജ്വല വരവേല്‍പ്പായിരുന്നു സുപ്രഭാതം യാത്രാ സംഘത്തിന് സ്‌കൂള്‍ അധികൃതരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നല്‍കിയത്. ഉച്ചയ്ക്ക് മൂന്നിന് നടന്ന ചടങ്ങ് തിരൂര്‍ എം.എല്‍.എ കുറുക്കോളി മൊയ്തീനും ലഹരിക്കെതിരെ ലക്ഷം ഗോള്‍ മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം യു. ഷറഫലി ഗോളടിച്ചും നിര്‍വഹിച്ചു. തിരൂര്‍ ഡിവൈഎസ്പി വിവി ബെന്നി മുഖ്യാഥിതിയായിരുന്നു. സുപ്രഭാതം മാനേജിങ് എഡിറ്റര്‍ ടി.പി ചെറൂപ്പ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ബാന്‍ഡ് വാദ്യങ്ങളുടെ അകമ്പടിയോടെയായിരുന്നു സുപ്രഭാതം സംഘത്തെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് ആനയിച്ചത്. ഉദ്ഘാടന ചടങ്ങിന് ശേഷം നടന്ന ഷൂട്ടൗട്ടില്‍ വിശിഷ്ടാധിതികളും വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കാളികളായി. സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിലെ അംഗങ്ങളും സ്‌കൂളിലെ തന്നെ ഭിന്ന ശേഷി വിദ്യാര്‍ത്ഥികളും ഗോളടിച്ച് ലഹരിക്കെതിരായ സന്ദേശത്തില്‍ പങ്കുചേര്‍ന്നു.
വിദ്യാഭ്യാസ സംരംഭകരായ ഡോപ്പയും ടാല്‍റോപ്പും ബിസിനസ് സംരംഭമായ മൈജിയും ആണ് യാത്രയുടെ പ്രധാന സ്‌പോണ്‍സര്‍മാര്‍.
ചടങ്ങില്‍ ടി.പി ചെറൂപ്പ സ്വാഗതമാശംസിച്ചു. ഡോപ്പ ഡയറക്ടര്‍ ഡോ.നിയാസ് പാലോത്ത്, മൈജി റീജ്യണല്‍ മാനേജര്‍ എ.കെ ഷമീര്‍, സുപ്രഭാതം ഡയറക്ടര്‍ ഇബ്രാഹിം ഹാജി, കെ.കെ.എസ് തങ്ങള്‍, സുപ്രഭാതം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വി. അസ്‌ലം തുടങ്ങിയവര്‍ സംബന്ധിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി. രാമകൃഷ്ണന്‍, പ്രധാനാധ്യാപകന്‍ പി.കെ.എ ജബ്ബാര്‍, പി.ടി.എ പ്രസിഡന്റ് എ.കെ സലിം. കായികാധ്യാപകന്‍ ഷാജിര്‍ സംസാരിച്ചു.
യാത്രാ സംഘത്തിന് ഇന്ന് 12 മണിക്ക് പെരിന്തല്‍മണ്ണ എം.ഇ.എ എന്‍ജിനീയറിങ് കോളേജിലും രണ്ടുമണിക്ക് വേങ്ങൂര്‍ എം.എം ഹയര്‍സെക്കണ്ടറി സ്‌കൂളിലും സ്വീകരണം ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."