ഓസീസിനെ 4-1വീഴ്ത്തി ഫ്രാന്‍സ്
നദോഹ: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായി ഫ്രാന്‍സ്. ഏഷ്യന്‍ വമ്പരായ ആസ്ത്രേലിയയെ ഒന്നനെതിരേ നാലു ഗോളുകള്‍ക്ക് വീഴ്ത്തിയാണ് ഫ്രഞ്ച് പട ഇത്തവണയും വരവറിയിച്ചത്. മത്സരത്തില്‍ സര്‍വാധിപത്യം പുലര്‍ത്തിയ ഫ്രാന്‍സിനു വേണ്ടി ഒളിവര്‍ ജിറൂദ് ഇരട്ടഗോള്‍ നേടിയപ്പോള്‍ കിലിയന്‍ എംബാപ്പെ, ആ്രേന്ദ റാബിയറ്റ് എന്നിവര്‍ ഓരോ ഗോളും സ്കോര്‍ ചെയ്തു. ക്രെയ്ഗ് ഗുഡ്വിന്റെ വകയായിരുന്നു ഓസീസിന്റെ ഗോള്‍നേട്ടം.
കിലിയന്‍ എംബാപ്പെയുടെ ആക്രമണത്തോടെയാണ് മത്സരം തുടങ്ങിയത്. തുടര്‍ന്നും ഫ്രാന്‍സ് മുന്നേറ്റങ്ങള്‍ നിറഞ്ഞുനിന്നെങ്കിലും ഓസീസ് പ്രതിരോധത്തില്‍ തട്ടി തകര്‍ന്നു. പിന്നാലെ ആക്രമണം ഓസീസ് ഏറ്റെടുത്തു. ഇതിന് അവര്‍ ഫലം കണ്ടു. ഒമ്പതാം മിനുട്ടില്‍ ഫ്രാന്‍സിനെ ഞെട്ടിച്ച് മത്സരത്തിലെ ആദ്യ ഗോളെത്തി. ബോക്സിന്റെ വലതു വശത്ത് നിന്ന് മാത്യു ലെക്കി പന്ത് ഇടതു ഭാഗത്തേക്ക് മറിച്ചു. മാര്‍ക്ക് ചെയ്യപ്പെടാതിരുന്ന ക്രെയ്ഗ് ഗുഡ്വിന് മികച്ചൊരു ഷോട്ടോടെ പന്ത് വലയിലെത്തിച്ചു. എന്നാല്‍ 27ാം മിനുട്ട് വരെയോ ആ ആഘോഷത്തിന് ആയുസ്സുണ്ടായുള്ളൂ. 27ാം മിനുട്ടില്‍ ആന്ദ്രേ റാബിയറ്റിലൂടെ ടീം സമനില കണ്ടെത്തി. തിയോ ഹെര്‍ണാണ്ടസ് ബോക്സിലേക്ക് ഉയര്‍ത്തി നല്കിയ പന്തിന് മനോഹരമായി തലവെച്ച റാബിയറ്റ് ആസ്ത്രേലിയന്‍ വല കുലുക്കി. 32ാം മിനുട്ടില്‍ ജിറൂദിലൂടെ ഫ്രഞ്ച് പടയുടെ രണ്ടാം ഗോളെത്തി. ഓസീസിന്റെ പ്രതിരോധപ്പിഴവിലൂടെയായിരുന്നു ഗോള്‍ നേട്ടം. അനായാസം പന്ത് സ്വന്തമാക്കിയ റാബിയറ്റ് ജിറൂദിന് നല്കി. ജിറൂദിന്റെ കണക്ടില്‍ വല മാത്രമേ മുന്നിലുണ്ടായുള്ളൂ. പിന്നാലെ ഫ്രഞ്ച് പട പ്രതിരോധത്തിലേക്ക് വലിഞ്ഞു. ഇടയ്ക്ക് ഫ്രാന്‍സ് അവസരം കിട്ടുമ്പോഴൊക്കെ ഓസീസ് ഗോള്‍ മുഖം വിറപ്പിച്ചുകൊണ്ടിരുന്നു. 45ാം മിനുട്ടില്‍ ഗ്രീസ്മാന് ഒരുക്കിയ സുവര്‍ണാവസരം എംബാപ്പെ പാഴാക്കി. ആദ്യ പകുതിയിലെ എക്സ്ട്രാ ടൈമില്‍ ജാക്സന് ഇര്‍വിന്റെ ഹെഡ്ഡര്‍ ഫ്രഞ്ച് പോസ്റ്റില്‍ തട്ടിയത് ആസ്ത്രേലിയക്ക് നിരാശ നല്കി.
ആദ്യ പകുതിക്ക് സമാനമായി ഫ്രാന്‍സിന്റെ കരുത്തോടെയാണ് രണ്ടാം പകുതിയും തുടങ്ങിയത്. 67ാം മിനുട്ടില്‍ ഗ്രീസ്മാന്റെ വലയിലേക്കെന്ന് തോന്നിച്ച ഷോട്ട് പ്രതിരോധക്കാരന് തടുത്തു. ഉടനെ ഫ്രാന്‍സിന്റെ മൂന്നാം ഗോളുമെത്തി. വലതു വശത്ത് നിന്ന് ഡെംബലെ നല്കിയ ക്രോസിനെ ഉയര്‍ന്നുചാടി തലവച്ച് എംബാപ്പെ വലയിലെത്തിച്ചു. മൂന്ന് മിനുട്ടിനകം അവസാന ഗോളുമെത്തി. എംബാപ്പെ ഒരുക്കിയ വഴിയില്‍ രണ്ടാംഗോള്‍ നേടി ജിറൂദ് ഗോള്‍ പട്ടിക നാലാക്കി ബൂട്ടഴിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."