ഈ വിട്ടുനിൽക്കൽ ഇന്ത്യയുടെ പാരമ്പര്യമല്ല
ജീവകാരുണ്യ സഹായമെത്തിക്കാൻ ഗസ്സയിൽ ഉടൻ വെടിനിർത്തൽ ആവശ്യപ്പെടുന്ന യു.എൻ പൊതുസഭയുടെ പ്രമേയത്തിലെ വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നിരിക്കുന്നു. 193 അംഗ യു.എൻ പൊതുസഭയിൽ ജോർദാൻ അവതരിപ്പിച്ച പ്രമേയത്തെ യു.എസ് അടക്കമുള്ള 14 ഇസ്‌റാഈൽ സഖ്യരാജ്യങ്ങൾ എതിർത്തെങ്കിലും 120 രാജ്യങ്ങളുടെ പിന്തുണയോടെ പ്രമേയം പാസായി. ഇന്ത്യക്കൊപ്പം കാനഡ, ജർമനി, യു.കെ, ജപ്പാൻ, ഉക്രൈൻ തുടങ്ങി 45 രാജ്യങ്ങളാണ് വിട്ടുനിന്നത്. ഫലസ്തീനൊപ്പമെന്ന പരമ്പരാഗത ഇന്ത്യൻ നിലപാടിന്റെ വ്യതിചലനമെന്നതിനപ്പുറം ഇതിനെ ഇസ്‌റാഈലിന്റെ കൊടിയ ക്രൂരതയ്ക്ക് കൂട്ടുനിൽക്കൽ എന്നേ പറയാനാവൂ.
ഗസ്സയെ ഒറ്റപ്പെടുത്തി ക്രൂരമായ ആക്രമണമാണ് ഇസ്‌റാഈൽ നടത്തുന്നത്. ഓരോ ദിവസവും നൂറുകണക്കിന് പേർ കൊല്ലപ്പെടുന്നു. എങ്ങും മരണവും നിലവിളികളുമാണ്. കുഞ്ഞുങ്ങളുടെ ജീവനറ്റദേഹങ്ങൾ ദിവസവും സംസ്‌കരിക്കപ്പെടുന്നു. വെള്ളവും വൈദ്യുതിയും ഇന്ധനവും മരുന്നുകളും ഇസ്‌റാഈൽ തടഞ്ഞുവച്ചിരിക്കുന്നതിനാൽ ആശുപത്രികളുടെ പ്രവർത്തനം നിലച്ചിരിക്കുന്നു. പരുക്കേറ്റവർ ചികിത്സലഭിക്കാതെ മരിക്കുന്നു. ബോംബിങ്ങിൽ തകർന്ന കോൺക്രീറ്റ് അവശിഷ്ടങ്ങളുടെ കൂമ്പാരമായി മാറിയിരിക്കുന്നു നഗരം. അതിനിടയിൽ എത്രപേർ മരിച്ചുവെന്ന് വ്യക്തമല്ല. ഗസ്സയിൽ ഇന്റർനെറ്റില്ല. എന്താണ് അതിനുള്ളിൽ നടക്കുന്നതെന്ന് ലോകത്തിന് അറിയില്ല. വീടു നഷ്ടപ്പെട്ട കുഞ്ഞുങ്ങളുടെ നിലവിളിക്കുമേൽ വീണ്ടും ബോംബിടുകയാണ് ഇസ്‌റാഈൽ. ഈ ക്രൂരതയ്ക്കാകട്ടെ അമേരിക്കയുടെ പിന്തുണയുമുണ്ട്. രണ്ടാംലോക യുദ്ധകാലത്തെ വാർസോ നഗരത്തെക്കാൾ ഭീകരമാണ് ഗസ്സയിലെ സാഹചര്യം.
ഈ ഗസ്സയിൽ ഭക്ഷണവും മരുന്നും കുടിവെള്ളവുമെത്തിക്കാൻ വെടിനിർത്തൽ വേണമെന്ന പ്രമേയത്തിലാണ് ഹമാസിനെ ഉത്തരവാദിയായി ചൂണ്ടിക്കാട്ടുന്നില്ലെന്ന മുടന്തൻ ന്യായവുമായി ഇന്ത്യ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നത്. ഫലസ്തീനെ ഇല്ലാതാക്കി ഇസ്‌റാഈൽ സ്ഥാപിച്ചതിനെ എതിർത്ത രാജ്യമാണ് ഇന്ത്യ. അറബ് രാജ്യങ്ങൾക്കിടയിൽ ജൂതന്മാർക്കായി പ്രത്യേക രാജ്യമെന്ന ആശയത്തെ ഇന്ത്യ അനുകൂലിച്ചിരുന്നില്ല. അറബ് രാജ്യവും ജൂതരാജ്യവുമായി ഫലസ്തീനെ പിളർത്തി ഇസ്‌റഈൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട 1947ലെ 181ാം യു.എൻ പ്രമേയത്തെ ഇന്ത്യ യു.എന്നിൽ എതിർത്ത് വോട്ടുചെയ്യുകയും ചെയ്തു. അറബികൾക്കും ജൂതന്മാർക്കും തുല്യാധികാരമുള്ള ഫെഡറൽ രാജ്യമെന്ന ആശയമായിരുന്നു നെഹ്‌റു മുന്നോട്ടുവച്ചത്.
ഇതേ നിലപാടായിരുന്നു. ഇംഗ്ലണ്ട് ഇംഗ്ലീഷുകാരുടേതാണെന്ന പോലെ, ഫ്രാൻസ് ഫ്രഞ്ചുകാരുടേതാണെന്ന പോലെ ഫലസ്തീൻ അറബികളുടേതാണെന്നായിരുന്നു ഇതു സംബന്ധിച്ച് ഗാന്ധിജിയുടെ വാക്കുകൾ. അറബികളുടെ മേൽ ജൂതരെ അടിച്ചേൽപ്പിക്കുന്നത് തെറ്റും മനുഷ്യത്വവിരുദ്ധവുമാണെന്നും ധാർമികമായി ന്യായീകരിക്കാൻ പറ്റാത്തതാണെന്നും 1938ൽ ഹരിജൻ പത്രത്തിൽ ഗാന്ധിജി എഴുതി. അതോടൊപ്പം സെമിറ്റിക് വിരുദ്ധനല്ലാത്ത ഗാന്ധി ഹിറ്റ്‌ലർ ജൂതരോട് ചെയ്യുന്ന ക്രൂരതകളെ എതിർക്കുകയും ഹിറ്റ്‌ലറോട് അക്കാലത്ത് മൃദുലമായ നിലപാട് സ്വീകരിച്ച ബ്രിട്ടീഷുകാരെ വിമർശിക്കുകയും ചെയ്തിരുന്നു. ഫലസ്തീൻ യഹൂദരുടെ വാഗ്ദത്ത ഭൂമിയാണെന്ന ആശയത്തെ ഗാന്ധിജി എതിർത്തിരുന്നു. അത് സ്വന്തം ജന്മനാടുകളിൻമേലുള്ള ജൂതരുടെ അവകാശത്തിന് എതിരായിരുന്നുവെന്നായിരുന്നു ഗാന്ധിജിയുടെ നിലപാട്.
1948ൽ നിലവിൽവന്ന ഇസ്‌റാഈലിനെ ഇന്ത്യ 1950ൽ അംഗീകരിച്ചെങ്കിലും 1992വരെ ഇസ്‌റാഈലുമായി നയതന്ത്ര ബന്ധമുണ്ടായിരുന്നില്ല. അറബ് രാജ്യങ്ങളുമായി മികച്ച ബന്ധം പുലർത്തിയ ഇന്ത്യ ഫലസ്തീൻ ജനതയ്ക്ക് പിന്തുണ നൽകുകയാണ് ചെയ്തത്. ശീതയുദ്ധത്തിന്റെ അവസാനത്തിൽ 1992ൽ നരസിംഹറാവു സർക്കാരാണ് ഇസ്‌റാഈലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത്. എങ്കിലും ഫലസ്തീന് പിന്തുണ നൽകിയുള്ള നിലപാടിൽ മാറ്റമുണ്ടായില്ല. ഇസ്‌റാഈലിന് പുറമെ ഫലസ്തീൻ രാഷ്ട്രം കൂടി സ്ഥാപിക്കുകയെന്ന ആശയത്തെയായിരുന്നു പിൽക്കാലത്ത് ഇന്ത്യ പിന്തുടർന്നിരുന്നത്.
ഇരുരാജ്യങ്ങളും സമാധാനത്തോടെ നിലനിൽക്കുകയെന്ന ആശയം ഇന്ത്യ എക്കാലത്തും ഉയർത്തിപ്പിടിച്ചു. ഈ നിലപാടിന് വിരുദ്ധമായി അറബ് രാജ്യങ്ങളുടെ ഭൂമി പിടിച്ചെടുക്കുകയും ഫലസ്തീൻ എന്ന സങ്കൽപ്പത്തെപ്പോലും ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്ന ഇസ്‌റാഈൽ നിലപാടിനെ വിമർശിക്കുകയും ചെയ്തു.
ഫലസ്തീനുള്ള പിന്തുണയിൽ ഇടിവുണ്ടാകുന്നത് നരേന്ദ്രമോദി അധികാരത്തിലെത്തിയതു മുതലാണ്. ഫലസ്തീൻ രാഷ്ട്രമെന്ന ആശയത്തിൽ വെള്ളം ചേർത്ത മോദി സർക്കാർ ഇസ്‌റാഈലുമായി കൂടുതൽ ബന്ധം സ്ഥാപിക്കുകയും അവരുടെ അധിനിവേശത്തിനെതിരേ ഫലസ്തീനികൾ നടത്തുന്ന സ്വാതന്ത്ര്യസമരത്തെ അതിർത്തി കടന്നുള്ള ഭീകരവാദമെന്ന നിലയിൽ വ്യാഖ്യാനിക്കുകയും ചെയ്തു. ഒപ്പം പ്രതിരോധമേഖലയിലും മറ്റും കൂടുതൽ ബന്ധം സ്ഥാപിച്ചു. ഈ വ്യതിചലനമാണ് ഇപ്പോൾ ഇസ്‌റാഈൽ അക്രമത്തെ പിന്തുണയ്ക്കും വിധം യു.എന്നിലെ വിട്ടുനിൽക്കലായി മാറിയിരിക്കുന്നത്.
200 വർഷം ബ്രിട്ടീഷുകാരുടെ കീഴിൽ അടിമത്വത്തിലിരിക്കുകയും മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നിരവധി പേർ സ്വാതന്ത്ര്യത്തിനായി ജീവൻ ത്യജിച്ച് പൊരുതുകയും ചെയ്ത ചരിത്രമുള്ള ഇന്ത്യക്ക് ഫലസ്തീനി ജനത നടത്തുന്ന സ്വാതന്ത്ര്യസമര പോരാട്ടത്തോട് മുഖം തിരിഞ്ഞുനിൽക്കാൻ കഴിയില്ല. ഇസ്‌റാഈൽ എന്ന അധിനിവേശരാഷ്ട്രം അമേരിക്കൻ പിന്തുണയോടെ നടത്തുന്ന ക്രൂരതകളെ പിന്തുണയ്ക്കാനോ അതിനോട് നിശബ്ദത പാലിക്കാനോ കഴിയില്ല.
അഹിംസയുടെയും സത്യത്തിന്റെയും തത്വങ്ങളിലാണ് ഇന്ത്യയെന്ന രാജ്യം സ്ഥാപിതമായത്. നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾ ജീവൻ ത്യജിച്ച് രൂപംനൽകിയ തത്വങ്ങളാണത്.
ഇതിലാണ് നമ്മുടെ ദേശീയതയെ നിർവചിക്കുന്ന ഭരണഘടനയുടെ അടിസ്ഥാനം. മോദി സർക്കാരിന്റെ സയണിസ്റ്റുകളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ പേരിൽ ഫലസ്തീനെ പിന്തുണയ്ക്കുന്ന നിലപാടിനെ മാറ്റാനാവില്ല. മാനവികതയുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും ലംഘിച്ചു നടത്തുന്ന അക്രമത്തിൽ നിശബ്ദമായിരിക്കാനും കഴിയില്ല.
സയണിസ്റ്റ് രാജ്യം നടത്തുന്ന വംശഹത്യയിൽ നമ്മൾ കുറ്റകരമായ മൗനം പാലിക്കുന്നത് ചരിത്രപരമായ പിഴവാണ്. ഹിറ്റ്‌ലറെ പിന്തുണച്ചവരെല്ലാം അതിന്റെ പേരിൽ ലജ്ജിച്ചിട്ടേയുള്ളൂ. വൈകിയെങ്കിലും ഗസ്സയിൽ വെടിനിർത്തൽ യാഥാർഥ്യമാക്കാനുള്ള നയതന്ത്ര നീക്കങ്ങൾ ഇന്ത്യ നടത്തണം. ഗസ്സയിലേക്ക് എത്രയും വേഗം സഹായമെത്തണം. ഫലസ്തീനി ജനത നമ്മുടെ പിന്തുണ അർഹിക്കുന്നുണ്ട്. അത് നൽകാൻ യാതൊരു മടിയുമുണ്ടാകരുത്.
Content Highlights:This abstinence is not the tradition of India
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."