HOME
DETAILS

ഫൈനലായാലും സെമി ഫൈനലായാലും ഗോളടിക്കേണ്ടതെങ്ങനെ?

  
backup
October 29 2023 | 18:10 PM

how-to-score-in-final-or-semi-final

എ.പി.കുഞ്ഞാമു

അഞ്ചു സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളെ 2024ൽ വരാനിരിക്കുന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലായി വിശേഷിപ്പിക്കുന്നു മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരുമെല്ലാം. എന്നാൽ ഇത് 2024ൽ സംഭവിക്കാനിരിക്കുന്ന മഹായുദ്ധത്തിന്റെ ഭാഗംതന്നെ എന്നതാണ് വസ്തുത. ഈ തെരഞ്ഞെടുപ്പിലെ ജനവിധി ഡിസംബർ മൂന്നിനു പുറത്തുവരുമ്പോഴേ നമ്മുടെ ആൻ്റിനകൾക്ക് പിടിച്ചെടുക്കാൻ കഴിയും പാർലമെൻ്റ് തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളുടെ സൂചനകൾ.

അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ആ വഴിക്ക് തന്നെയാവും ഇന്ത്യയുടെ മനസ് നീങ്ങുക. എന്നാൽ ഈ ആശയത്തെ നിരാകരിക്കുന്ന പലരുമുണ്ട്. പ്രധാനമായും അവർ മുന്നോട്ടുവയ്ക്കുന്ന വാദം നിയമസഭകളിലേക്കും ലോക്സഭയിലേക്കുമുള്ള തെരഞ്ഞെടുപ്പുകളിൽ രണ്ടുരീതിയിലാണ് ഇന്ത്യയിലെ സമ്മതിദായകർ വോട്ട് ചെയ്യുന്നത് എന്നാണ്. പാർലമെൻ്റിലേക്ക് വോട്ട് ചെയ്യുമ്പോൾ ജനങ്ങളുടെ മനസിൽ ഇന്ത്യ എന്ന രാജ്യമാണ്. നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പെങ്കിൽ കുറേക്കൂടി പരിമിതമായ വൃത്തങ്ങളിലേക്ക് അത് ചുരുങ്ങുന്നു. രണ്ടു കാഴ്ചവട്ടങ്ങളിലൂടെയാണ് സമ്മതിദായകർ പൊതുപ്രശ്നങ്ങളുടെ നേരെ നോക്കുന്നത്. കേരളത്തിൽ ലോക്സഭയിലേക്ക് 20ൽ 19 യു.ഡി.എഫുകാരെ ജയിപ്പിച്ച് ഏറെ കഴിയുന്നതിന് മുൻപാണല്ലോ സംസ്ഥാനഭരണം മലയാളികൾ എൽ.ഡി.എഫിനെ ഏൽപ്പിച്ചത്.

ഈ പാറ്റേൺ പ്രസ്തുത വാദമുന്നയിക്കുന്നവർ അടുത്ത തെരഞ്ഞെടുപ്പുകളിലും പ്രതീക്ഷിക്കുന്നു. അതായത് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സൂചനയാവണമെന്നില്ല എന്ന്.
രാജസ്ഥാൻ, മധ്യപ്രദേശ്, ഛാത്തിസ്ഗഢ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ബി.ജെ.പി പിന്നോട്ട് പോയാൽ തന്നെയും മോദിയുടെ വ്യക്തിപ്രഭാവം പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ പാർട്ടിയെ തുണക്കുമെന്നാണ് ഈ ആളുകളുടെ വിശ്വാസം. അതിൽ കുറച്ച് ശരിയുമുണ്ട്. കാലങ്ങൾകൊണ്ട് നരേന്ദ്ര മോദി ഇന്ത്യൻ സമൂഹത്തിൽ ഉണ്ടാക്കിവച്ചിട്ടുള്ള ഒരു പ്രതിഛായയുണ്ട്. ആളുകളെ പറഞ്ഞിളക്കുന്ന ഡെമഗോഗിൽനിന്ന് രാജ്യത്തേയും ജനങ്ങളേയും പുരോഗതിയിലേക്ക് നയിക്കാൻ കെൽപ്പുള്ള രക്ഷകൻ എന്ന നിലയിലേക്ക് ഈ പ്രതിഛായയെ മിനുക്കിയെടുക്കാൻ അദ്ദേഹത്തിനു സാധിച്ചു.

അതോടൊപ്പം അധികാരം, പണം തുടങ്ങിയ രാഷ്ട്രീയ ബാഹ്യഘടകങ്ങളെ യാതൊരു തത്വദീക്ഷയുമില്ലാതെ അദ്ദേഹം സ്വന്തം വിജയത്തിനുവേണ്ടി ഉപയോഗപ്പെടുത്തി. അതിലേറെ മോദിജിക്ക് തുണയായി നിൽക്കുന്നത് ഹിന്ദുത്വ ആശയങ്ങളാണ്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ ആലോചിക്കുമ്പോൾ 2024ലും നരേന്ദ്രമോദിക്ക് തന്നെയാണ് തെരഞ്ഞെടുപ്പ് ഗോദയിൽ മേൽക്കൈ. മറുവശത്ത് ഇൻഡ്യാ മുന്നണിയിൽ ഇങ്ങനെയൊരു നേതാവില്ല. ഇന്ത്യയെപ്പോലെയുള്ള ഒരു ബഹുസ്വര സമൂഹത്തിൽ അപാരമായ സ്വാധീനശേഷിയുള്ള ഒരു നേതാവ് നായക പരിവേഷത്തോടെ എല്ലാറ്റിനും മീതെ ഉയർന്നുനിൽക്കുക എന്നത് രാഷ്ട്രീയത്തിൽ പ്രസക്ത ഘടകമാണ്. ഗാന്ധി,

നെഹ്റു, ഇന്ദിരാ ഗാന്ധി തുടങ്ങിയവർക്കൊപ്പമാണ് ഇക്കാര്യത്തിൽ നരേന്ദ്ര മോദിയുടെ നിൽപ്. ഈ അവസ്ഥക്ക് ബദലായി നിൽക്കാൻ ശേഷിയുള്ള ഒരു നേതാവ് ഇൻഡ്യാ മുന്നണിയിലുണ്ടോ? ആരായിരിക്കും മുന്നണിയുടെ ലീഡർ? കുറച്ചുകൂടി തെളിച്ചുപറഞ്ഞാൽ ആരാണ് പ്രധാനമന്ത്രി സ്ഥാനാർഥി? ഈ ചോദ്യത്തിന് ഉത്തരം പറയാൻ ഇൻഡ്യാ മുന്നണി താമസിക്കുമ്പോഴെല്ലാം മോദിയും ബി.ജെ.പിയും മുന്നോട്ടുപോവുക തന്നെയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് തൂത്തുവാരിയാൽപ്പോലും ലോക്സഭാ തെരഞ്ഞെടുപ്പ് ഇൻഡ്യാ മുന്നണിക്ക് എളുപ്പമായിരിക്കുകയില്ല എന്ന് പറയുന്നതിന്റെ യുക്തി മറ്റൊന്നല്ല.


ഇൻഡ്യാ മുന്നണിക്ക് നേതാക്കന്മാർ നിരവധിയുണ്ട്. അവരിൽ പലരും താന്താങ്ങളുടെ മണ്ഡലങ്ങളിൽ പ്രബലരുമാണ്. ഒന്നുകിൽ തങ്ങളുടെ പ്രദേശങ്ങളിൽ, അല്ലെങ്കിൽ ജാതിയും സമുദായവും ഒരുക്കിവച്ച സാമൂഹ്യ സാഹചര്യങ്ങളിൽ - ഈ നേതാക്കളെല്ലാവരും പരസ്പരം ഭയപ്പെടുന്നവരാണ്. അതിലേറെ അവർ കോൺഗ്രസിനെ പൊതുവിലും രാഹുൽ ഗാന്ധിയെ സവിശേഷമായും പേടിക്കുന്നു. അതേസമയം, ബി.ജെ.പിക്കെതിരിൽ രാജ്യത്തുടനീളം പിടിച്ചുനിൽക്കാൻ കോൺഗ്രസിന് മാത്രമേ സാധിക്കുകയുള്ളു എന്ന തിരിച്ചറിവും അവർക്കുണ്ട്. ഇപ്പോൾ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ കോൺഗ്രസ് ദുർബലമല്ല. കുറേക്കൂടി വ്യക്തമാക്കിപ്പറഞ്ഞാൽ മറ്റു കക്ഷികൾ അവിടെ കാര്യമായ സാന്നിധ്യമല്ല.

തെരഞ്ഞെടുപ്പ് ബി.ജെ.പിയും കോൺഗ്രസും തമ്മിലാണ്. കോൺഗ്രസ് ഈ സെമി ഫൈനലിൽ ബി.ജെ.പിയെ തോൽപിച്ചാൽ ഫൈനലിലും കളിക്കളത്തിന്ന് പുറത്തായിരിക്കും തങ്ങളുടെ സ്ഥാനം എന്ന ഭീതി ഇൻഡ്യാ മുന്നണിയിലെ പല കക്ഷികൾക്കുമുണ്ട്. അതായത് ഈ പാർട്ടികൾക്കെല്ലാം ഈ തെരഞ്ഞെടുപ്പ് കോൺഗ്രസിനേയും ബി.ജെ.പിയേയും കുറിച്ച് ഒരേസമയം പേടി ഉയർത്തുന്ന ഒന്നാണ്.


ഒരേ സമീപനംതന്നെ
ഇൻഡ്യാ മുന്നണിയിലെ ഘടകകക്ഷികൾക്ക് ബി.ജെ.പിയോടും പാർട്ടി ഉയർത്തിപ്പിടിക്കുന്ന തീവ്ര ഹിന്ദുത്വ ഐഡിയോളജിയോടുമുള്ള സമീപനം എങ്ങനെയാണെന്നുമുള്ള കാര്യവും കണക്കിലെടുക്കേണ്ടതുണ്ട്. മിക്ക കക്ഷികൾക്കും ഇപ്പോഴുള്ള ബി.ജെ.പി വിരോധവും മതേതര ചിന്തയും തൽക്കാലത്തേക്കുള്ള അടവുനയം മാത്രമാണ്. ഏതുനിമിഷവും പല പാർട്ടികളും ബി.ജെ.പി പാളയത്തിലെത്തിയേക്കാം. ഒരുപക്ഷേ ലാലു പ്രസാദ് യാദവിന്റെ ആർ.ജെ.ഡി ഒഴിച്ചുള്ള ഇൻഡ്യാ മുന്നണിയിലെ കക്ഷികളെല്ലാം ബി.ജെ.പിയുടെ കൂടെ അധികാരത്തിന്റെ ശീതളഛായ തേടിപ്പോയവരാണ്. ഡി.എം.കെയും തൃണമൂലും പോലും. ഈ കക്ഷികൾക്കൊന്നും ഹിന്ദുത്വ ഫാസിസത്തോടു പ്രത്യയശാസ്ത്രപരമായ എതിർപ്പുണ്ടെന്ന് കരുതാനാവില്ല. ആ നിലയ്ക്ക് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുക എന്ന ബി.ജെ.പി അജൻഡയെ പ്രത്യയശാസ്ത്രപരമായി റദ്ദാക്കണമെങ്കിൽ ആ ശ്രമത്തിന്റെ തലപ്പത്ത് കോൺഗ്രസ് തീർച്ചയായും വേണം.

കോൺഗ്രസിനേയും ബി.ജെ.പിയേയും ഒരേ അകലത്തിൽ നിർത്തുക എന്ന ആശയംതന്നെ അതിനാൽ ഒരു അസംബന്ധ യുക്തിയാണ്. ബി.ജെ.പി മുന്നോട്ടുവയ്ക്കുന്ന ഹിന്ദുരാഷ്ട്ര നിർമിതി തടയുക എന്നതാണ് ലക്ഷ്യമെങ്കിൽ 2024ലെ തെരഞ്ഞെടുപ്പിന്റെ ചിത്രം മാറ്റിവരക്കേണ്ടതുണ്ട്. കോൺഗ്രസിന്റെ നേതൃത്വത്തിൽ അണിനിരന്നു പൊരുതുന്ന ഒരു മതേതര കൂട്ടായ്മയുടെ മുഖം പ്രതിപക്ഷത്തിന് ഉണ്ടായിരിക്കണം. നവംബറിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ സ്വഭാവം കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള പോര് എന്ന തരത്തിലുള്ളതാണ്. പാർലമെൻ്റ് തെരഞ്ഞെടുപ്പ് വരെ നീളുന്ന അതിന്റെ തുടർച്ചയിലും ഈ സ്വഭാവം നിലനിർത്താൻ ഇൻഡ്യാ മുന്നണിക്കു കഴിയണം. കോൺഗ്രസിനെ വിളിക്കൂ ഇന്ത്യയെ രക്ഷിക്കൂ എന്ന് പറയാൻ മടിക്കേണ്ടതില്ലെന്ന് സാരം. ഈ അനിവാര്യത ഇന്ത്യയിലെ പ്രതിപക്ഷം എത്രത്തോളം മനസിലാക്കുന്നുണ്ട്?


അടുത്ത കൊല്ലം അയോധ്യയിൽ രാമക്ഷേത്രം ഉയരും. അതിനൊത്ത് ഒരു ഹിന്ദുത്വ തരംഗം രൂപപ്പെടാൻ സാധ്യതയുണ്ട്. പഴയ കാലത്തേതിൽനിന്ന് വ്യത്യസ്തമായി ഈ ഹിന്ദുത്വ രാഷ്ട്രീയം ഊർജം സംഭരിക്കുക പിന്നോക്ക വിഭാഗക്കാരിൽ നിന്നായിരിക്കും. മോദിയുടെ ജാതി അതിൽ ഒരു ഘടകമാണ്. പിന്നോക്ക ജാതിക്കാർ മോദിയുടെ കീഴിൽ ഹിന്ദുത്വ രാഷ്ട്രീയത്തിനൊപ്പം നിൽക്കുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. മോദിയുടെ ഹിന്ദുത്വം പിന്നോക്ക ജാതിക്കാരുടേയും രക്ഷാമാർഗമാവുന്നതാണ് കാണുക. ബി.ജെ.പി സൃഷ്ടിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയ മണ്ഡലത്തിലേക്ക്‌ പിന്നോക്കക്കാർ കടന്നുചെല്ലുന്നുവെങ്കിൽ അതിനെ വോട്ടുരാഷ്ട്രീയം കൊണ്ടല്ല നേരിടേണ്ടത്. ശരിയായ ലിബറൽ വഴികൾ കൊണ്ടാണ്. ഇങ്ങനെയൊരു പ്രത്യയശാസ്ത്ര പരിസരത്തിലാണോ മുന്നണി? അല്ല എന്നാണുത്തരമെങ്കിൽ ഫൈനലിൽ ജയിക്കുക പ്രയാസമായിരിക്കും.

അപ്രസക്തമാവുന്ന
ഇടതുരാഷ്ട്രീയം

ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ ഇടതുപക്ഷത്തിന് വഹിക്കാനുള്ള ചുമതല വളരെയധികമാണ്. ഈ ചുമതല അവർ നിറവേറ്റിയിട്ടുമുണ്ട് പലപ്പോഴും. ഇന്ത്യയിലെ ഫാസിസ്റ്റ്‌ വിരുദ്ധ രാഷ്ട്രീയത്തിന് ദിശാബോധം നൽകിയത് ഇടതുപക്ഷമാണ്. ഇന്ത്യൻ പ്രധാനമന്ത്രിയാവാനുള്ള അവസരം പോലും ഇടതുപക്ഷത്തിന് ലഭിച്ചു. പക്ഷേ ഹിമാലയൻ ബ്ലണ്ടറായിരുന്നു സി.പി.എമ്മിന്റേത്. അതിന്റെ ആവർത്തനമാണ് ഇൻഡ്യാ മുന്നണിയുടെ ഏകോപനസമിതിയിൽ നിന്ന് വിട്ടുനിൽക്കാനുള്ള സി.പി.എം തീരുമാനത്തിലും കാണുന്നത്. ഇത്തരം നയവൈകല്യങ്ങളിലൂടെ പഴയ ശക്തികേന്ദ്രങ്ങളിൽ പോലും പാർട്ടി അപ്രസക്തമായി. തെലങ്കാന ഒരു കാലത്ത് പാർട്ടിയുടെ ശക്തികേന്ദ്രമായിരുന്നു. ഇന്നോ, സി.പി.എമ്മായാലും സി.പി.ഐ ആയാലും കോൺഗ്രസിനെ ആശ്രയിച്ചു മാത്രമേ ഇടതുപക്ഷത്തിന്ന് നിലനിൽക്കാനാവുകയുള്ളു.

എന്നാൽ ഫലത്തിൽ അത് ഇടതുപക്ഷത്തെ വലിയ ആശയക്കുഴപ്പത്തിലകപ്പെടുത്തിയിരിക്കുകയാണ്. കേരളമല്ല ഇന്ത്യ എന്ന് പാർട്ടിക്കറിയാം. പക്ഷേ പ്രാദേശിക കക്ഷിയായി മാറിക്കഴിഞ്ഞ സി.പി.എമ്മിന് തങ്ങളുടെ ആശയ പാപ്പരത്തത്തിൽ നിന്ന് അത്ര എളുപ്പത്തിലൊന്നും മോചനമില്ല.
നവംബറിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കോൺഗ്രസും ബി.ജെ.പിയും ഗൗരവത്തിലെടുക്കുന്ന ഒരു പ്രക്രിയയാണ്. എടുക്കേണ്ടതുമാണ്. തങ്ങൾക്ക് സ്ഥാനമുറപ്പിച്ചു കിട്ടാൻ വേണ്ടി രണ്ടു പാർട്ടിക്കാരും കിണഞ്ഞു പൊരുതും. ഈ പോരാട്ടത്തിൽ ഇൻഡ്യാ മുന്നണിയിലെ ഘടകകക്ഷികൾക്ക്‌ വലിയ പങ്കില്ല. പക്ഷേ അതിന്റെ തുടർച്ചയായി സംഭവിക്കാൻ പോകുന്ന മഹായുദ്ധത്തിൽ തങ്ങളുടെ എല്ലാ ആയുധങ്ങളും ഇൻഡ്യാ മുന്നണി പ്രയോഗിച്ചേ മതിയാവൂ. ഇല്ലെങ്കിൽ മതേതരത്വത്തിന് കളിക്കളത്തിൽ നിന്ന് വളരെ വേഗം പുറത്തേക്ക് പോകേണ്ടിവരും.

Content Highlights:How to score in final or semi-final?



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago