പുത്തന്‍ പ്രതീക്ഷകള്‍, പുതിയ ആകാശങ്ങള്‍
വി.എന്‍ വാസവന്‍
സംസ്ഥാനത്ത് ആദ്യമായി യുവജനങ്ങള്‍ക്കായി 25 സഹകരണ സംഘങ്ങള്‍ കൂടി ഇന്ന് പ്രവര്‍ത്തനസജ്ജമാകുന്നതോടെ യുവജനതയുടെ മറ്റൊരു മാതൃകാപരമായ ഇടപെടലിനു കൂടി പൊതുസമൂഹം സാക്ഷ്യംവഹിക്കും. വായ്പാസംഘങ്ങള്‍ എന്ന നിലയിലല്ലാതെ സംരംഭക രംഗത്താണ് ഈ സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുക. സംസ്ഥാന സര്‍ക്കാര്‍ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി യുവജന സഹകരണ സംഘങ്ങള്‍ എന്ന പദ്ധതി മുന്നോട്ടുവച്ചപ്പോള്‍ വ്യാപകമായ പ്രതികരണങ്ങളാണ് യുവജനങ്ങളുടെ ഭാഗത്തു നിന്നുമുണ്ടായത്. പുതിയ സംരംഭക ആശയങ്ങളുമായി അവര്‍ മുന്നോട്ടുവന്നു. ഓരോ ആശയങ്ങളിലും വിശദമായ ചര്‍ച്ചകളുണ്ടായി. പല പദ്ധതികളും വിപുലീകരിക്കപ്പെട്ടു. കൃത്യമായ പരിശോധനകള്‍ക്കും വിശകലനങ്ങള്‍ക്കും ശേഷമാണ് 25 നിര്‍ദേശങ്ങള്‍ തിരഞ്ഞെടുത്തത്.
ഓരോ സഹകരണ സംഘത്തിനും വ്യത്യസ്തമായ ആശയങ്ങളാണ്. യുവജനങ്ങള്‍ക്ക് വ്യത്യസ്തവും നൂതനവുമായ ആശയങ്ങള്‍ മാത്രമല്ല ഉള്ളത്, കഠിനാധ്വാനത്തിലൂടെ ലക്ഷ്യത്തിലെത്തിക്കാനുള്ള കരുത്തും കരുതലുമുണ്ട് അവര്‍ക്ക്. കഴിഞ്ഞ പ്രളയകാലത്തും കൊവിഡ് മഹാമാരിക്കാലത്തും അതു വ്യക്തമായതാണ്. ആരുടെയും ആഹ്വാനത്തിനോ അഭ്യര്‍ഥനയ്‌ക്കോ കാത്തുനില്‍ക്കാതെയാണ് ദുരിതബാധിതരെ സഹായിക്കാന്‍ അവര്‍ രംഗത്തിറങ്ങിയത്. അവശ്യസാധനങ്ങള്‍ ശേഖരിക്കുന്ന കേന്ദ്രങ്ങളില്‍ അവര്‍ ഓടിയെത്തി. രാവും പകലും ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചു. പ്രളയബാധിത പ്രദേശങ്ങളിലെ വീടുകളും സ്ഥാപനങ്ങളും വൃത്തിയാക്കാന്‍ അവര്‍ കേരളത്തിലുടനീളം യാത്ര ചെയ്തു. സ്വന്തം വീടുകളും സ്ഥാപനങ്ങളുമെന്നതു പോലെയാണ് അവര്‍ പ്രവര്‍ത്തിച്ചത്. കൊവിഡ് മഹാമാരിക്കാലത്ത് കമ്മ്യൂണിറ്റി കിച്ചനുകളില്‍ കണ്ടതും യുവതയുടെ ആത്മാര്‍ഥതയാണ്. അവശ്യസാധനങ്ങള്‍ വേണ്ടവര്‍, മരുന്നുകള്‍ വേണ്ടവര്‍, ആശുപത്രികളില്‍ എത്തിക്കേണ്ടവര്‍... അങ്ങനെ എല്ലായിടങ്ങളിലും അവര്‍ സജീവമായി പ്രവര്‍ത്തിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ യൂത്ത് ബ്രിഗേഡില്‍ ചേരാനെത്തിയവര്‍ നിരവധിയാണ്. ഇതു പുതിയ തലമുറയുടെ കരുതലിന്റെ സാക്ഷ്യമാണ്.
പ്രവര്‍ത്തിക്കാനുള്ള കരുത്തും കരുതലും ഒത്തുചേരുമ്പോള്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. അതിനുള്ള വേദിയാണ് സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കുന്നത്. ഈ സഹകരണ സംഘങ്ങള്‍ പ്രാദേശിക സ്റ്റാര്‍ട്ടപ്പുകളായി മാറാന്‍ അധിക കാലമൊന്നും വേണ്ടിവരില്ല. സഹകരണ സംഘങ്ങള്‍ ചരിത്രം സൃഷ്ടിച്ച നാടാണ് കേരളം. ദേശസാല്‍കൃത ബാങ്കുകളും ഷെഡ്യൂള്‍ഡ് ബാങ്കുകളും കേന്ദ്ര സര്‍ക്കാരിന്റെ കച്ചവടവല്‍ക്കരണത്തിന്റെ ഭാഗമായി ഗ്രാമങ്ങളില്‍നിന്ന് അകന്നപ്പോഴും ചെറുകിട വ്യവസായങ്ങള്‍ക്കും കുടില്‍വ്യവസായങ്ങള്‍ക്കും കാര്‍ഷിക മേഖലയ്ക്കും വായ്പകള്‍ നല്‍കാതെ കോര്‍പറേറ്റുകള്‍ക്കു പിന്നാലെ പോയപ്പോഴും സാധാരണക്കാര്‍ക്ക് താങ്ങായി നില്‍ക്കാന്‍ സഹകരണ സംഘങ്ങള്‍ക്ക് കഴിഞ്ഞു. പ്രാദേശിക തലത്തില്‍ സമാന്തര സാമ്പത്തിക സങ്കേതങ്ങളായി മാറിയ സഹകരണ സംഘങ്ങളാണ് കാര്‍ഷിക മേഖലയെ കൈപിടിച്ചുയര്‍ത്തിയത്.
പച്ചക്കറികൃഷി വ്യാപകമാക്കുന്നതിനും ജൈവപച്ചക്കറി ഉല്‍പാദനത്തിനും സഹകരണ മേഖല നല്‍കിയ പ്രോത്സാഹനം എടുത്തുപറയേണ്ടതാണ്. ഏറ്റവുമൊടുവിലായി ആരംഭിച്ച നെല്ലുല്‍പാദന വിതരണ സഹകരണ സംഘം നെല്‍കര്‍ഷകരുടെ കാലങ്ങളായുള്ള പ്രതിബന്ധങ്ങള്‍ മറികടക്കാന്‍ ഉതകുന്നതാണ്. കര്‍ഷകര്‍ക്ക് ന്യായവില ലഭിക്കുന്നുവെന്നു മാത്രമല്ല, കൃഷിക്കാവശ്യമായ എല്ലാ സഹായങ്ങളും സംഘം വഴി ലഭിക്കും. സംഭരിക്കുന്ന നെല്ല് അരിയാക്കി വിപണനം ചെയ്യുമ്പോള്‍ പൊതുജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ അരി ലഭ്യമാകുകയും ചെയ്യും. ഇങ്ങനെ ഒരു വിഭാഗത്തിനു മാത്രമായല്ല, പൊതുസമൂഹത്തിനു തന്നെ ഗുണപരമായ പ്രവര്‍ത്തനങ്ങളാണ് സഹകരണ സംഘങ്ങള്‍ വഴി നടക്കുന്നത്.
യുവജന സഹകരണ സംഘങ്ങളും ഇത്തരത്തില്‍ തന്നെയാണ് പ്രവര്‍ത്തിക്കാന്‍ പോകുന്നത്. ഒരുകൂട്ടം പേര്‍ക്ക് സംരംഭം നടത്താന്‍ മാത്രമല്ല സംഘങ്ങള്‍. അതുവഴി പൊതുസമൂഹത്തിനും ഗുണകരമാകുന്ന പ്രവൃത്തികളാണ് ഏറ്റെടുക്കുന്നത്. തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവ് എം.എല്‍.എ വി.കെ പ്രശാന്ത് പ്രമോട്ടറായി രജിസ്റ്റര്‍ ചെയ്ത സംഘം മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ എല്ലാ സേവനങ്ങളും വീട്ടുപടിക്കല്‍ എത്തിക്കുന്ന പ്രവര്‍ത്തനമാണു നടത്തുന്നത്. ഒരു വീട്ടില്‍ എന്താവശ്യമുണ്ടോ അതു സംഘത്തിന്റെ മൊബൈല്‍ ആപ്പില്‍ അറിയിക്കുക. അവര്‍ അവിടെയെത്തി ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ആവശ്യം സാധിച്ചുതരും. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ചില സ്വകാര്യ കമ്പനികള്‍ ചുമത്തുന്ന വലിയ ഫീസൊന്നും സംഘം ഈടാക്കില്ല.
നെയ്യാറ്റിന്‍കരയിലെ യുവാക്കള്‍ ഇവന്റ് മാനേജ്‌മെന്റാണ് ഉദ്ദേശിക്കുന്നത്. വന്‍കിട കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന ഈ മേഖലയില്‍ എത്ര വലിയ ചടങ്ങും പരിപാടിയും യുവാക്കള്‍ നേരിട്ടെത്തി ഭംഗിയാക്കും. കൊല്ലത്ത് പുനലൂരില്‍ രജിസ്റ്റര്‍ ചെയ്ത സംഘം പരിസ്ഥിതിക്ക് ദോഷകരമായ അജൈവമാലിന്യങ്ങള്‍ ശേഖരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ മാലിന്യങ്ങളില്‍നിന്ന് പുനരുപയോഗിക്കാന്‍ കഴിയുന്ന വസ്തുക്കള്‍ നിര്‍മിക്കുകയാണ് ഉദ്ദേശം. അഞ്ചലില്‍ അഗ്രിഗ്രേറ്റഡ് പ്ലാറ്റ്‌ഫോം വഴി വിവിധ മേഖലകളിലെ തൊഴിലാളികളെ കണ്ടെത്തി ആവശ്യക്കാര്‍ക്ക് അവരുടെ സേവനം ലഭ്യമാക്കുന്നു.
ആലപ്പുഴയില്‍ മാവേലിക്കരയിലുള്ള യുവാക്കള്‍ പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് തുടങ്ങുന്നതിനാണ് സംഘം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പുതിയ രചയിതാക്കളെ വളര്‍ത്തിയെടുക്കുക വഴി വായനയ്ക്കു പുതിയ തലങ്ങള്‍ കണ്ടെത്തുകയാണു ലക്ഷ്യം. കാറ്ററിങ് സര്‍വിസ് തുടങ്ങി വന്‍കിടക്കാരുമായി മത്സരിച്ച് സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ആവശ്യമായ ഭക്ഷണം നല്‍കാനാണ് ചേര്‍ത്തലയിലെ യുവാക്കള്‍ തീരുമാനിച്ചിരിക്കുന്നത്. കോട്ടയത്ത് വെളിയന്നൂരില്‍ മാലിന്യം ശേഖരിക്കാനും സംസ്‌കരിക്കാനുമാണ് യുവാക്കള്‍ രംഗത്തുവന്നത്. ജൈവ, അജൈവ മാലിന്യങ്ങളില്‍ നിന്നും പുനരുപയോഗിക്കാന്‍ കഴിയുന്ന വസ്തുക്കളുണ്ടാക്കുക മാത്രമല്ല, അത്യാധുനിക രീതിയില്‍ പൂന്തോട്ടം നിര്‍മിച്ചുനല്‍കാനും പദ്ധതിയുണ്ട്. പാലക്കാട് നെന്മാറക്കാര്‍ പച്ചക്കറി ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യും. കോഴിക്കോട് നടുവണ്ണൂരിലെ ചെറുപ്പക്കാരാകട്ടെ, തൊഴിലാളികള്‍ക്ക് ആവശ്യമായ തൊഴിലുപകരണങ്ങളാണ് വിതരണം ചെയ്യുന്നത്. ഇങ്ങനെ പല മേഖലകളിലെയും യുവാക്കള്‍ വ്യത്യസ്ത സംരംഭവുമായാണു മുന്നോട്ടുവന്നത്.
യുവജനതയുടെ ചിന്തകള്‍ക്ക് അതിരുകളില്ല. വൈവിധ്യങ്ങളുടെ നീണ്ടനിര തന്നെയാണ് അവരുടെ സങ്കല്‍പ്പത്തിലുള്ളത്. അതു യാഥാര്‍ഥ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സഹകരണ വകുപ്പ് യുവാക്കളുടെ ചിന്തകള്‍ക്ക് നിറം പകരുകയാണ്. ഇപ്പോള്‍ ആരംഭിക്കുന്ന 25 സഹകരണ സംഘങ്ങള്‍ ഒരു തുടക്കം മാത്രമാണ്. കൂടുതല്‍ ആശയങ്ങളുമായി യുവജനങ്ങള്‍ ഇനിയും മുന്നോട്ടുവരും. കേരളത്തിന്റെ മുഖച്ഛായ മാറ്റാന്‍ ഉതകുന്ന തരത്തിലുള്ള ഇടപെടല്‍ നമ്മുടെ യുവജനങ്ങള്‍ക്കിടയില്‍നിന്ന് ഉണ്ടാകും. യുവശക്തി സ്വന്തം നാടിനു വേണ്ടി, സ്വന്തം പ്രദേശത്തിനു വേണ്ടി ഉപയോഗിക്കുമ്പോള്‍ വികസനസ്വപ്നങ്ങള്‍ കൂടിയാണ് യാഥാര്‍ഥ്യമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."