പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന 12 കാരിയും മരിച്ചു; കളമശ്ശേരി സ്‌ഫോടന പരമ്പരയില്‍ മരണം മൂന്നായി
പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന 12 കാരിയും മരിച്ചു; കളമശ്ശേരി സ്‌ഫോടന പരമ്പരയില്‍ മരണം മൂന്നായി
കൊച്ചി: കളമശ്ശേരിയില്‍ രണ്ടായിരത്തോളം പേര്‍ പങ്കെടുത്ത യഹോവ സാക്ഷികളുടെ വാര്‍ഷിക കണ്‍വെന്‍ഷനിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 12കാരിയായ പെണ്‍കുട്ടിയും മരണത്തിന് കീഴടങ്ങി. മലയാറ്റൂര്‍ കടുവന്‍കുഴി വീട്ടില്‍ ലിബിന (12)യാണ് മരിച്ചത്. ഇതോടെ സ്‌ഫോടന പരമ്പരയില്‍ മരണം മൂന്നായി. പെരമ്പാവൂര്‍ ഇരിങ്ങോള്‍ വട്ടോളിപ്പടി പുളിയന്‍വീട്ടില്‍ ലിയോണ പൗലോസ് (55), ഇടുക്കി കാളിയാര്‍ മുപ്പത്താറ് കവലയില്‍ വാടകക്ക് താമസിക്കുന്ന കുളത്തിങ്കല്‍ കുമാരി (53) എന്നിവരാണ് മരിച്ച മറ്റു രണ്ടു പേര്‍. സംഭവത്തില്‍ 61 പേര്‍ക്ക് പരിക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണ്. തമ്മനത്ത് താമസിക്കുന്ന ഡൊമിനിക് മാര്‍ട്ടിനാണ് പ്രതി. ഇയാള്‍ സ്വയം കുറ്റമേറ്റ് തൃശൂര്‍ കൊടകര പൊലിസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു.
ഞായറാഴ്ച രാവിലെ 9.30ഓടെയാണ് ഉഗ്രസ്‌ഫോടനത്തോടെ നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. 95 ശതമാനം പൊള്ളലേറ്റ് എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ലിബിനയുടെ മരണം തിങ്കള്‍ പുലര്‍ച്ചെ 12.40നായിരുന്നു. ഞായര്‍ രാത്രി ഏഴരയോടെയാണ് ഇതേ ആശുപത്രിയില്‍ കുമാരി മരിച്ചത്. ലിയോണ സംഭവസ്ഥലത്തും മരിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്നും സമീപ ജില്ലകളില്‍നിന്നുമുള്ള യഹോവ സാക്ഷികളുടെ വാര്‍ഷിക കണ്‍വെന്‍ഷനാണ് കളമശ്ശേരി മെഡിക്കല്‍ കോളജിനടുത്ത സംറ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നത്. വെള്ളിയാഴ്ച തുടങ്ങിയ സമ്മേളനത്തിന്റെ സമാപന ദിനമായിരുന്ന ഞായറാഴ്ച രാവിലെ പ്രാര്‍ഥന തുടങ്ങി അല്‍പസമയത്തിനുള്ളിലാണ് പൊട്ടിത്തെറിയുണ്ടായത്. ,
ബോംബ് സ്‌ഫോടനംതന്നെയാണ് ഉണ്ടായതെന്ന് തിരുവനന്തപുരത്ത് സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഉച്ചയോടെ സ്ഥിരീകരിച്ചു. ഐ.ഇ.ഡി എന്നറിയപ്പെടുന്ന ഇംപ്രവൈസ്ഡ് എക്‌സ്‌പ്ലോസിവ് ഡിവൈസ് ആണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായത്. സ്‌ഫോടന സമയത്ത് നീല കാര്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ വളപ്പില്‍നിന്ന് പുറത്തുപോവുന്നതായി സി.സി ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായതിനെത്തുടര്‍ന്ന് ഇതിനെ കേന്ദ്രീകരിച്ചായി പ്രധാന അന്വേഷണം. എന്‍.ഐ.എയുടെ ഉന്നത ഉദ്യോഗസ്ഥരും പരിശോധനക്കെത്തി.
നീല കാറിനെ കേന്ദ്രീകരിച്ചടക്കം അന്വേഷണം നടക്കുന്നതിനിടെയാണ് കൊടകര പൊലിസ് സ്റ്റേഷനില്‍ ഡൊമിനിക് മാര്‍ട്ടിന്‍ എന്നയാള്‍ കൃത്യം ചെയ്തത് താനാണെന്ന് അവകാശപ്പെട്ട് കീഴടങ്ങിയതായി വിവരം വരുന്നത്. വിശദ ചോദ്യംചെയ്യലിന് ശേഷമാണ് മാര്‍ട്ടിനാണ് സ്‌ഫോടനം ആസൂത്രണം ചെയ്തതെന്ന് വൈകുന്നേരത്തോടെ പൊലിസ് സ്ഥിരീകരിച്ചത്. സ്‌ഫോടനം നടത്തിയതിന്റെ തെളിവുകളും മറ്റും ഇയാളുടെ ഫോണില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. കൃത്യം നടത്തുന്നതിനു പിന്നിലുള്ള കാരണമെന്തെന്ന് ഫേസ്ബുക്ക് ലൈവിലൂടെ ഇയാള്‍ വെളിപ്പെടുത്തി. ഇതേ കാര്യങ്ങള്‍തന്നെയാണ് പൊലിസിനോടും വ്യക്തമാക്കിയത്.
നല്‍കിയ വിവരങ്ങളും താമസസ്ഥലത്ത് നടത്തിയ അന്വേഷണത്തെതുടര്‍ന്ന് ലഭിച്ച വിവരങ്ങളും മൊബൈലില്‍ നിന്നടക്കം കിട്ടിയ തെളിവുകളും ബോധ്യമായതോടെ പ്രതി ഇയാള്‍തന്നെയെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് ചോദ്യംചെയ്യലിനും തുടര്‍ നടപടികള്‍ക്കുമായി ആലുവ പൊലിസ് ക്ലബിലേക്ക് കൊണ്ടുപോയി. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തുടനീളം ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."