ജീവനാംശം വേണം, ശമ്പളം കുറവെന്ന് ഭര്‍ത്താവ്,7 ലക്ഷമുണ്ടെന്ന് ഭാര്യ; അന്വേഷിക്കാന്‍ അഭിഭാഷകന്‍ ഖത്തറിലേക്ക്
ആലപ്പുഴ: ഗാര്‍ഹിക പീഡന കേസില്‍ ഭര്‍ത്താവ് ഹാജരാക്കിയ ശമ്പള സര്‍ട്ടിഫിക്കറ്റിന്റെ സത്യാവസ്ഥ പരിശോധിക്കാന്‍ കോടതി നിര്‍ദേശപ്രകാരം അഭിഭാഷക കമ്മീഷനെ വിദേശത്തേക്ക് അയച്ചു. ഹരിപ്പാട് ബാറിലെ അഭിഭാഷകനായ ജയന്‍ കെ വാഴൂരേത്തിനെയാണ് അപൂര്‍വ നടപടിയിലൂടെ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് എം ജി രാകേഷ് ഖത്തറിലേക്ക് അയച്ചത്.
ഖത്തറില്‍ ഡോക്ടറായ ഭര്‍ത്താവില്‍നിന്ന് മക്കളുടെ സംരക്ഷണ ചെലവും ജീവനാംശവും ആവശ്യപ്പെട്ട് കായംകുളം സ്വദേശിനി നല്‍കിയ ഹരജിയിലാണ് സംഭവം. എതിര്‍കക്ഷിയുടെ വരുമാനം അനുസരിച്ചാണ് കോടതി ചെലവിന് തുക നിശ്ചയിക്കുന്നത്. ഇതിനെത്തുടര്‍ന്ന് തനിക്ക് 11,549 ഖത്തര്‍ റിയാല്‍ മാത്രമേ ശമ്പളമുള്ളൂ എന്നു കാണിച്ച് ഡോക്ടര്‍ രേഖകള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതു കണക്കിലെടുത്ത് കോടതി കായംകുളം സ്വദേശിനിയുടെ ഹരജി തള്ളി. ഇതിനെ ചോദ്യം ചെയ്ത് കായംകുളം സ്വദേശിനി അപ്പീല്‍ നല്‍കി.
എം ഡി ബിരുദമുള്ള ഡോക്ടര്‍ 15 വര്‍ഷത്തിലേറെയായി ഖത്തറില്‍ ജോലി ചെയ്യുന്നെന്നും ഏകദേശം 7 ലക്ഷം രൂപ ശമ്പളമുണ്ടെന്നുമാണ് വാദം. ഖത്തറില്‍ അഭിഭാഷക കമ്മീഷനെ അയച്ച് വിവരങ്ങള്‍ ശേഖരിക്കണമെന്നായിരുന്നു ഹരജിക്കാരിയുടെ ആവശ്യം. അതിന്റെ ചെലവ് താന്‍ വഹിക്കുമെന്നും അവര്‍ കോടതിയെ ബോധിപ്പിച്ചു. ഇതിന് ഹൈക്കോടതി അംഗീകാരം നല്‍കിയതോടെയാണ് മജിസ്‌ട്രേട്ട് കോടതി അഭിഭാഷക കമ്മീഷനെ ഖത്തറിലേക്ക് അയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."