നിപാ വീണ്ടും വന്നു; സര്‍ക്കാര്‍ പ്രഖ്യാപിച്ച പരിശോധനാ സംവിധാനം വന്നില്ല
സ്വന്തം ലേഖകന്‍
കൊച്ചി: മൂന്നുവര്‍ഷം മുന്‍പ് നിപാ വൈറസ് ഭീതിവിതച്ചപ്പോള്‍ മഹാമാരിയെ തുരത്താന്‍ ഒന്നാം പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച നിപാ പരിശോധന സംവിധാനങ്ങള്‍ ഇപ്പോഴും പെരുവഴിയില്‍. കോഴിക്കോട് മൈക്രോബയോളജി ലാബിലും തിരുവനന്തപുരം തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കിലും പ്രഖ്യാപിച്ച പരിശോധന സംവിധാനം മൂന്നുവര്‍ഷങ്ങള്‍ക്കിപ്പുറവും നടപ്പിലായില്ല. നിപാ വൈറസിനെ തിരിച്ചറിയാന്‍ വേണ്ട അത്യാധുനിക ബി.സി.എല്‍ - 3 ലാബ് സംവിധാനമാണ് ഇപ്പോഴും പാതിവഴിയിലായത്. അപകടകാരിയായ നിപായെ പരിശോധിച്ച് തിരിച്ചറിയാന്‍ വേണ്ട ലാബ് ഉടനെ സജ്ജമാക്കുമെന്ന് പലതവണ പ്രഖ്യാപിച്ചിട്ടും അന്നത്തെ ബജറ്റില്‍ തുക അനുവദിക്കുകയും വിദേശത്തും സ്വദേശത്തുമുള്ള ആരോഗ്യ വിദഗ്ധരെ ഉള്‍പ്പെടുത്ത സമിതി ഉണ്ടാക്കിയിട്ടും പരിശോധന സംവിധാനം ഒരുക്കാന്‍ സര്‍ക്കാരിന് ഇതുവരെയുമായില്ല. കോഴിക്കോട്ടെ പുതിയ നിപാ കേസ് കണ്ടെത്തിയത് പൂനെയില്‍ നടത്തിയ സ്രവ പരിശോധനയിലാണ്.
കോഴിക്കോട് മൈക്രോബയോളജി ലാബില്‍ നിപാ ലാബ് സജ്ജമാക്കുന്നത് കൊവിഡ് കാരണം വൈകിയെന്നാണ് വിശദീകരണം. കരാറെടുത്ത ഡല്‍ഹി കേന്ദ്രീകരിച്ചുള്ള വിദഗ്ധര്‍ പണി തുടങ്ങിയതേയുള്ളു. കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും ഇനിയുമെടുക്കും. നിപാ നിയന്ത്രണ വിധേയമായതോടെ ലാബ് സജ്ജമാക്കുന്നതില്‍ മുന്‍പുണ്ടായിരുന്ന താല്‍പര്യം ആരോഗ്യവകുപ്പിന് കുറഞ്ഞതായിരുന്നു പ്രധാന കാരണം.
പി.സി.ആര്‍, ട്രൂനാറ്റ് പരിശോധനകള്‍ക്ക് ഇവിടെ സംവിധാനമുണ്ടെങ്കിലും വൈറസ് കള്‍ച്ചര്‍ ചെയ്യാന്‍ സംവിധാനമില്ല. തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കില്‍ ആദ്യഘട്ട ഉദ്ഘാടനം കഴിഞ്ഞതേയുള്ളു. ബി.എസ്.എല്‍ - 3 ലാബില്ല. ആലപ്പുഴ എന്‍.ഐ.വി ലാബിനെ മാത്രമായി നിപാ പരിശോധനാ ഫലങ്ങള്‍ക്ക് ആശ്രയിക്കാനുമാകില്ല. പൂനെ എന്‍.ഐ.വിയില്‍ അയച്ച് സ്ഥിരീകരിച്ച ശേഷമാണ് സംസ്ഥാനം കേസുകള്‍ സ്ഥിരീകരിക്കുന്നത്. അതേസമയം നിലവിലെ അടിയന്തര സാഹചര്യത്തില്‍ നിപാ സ്രവ പരിശോധന പി.സി.ആര്‍, ട്രൂനാറ്റ് എന്നിവ കോഴിക്കോട്ടെ മൈക്രോബയോളജി ലാബില്‍ ചെയ്യാനാകുമെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ ഇതിന് കേന്ദ്ര അനുമതി വേണം. അപകടകാരിയായ വൈറസെന്നതിനാല്‍ അനുമതികള്‍ക്ക് കര്‍ശന മാനദണ്ഡമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."