അല്‍ഷിമേഴ്‌സിനെ ചെറുക്കുന്ന ജൈവ തന്മാത്രകളെ കണ്ടെത്തി ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി
എന്‍.സി. ഷെരീഫ്
കിഴിശ്ശേരി(മലപ്പുറം): അല്‍ഷിമേഴ്‌സിനെ ചെറുക്കുന്ന ജൈവ തന്മാത്രകളെ കണ്ടെത്തി ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി.
കൊണ്ടോട്ടി ഇ.എം.ഇ.എ കോളജ് പി.ജി അവസാന വര്‍ഷ വിദ്യാര്‍ഥിയായ സാദിഖ് മുള്ളന്റെതാണ് നിര്‍ണായക കണ്ടുപിടിത്തം. പെനിസിലിയം വിഭാഗത്തില്‍പെട്ട ചില ഫംഗസുകളില്‍ അവയുടെ ഉപാപചയ പ്രവര്‍ത്തനഫലമായി ഉത്പാദിപ്പിക്കപ്പെടുന്ന ചില തന്മാത്രകളെയാണ് കണ്ടെത്തിയത്.
ചില സസ്യങ്ങളില്‍ കാണുന്ന പരാദങ്ങളായ ഫംഗസുകളാണിത്. ഇതില്‍ നിന്ന് അല്‍ഷിമേഴ്‌സിനെ ചെറുക്കുന്ന ജൈവ തന്മാത്രകളെ ഉത്പാദിപ്പിക്കാമെന്നാണ് പഠനം. ഇതിന് അസെറ്റൈല്‍കോളിന്‍എസ്സ്റ്ററേസ് എന്ന രാസാഗ്നിയെ തടയാന്‍ കഴിയും. അതുവഴി അല്‍ഷിമേഴ്‌സിനെ ചെറുക്കാനാകും. പുതിയ ഫംഗസിന്റെ ജനിതക ഘടന അമേരിക്കയിലെ നാഷനല്‍ ബയോടെകേ്‌നാളജി ഇന്‍ഫര്‍മേഷന്റെ ജീന്‍ബാങ്കില്‍ സൂക്ഷിച്ചിട്ടുണ്ട്.
കോളജിലെ പൂര്‍വവിദ്യാര്‍ഥി അനൂപ്, കൊല്ലം സി.പി.സി.ഐയിലെ മൈക്രോബയോളജി വിഭാഗം മേധാവി മായാറാണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം. ഇ.എം.ഇ.എ കോളജ് മൈക്രോബയോളജി പി.ജി അധ്യാപകരായ അഷിത സനൂജ്, യൂനുസ് പരിയാരത്ത്, റമീസ് എന്നിവരും ഗവേഷണത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു. പഠനം ജേണല്‍ ഓഫ് ബേസിക് മൈക്രോബയോളജി എന്ന അന്താരാഷ്ട്ര ജേര്‍ണലില്‍ പ്രസിദ്ധീകരണത്തിനായി സമര്‍പ്പിച്ചു. അല്‍ഷിമേഴ്‌സ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനിടെയാണ് പുതിയ തന്മാത്രകളെ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."