പ്രതികളെല്ലാം സി.പി.എം പ്രവര്‍ത്തകര്‍; തലശ്ശേരി ഇരട്ടക്കൊലപാതകത്തില്‍ കൂടുതല്‍ ആരോപണങ്ങളുമായി കോണ്‍ഗ്രസ്
കണ്ണൂര്‍: തലശ്ശേരിയിലെ ഇരട്ടക്കൊലപാതകത്തില്‍ കൂടുതല്‍ ആരോപണങ്ങളുമായി കോണ്‍ഗ്രസ്. പ്രതികളെല്ലാം സി.പി.എം പ്രവര്‍ത്തകരാണെന്ന് ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്ജ് ആരോപിച്ചു. പ്രധാന പ്രതി പാറായി ബാബു ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയാണ്. ജില്ലയില്‍ ലഹരി മാഫിയ വളരുന്നത് സി.പി.എം തണലിലാണെന്നും മാര്‍ട്ടിന്‍ ജോര്‍ജ്ജ് ആരോപിച്ചു.
കേസില്‍ കഴിഞ്ഞ ദിവസം മൂന്നുപേര്‍ പൊലിസ് കസ്റ്റഡിയിലായിരുന്നു. തലശ്ശേരി നെട്ടൂര്‍ സ്വദേശികളായ ജാക്‌സണ്‍, ഫര്‍ഹാന്‍, നവീന്‍ എന്നിവരാണ് പൊലിസ് കസ്റ്റഡിയിലുള്ളത്. മറ്റൊരു പ്രതി പാറായി ബാബുവിനായി തെരച്ചില്‍ തുടരുകയാണ്. ബാബുവും ജാക്‌സണുമാണ് കുത്തിയതെന്ന് ഖാലിദിന്റെ മരണ മൊഴിയില്‍ പറഞ്ഞിരുന്നു.
കൊടുവള്ളി ദേശീയപാതക്കരികില്‍ ബുധനാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം. സി.പി.എം പ്രവര്‍ത്തകരായ നെട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണ ഹൗസില്‍ കെ. ഖാലിദ് (52), സഹോദരീ ഭര്‍ത്താവ് പൂവനാഴി ഷമീര്‍ (40) എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ സുഹൃത്ത് നെട്ടൂര്‍ സാറാസില്‍ ഷാനിബ് (29) തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.
ലഹരി വില്‍പന ചോദ്യം ചെയ്തതിന്, കൊല്ലപ്പെട്ട ഷമീറിന്റെ മകന്‍ ഷബീലിനെ (20) ബുധനാഴ്ച ഉച്ചക്ക് ഇല്ലിക്കുന്ന് ചിറക്കക്കാവിനടുത്ത് ഒരു സംഘം മര്‍ദിച്ചിരുന്നു. ഷബീലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം അറിഞ്ഞ് ലഹരി വില്‍പന സംഘാംഗങ്ങള്‍ എത്തുകയും അനുരഞ്ജനത്തിനെന്ന വ്യാജേനെ വിളിച്ചിറക്കി ഇരുവരെയും ആക്രമിക്കുകയുമായിരുന്നു. ലഹരി വില്‍പന ചോദ്യം ചെയ്തതും വാഹന വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കവുമാണ് സംഘര്‍ഷത്തിന് പിന്നിലെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."