'ചരിത്രം മാറ്റിയെഴുതൂ, കേന്ദ്ര സര്‍ക്കാര്‍ കൂടെയുണ്ട്' ചരിത്രകാരന്‍മാരോട് അമിത് ഷാ
ന്യൂഡല്‍ഹി: ചരിത്രം മാറ്റിയെഴുതാന്‍ ചരിത്രകാരന്‍മാരോട് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതിന് കേന്ദ്രസര്‍ക്കാര്‍ ഒപ്പം നില്‍ക്കുമെന്നാണ് ആഭ്യന്തരമന്ത്രിയുടെ ഉറപ്പ്. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ചരിത്രം മാറ്റിയെഴുതാനാണ് അമിത് ഷാ ചരിത്രകാരന്‍മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
'ഞാനൊരു ചരിത്ര വിദ്യാര്‍ഥിയാണ്. ഇന്ത്യന്‍ ചരിത്രം പലപ്പോഴും അത് ശരിയായ രീതിയിലല്ല അവതരിപ്പിച്ചിരിക്കുന്നതെന്നും അത് വളച്ചൊടിക്കപ്പെട്ടിട്ടുണ്ടെന്നും നിരവധി തവണ കേട്ടിട്ടുണ്ട്. അത് ശരിയായിരിക്കാം. അത് നമുക്കിപ്പോള്‍ ശരിയാക്കണം'- അസം സര്‍ക്കാറിന്റെ ഡല്‍ഹിയില്‍ വെച്ചു നടന്ന ചടങ്ങില്‍ അമിത് ഷാ പറഞ്ഞു.
ചരിത്രം ശരിയായ രീതിയില്‍ അവതരിപ്പിക്കുന്നതില്‍ നിന്നും നമ്മളെ തടയുന്നതാരാണെന്ന് ഞാന്‍ ചോദിക്കുകയാണ്. ഈ പരിപാടിക്കെത്തിയ വിദ്യാര്‍ഥികളോടും അധ്യാപകരോടും ഇതിനായി പ്രവര്‍ത്തിക്കാന്‍ താന്‍ ആഹ്വാനം ചെയ്യുകയാണ്. രാജ്യം ഭരിച്ച 30ഓളം രാജവംശങ്ങളെ കുറിച്ച് നിങ്ങള്‍ പഠിക്കണം.- അമിത് ഷാ പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിനായി പ്രവര്‍ത്തിച്ച 300 പ്രധാനപ്പെട്ട വ്യക്തികളെ കുറിച്ചും പഠനം നടത്തണമെന്നും അമിതാ ഷാ ആവശ്യപ്പെട്ടു.
യഥാര്‍ഥ ചരിത്രം എഴുതപ്പെട്ടാല്‍ പിന്നീട് തെറ്റായ പ്രചാരണങ്ങള്‍ക്ക് സ്ഥാനമുണ്ടാവില്ല. ഇന്ത്യയുടെ യഥാര്‍ഥ ചരിത്രമെഴുതാന്‍ എല്ലാവരും മുന്നോട്ട് വരണം- അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."