ഒ.ഡി.എഫ് പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കണം: മന്ത്രി
കാസര്‍കോട്: തുറസ്സായ സ്ഥലത്തെ മലമൂത്ര വിസര്‍ജ്ജന രഹിത സംസ്ഥാനമാക്കി മാറ്റാന്‍ നടപ്പാക്കുന്ന ഒ.ഡി.എഫ് പദ്ധതി സമയബന്ധിതമായി ജില്ലയില്‍ പൂര്‍ത്തിയാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയണമെന്ന് റവന്യൂവകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍.
മന്ത്രിയുടെ അധ്യക്ഷതയില്‍ കലക്റ്ററേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഒ.ഡി.എഫ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്താണ് ജില്ലയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയ ആദ്യ പഞ്ചായത്തെന്ന നേട്ടം കൈവരിച്ചത്.
ഒക്‌റ്റോബര്‍ 30നകം അതാത് പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ പ്രദേശത്തെ കക്കൂസില്ലാത്ത വീടുകളില്‍ കക്കൂസ് നിര്‍മിച്ച് നല്‍കണം. ഈ തുക സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തിരിച്ചുനല്‍കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇതൊരു തീവ്രയത്‌ന പരിപാടിയായി ഏറ്റെടുത്താല്‍ മാത്രമേ പദ്ധതി നടപ്പാക്കാന്‍ കഴിയൂ എന്നും പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ രാജ്യത്തിന് തന്നെ കേരളം മാതൃകയാകുമെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫ: കെ.പി ജയരാജന്‍, എ.ഡി.എം കെ. അംബുജാക്ഷന്‍, കെ. കുഞ്ഞമ്പു നായര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."