കേന്ദ്രത്തിന് സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം 'ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്'
ട്രൈബ്യൂണലുകളിലെ ഒഴിവുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ നികത്തണമെന്ന് കര്‍ശന നിര്‍ദേശം
ന്യൂഡല്‍ഹി: രാജ്യത്തെ ട്രൈബ്യൂണലുകളിലെ ചെയര്‍മാന്റെയും അംഗങ്ങളുടെയും ഒഴിവുകള്‍ നികത്താത്തതിന് കേന്ദ്രസര്‍ക്കാറിന് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം. 'നിങ്ങള്‍ (സര്‍ക്കാര്‍) കോടതിയുടെ ക്ഷമ പരീക്ഷിക്കരുത്. കോടതിയുത്തരവുകളോട് നിങ്ങള്‍ക്ക് യാതൊരു ബഹുമാനവുമില്ലെന്നാണ് മനസിലാകുന്നത്'- ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ ഒഴിവുകള്‍ നികത്തി ഉത്തരവ് പുറപ്പെടുവിക്കാനും നിര്‍ദേശിച്ചു. ട്രൈബ്യൂണല്‍ പരിഷ്‌കരണ നിയമം ചോദ്യം ചെയ്തുള്ള ഹരജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എല്‍. നാഗേശ്വരറാവു എന്നിവര്‍ കൂടിയടങ്ങിയ ബെഞ്ച്. ട്രൈബ്യൂണലുകളിലെ ഒഴിവുകള്‍ നികത്താനുള്ള ഉത്തരവ് സര്‍ക്കാര്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ പുറപ്പെടുവിക്കുമെന്ന് കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ബന്ധപ്പെട്ട കമ്മിറ്റി ഇതിനായി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും മേത്ത പറഞ്ഞു. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോഴും ഒഴിവുകള്‍ ഉടന്‍ നികത്താമെന്ന് ഉറപ്പുതന്നതായിരുന്നില്ലേയെന്നും എത്രപേരെ നിയമിച്ചെന്നും ചീഫ് ജസ്റ്റിസ് തിരിച്ചു ചോദിച്ചു. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണലില്‍ ചില നിയമനങ്ങള്‍ മാത്രമാണ് നടന്നതെന്നായിരുന്നു തുഷാര്‍ മേത്തയുടെ മറുപടി. ഇതോടെയാണ് കോടതി കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷമായി പ്രതികരിച്ചത്. കേസ് തിങ്കളാഴ്ചത്തേക്ക് നീട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."